ജോസ് കെ. മാണിക്കെതിരായ തെരഞ്ഞെടുപ്പു ഹര്‍ജി തള്ളി
ജോസ് കെ. മാണിക്കെതിരായ തെരഞ്ഞെടുപ്പു ഹര്‍ജി തള്ളി
Wednesday, January 28, 2015 1:21 AM IST
കൊച്ചി: കോട്ടയം ലോക്സഭാ മണ്ഡലത്തില്‍നിന്നു വിജയിച്ച യുഡിഎഫ് സ്ഥാനര്‍ഥി ജോസ് കെ. മാണിയുടെ തെരഞ്ഞെടുപ്പു ചോദ്യം ചെയ്ത്, എതിര്‍സ്ഥാനാര്‍ഥികളിലൊരാളായ അഡ്വ. നോബിള്‍ മാത്യു നല്‍കിയ തെരഞ്ഞെടുപ്പു ഹര്‍ജി ഹൈക്കോടതി തള്ളി. അവ്യക്തത നിറഞ്ഞ പരാമര്‍ശങ്ങളും തെറ്റായ വാദഗതികളുമാണു ഹര്‍ജിയിലുള്ളതെന്നു ചൂണ്ടിക്കാട്ടിയാണു ജസ്റീസ് ബി. കെമാല്‍പാഷ ഹര്‍ജി തള്ളിയത്.

അതിവേഗ റെയില്‍ ഇടനാഴി പദ്ധതിക്കെതിരേ കടുത്തുരുത്തി മേഖലയില്‍ ജനങ്ങളുടെ പ്രതിഷേധം ശക്തമായിരുന്നുവെന്നും ജോസ് കെ. മാണിക്കുവേണ്ടി തെരഞ്ഞെടുപ്പു പ്രചാരണം നടത്തുന്നതിനിടെ അതിവേഗ റെയില്‍ ഇടനാഴി പദ്ധതി നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വോട്ടര്‍മാര്‍ക്ക് ഉറപ്പു നല്‍കിയെന്നുമാണു കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ എന്‍ഡിഎ സ്വതന്ത്രനായി മത്സരിച്ച അഡ്വ. നോബിള്‍ മാത്യുവിന്റെ പ്രധാന ആരോപണം.

നീണ്ടൂരിലും കടുത്തുരുത്തിയിലും നടന്ന തെരഞ്ഞടുപ്പ് യോഗത്തില്‍ മുഖ്യമന്ത്രി ഇക്കാര്യം സംബന്ധിച്ച് ഉറപ്പുനല്‍കിയിരുന്നുവെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.


തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്നു പറഞ്ഞിരുന്ന അതിവേഗ റെയില്‍പദ്ധതി വിരുദ്ധ സമരസമിതിയംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ സ്വാധീനിക്കാന്‍ വേണ്ടിയാണ് ഈ വാഗ്ദാനം നല്‍കിയതെന്നും ഇതു തെരഞ്ഞെടുപ്പു ചട്ടത്തിന്റെ ലംഘനമാണെന്നുമായിരുന്നു ഹര്‍ജിയിലെ ആരോപണം. മാത്രമല്ല, മുഖ്യമന്ത്രിയുടെ പ്രസംഗം ജോസ് കെ. മാണിയുടെ നാലു തെരഞ്ഞെടുപ്പ് ഏജന്റുമാരുടെയും അറിവോടെയായിരുന്നുവെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

എന്നാല്‍, ഈ വാദം നിലനില്‍ക്കുന്നതല്ലെന്നും തെരഞ്ഞെടുപ്പില്‍ അപാകതയില്ലെന്നും ജോസ് കെ. മാണിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. നിയമവിരുദ്ധവും നിലനില്‍ക്കാത്തതുമാണു ഹര്‍ജിക്കാരന്റെ ആരോപണങ്ങളെന്നും ഹര്‍ജിയില്‍ വാദം ഉയര്‍ന്നു. ഇതു ശരിവച്ച കോടതി, വ്യക്തതയില്ലാത്തതും കൃത്യമായ വിവരങ്ങള്‍ ഉള്‍പ്പെടാത്തതുമാണെന്ന നിരീക്ഷണത്തോടെ ഹര്‍ജി തള്ളുകയാ യിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.