മുഖപ്രസംഗം: ഇന്ത്യയുടെ കരുത്ത് തിരിച്ചറിഞ്ഞ് അമേരിക്ക
Wednesday, January 28, 2015 1:05 AM IST
ചരിത്രപ്രധാനമായ ഇന്ത്യാ സന്ദര്‍ശനത്തിനുശേഷം അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ മടങ്ങുമ്പോള്‍ ഒരു കാര്യം വ്യക്തം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യവും ഏറ്റവും പ്രബലമായ ജനാധിപത്യരാജ്യവും തമ്മിലുള്ള ബന്ധത്തില്‍ ഏറെ മുന്നേറ്റം സൃഷ്ടിക്കാന്‍ ഈ സന്ദര്‍ശനത്തിനു കഴിഞ്ഞിരിക്കുന്നു. ഹൈദരാബാദ് ഹൌസിലെ വിശാലമായ പുല്‍ത്തകിടിയില്‍ സവാരി ചര്‍ച്ചയ്ക്കിടെ ഒബാമയ്ക്കു ചായ പകര്‍ന്നുകൊടുത്തു മോദിയും പങ്കെടുത്ത ചടങ്ങുകളിലോരോന്നിലും തികഞ്ഞ അനൌപചാരികത പുലര്‍ത്തി ഒബാമയും ഈ സന്ദര്‍ശനത്തെ കൂടുതല്‍ ഊഷ്മളമാക്കി.

ഉഭയകക്ഷിബന്ധത്തില്‍ പുതിയൊരധ്യായം കുറിച്ചുകൊണ്ടാണ് ഈ സന്ദര്‍ശനം പര്യവസാനിക്കുന്നത്. നാലുമാസം മുമ്പു നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിച്ച വേളയില്‍ ലഭിച്ച ഊഷ്മള സ്വീകരണവും പ്രകടമായ ആവേശവും ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനവേളയിലും പ്രതിധ്വനിച്ചു. ഒരിക്കല്‍ അമേരിക്ക വീസ നിഷേധിച്ച ഇന്ത്യന്‍ നേതാവിനാണ് അവിടെ ഇത്തരമൊരു വരവേല്പ് ലഭിച്ചതെന്നോര്‍ക്കണം. ഇന്ത്യയുടെ കരുത്തും ലോകസമൂഹത്തിലുള്ള സ്ഥാനവും അമേരിക്കയും ഇതര ലോകരാജ്യങ്ങളും തിരിച്ചറിയുന്നു എന്നതു ചെറിയൊരു കാര്യമല്ല. ഈ തിരിച്ചറിവ് പെട്ടെന്ന് ഉണ്ടായതുമല്ല.

കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി രാജ്യം നേടിയ വികസനത്തിന്റെയും സാമ്പത്തിക വളര്‍ച്ചയുടെയും പ്രതിഫലനമാണ് ഇപ്പോള്‍ ലഭിക്കുന്ന ഈ അംഗീകാരത്തിന്റെ അടിസ്ഥാനം എന്ന കാര്യം ആര്‍ക്കും വിസ്മരിക്കാനാവില്ല. സാമ്പത്തിക പ്രതിസന്ധിയുടെ മൂര്‍ധന്യത്തില്‍ റിസര്‍വ് ബാങ്കിന്റെ കരുതല്‍ സ്വര്‍ണം വിദേശത്തു പണയം വയ്ക്കേണ്ടിവന്ന രാജ്യത്തിന്റെ ഈ ഉയിര്‍ത്തെഴുന്നേല്പ് തൊണ്ണൂറുകളില്‍ തുടക്കം കുറിച്ച ഉദാരവത്കരണത്തിന്റെയും ശാസ്ത്ര സാങ്കേതിക രംഗത്തുണ്ടായ വലിയ കുതിപ്പിന്റെയും അനന്തരഫലംകൂടിയാണ്. ഈ കുതിപ്പിലും പല കിതപ്പുകളും നമുക്കു നേരിടേണ്ടിവന്നു. ഭരണാധികാരികളും ഉദ്യോഗസ്ഥവൃന്ദവുമൊക്കെ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ആഴക്കടലില്‍ മുങ്ങി. ജാഗ്രതയില്ലായ്മയുടെയും അനവധാനതയുടെയും ഫലമായി നേട്ടങ്ങള്‍ പലതും കൊയ്തെടുക്കാനാവാതെപോയി. എന്നിട്ടും ഇന്ത്യ പിടിച്ചുനിന്നു. 2008-ല്‍ അമേരിക്കയുള്‍പ്പെടെ ലോകമെമ്പാടും ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയിലും ഇന്ത്യ അധികം കുലുങ്ങാതെ നിന്നതു നമ്മുടെ സാമ്പത്തിക നയങ്ങളുടെയും നടപടികളുടെയും ഫലമായിട്ടായിരുന്നുവെന്നതു യാഥാര്‍ഥ്യം.

ഇന്നിപ്പോള്‍ ലോകത്തിന് ഇന്ത്യയെ വേണം. അമേരിക്കയും ചൈനയും ഉള്‍പ്പെടെ ലോകത്തിലെ പ്രമുഖ സാമ്പത്തിക ശക്തികള്‍ ഇന്ത്യയുടെ നയങ്ങളെയും നിലപാടുകളെയും സസൂക്ഷ്മം വീക്ഷിക്കുന്നു. പ്രസിഡന്റ് ബറാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനം രണ്ടുദിനം പിന്നിട്ടപ്പോള്‍ത്തന്നെ ചൈനീസ് പ്രസിഡന്റിന്റെ പ്രതികരണമുണ്ടായി. റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ചു രാഷ്ട്രപതിക്കയച്ച സന്ദേശമാണതെങ്കില്‍പ്പോലും അമേരിക്കയുമായി അടുക്കുന്നതിനെതിരേയുള്ള മുന്നറിയിപ്പായിരുന്നു അതിലെ പ്രധാന ഉള്ളടക്കം. ഇന്ത്യയും അമേരിക്കയും സംയുക്തമായി പുറപ്പെടുവിച്ച നയതന്ത്ര ദര്‍ശനരേഖയിലെ പരാമര്‍ശങ്ങള്‍ ചൈനയെ ശരിക്കും വിറളി പിടിപ്പിച്ചിരിക്കുന്നു.


ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആണവക്കരാറിനുണ്ടായിരുന്ന പ്രധാന തടസങ്ങള്‍ നീങ്ങിക്കിട്ടിയെന്നതാണ് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ പ്രത്യക്ഷത്തിലുള്ള പ്രധാന നേട്ടം. സഖ്യത്തിലുപരി സഹകരണത്തിലും പങ്കാളിത്തത്തിലുമൂന്നിയുള്ള വികസനം എന്നതാണ് ഇരു രാജ്യങ്ങളും ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ള പൊതുനയം. ഇനിയും പൊരുത്തപ്പെടാത്ത പല കാര്യങ്ങളും ഇരു രാജ്യങ്ങളും തമ്മിലുണ്െടന്ന യാഥാര്‍ഥ്യവും വിസ്മരിക്കാനാവില്ല. കാലാവസ്ഥാ വ്യതിയാനം, ബൌദ്ധിക സ്വത്തവകാശ നിയമം, നിക്ഷേപ സംരക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ ഇനിയും സമവായത്തിലെത്തേണ്ടിയിരിക്കുന്നു. ലോക വ്യാപാര കരാര്‍ സംബന്ധിച്ച് അമേരിക്ക ചില ഇളവുകള്‍ക്കു തയാറായിട്ടുണ്െടങ്കിലും അന്തിമ തീരുമാനം ഇനിയുമായിട്ടില്ല.

ഇന്ത്യയുടെ സാമ്പത്തിക യാഥാര്‍ഥ്യങ്ങളും സാമൂഹിക സാഹചര്യവും യഥാവിധി വിലയിരുത്തിയാണ് ഒബാമ തന്റെ പ്രസംഗങ്ങളിലും പ്രതികരണങ്ങളിലും ശ്രദ്ധ പിടിച്ചുപറ്റിയത്. മതേതരത്വവും ജനാധിപത്യവുമാണ് ഇന്ത്യയുടെ ശക്തിയെന്ന് അഭിപ്രായപ്പെട്ട ഒബാമ എല്ലാ മതങ്ങള്‍ക്കും തുല്യപ്രാധാന്യം നല്‍കുന്നതിനെയും പരാമര്‍ശിച്ചു. മതവിശ്വാസം മൌലികമാണെന്നു ചൂണ്ടിക്കാട്ടാനും മറന്നില്ല. സ്ത്രീകളെ ബഹുമാനിക്കുന്ന രാജ്യത്തിനു മാത്രമേ പുരോഗതിയിലേക്കു കുതിക്കാനാവൂ എന്നു ചൂണ്ടിക്കാട്ടുന്ന ഒബാമ രാജ്യത്തെ സ്ത്രീശാക്തീകരണ പദ്ധതികളും യുവശക്തിയുടെ കരുത്തു തെളിയിക്കുന്ന സാങ്കേതിക വളര്‍ച്ചയും വിലയിരുത്തിയിട്ടുണ്ടാവണം. മംഗള്‍യാന്‍ പോലുള്ള ബഹിരാകാശ പദ്ധതികളിലൂടെ ഇന്ത്യ ശാസ്ത്രതലത്തില്‍ നേടിയ മുന്നേറ്റം ഏതു വന്‍ശക്തിക്കാണു വിസ്മരിക്കാനാവുക.

അമേരിക്കന്‍ പ്രസിഡന്റായി രണ്ടാം ടേമിന്റെ അവസാന ലാപ്പില്‍ ഓടുന്ന ഒബാമ ഇരു രാജ്യങ്ങളും തമ്മില്‍ കൂടുതല്‍ ദൃഢമായ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ചരിത്രപരമായ പ്രാധാന്യം പലവട്ടം ചൂണ്ടിക്കാട്ടി. ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് അമേരിക്കയുടെ പിന്തുണ ഉണ്ടാകുമെന്ന പ്രഖ്യാപനവും ഏറെ പ്രധാനപ്പെട്ടതാണ്. ഇത്തരം പ്രഖ്യാപനങ്ങള്‍ക്കു കാലവിളംബം കൂടാതെ സാക്ഷാത്കാരം നേടിയെടുക്കാന്‍ ഇന്ത്യയുടെ ഭാഗത്തും ശുഷ്കാന്തി ഉണ്ടാകണം.

രാജ്യം നേടിയ വളര്‍ച്ചയുടെ അടിത്തറ ശക്തമാക്കാനും രാഷ്ട്രീയ മാത്സര്യങ്ങള്‍ക്കുപരി, രാജ്യപുരോഗതിയുടെ നാഴികക്കല്ലുകള്‍ പിന്നിടാനുളള ഉത്സാഹവുമാകണം ഇനി നമ്മെ നയിക്കേണ്ടത്. ഒരു ലോക രാഷ്ട്രത്തിനും അവഗണിക്കാനാവാത്ത ശക്തിയായി നാം വളര്‍ന്നിരിക്കുന്നുവെന്നത് അഭിമാനകരംതന്നെ, അതിലേറെ പ്രധാനമാണ് ഈ അഭിമാനബോധം നമ്മിലുളവാക്കേണ്ട ഉത്തര വാദിത്വബോധം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.