മുഖപ്രസംഗം: ദേശീയ ഗെയിംസ് കേരളം അവിസ്മരണീയമാക്കണം
Thursday, January 29, 2015 11:10 PM IST
കായികരംഗത്തു കേരളം ഏറ്റെടുത്ത വലിയൊരു വെല്ലുവിളിയാണു ദേശീയ ഗെയിംസിന്റെ ആതിഥേയത്വം. ആലോചന തുടങ്ങിയതുമുതല്‍ പരാതികളുടെയും വിവാദങ്ങളുടെയും ആരോപണങ്ങളുടെയും മലവെള്ളപ്പാച്ചിലുണ്ടായി. മാധ്യമങ്ങളും ആ ഒഴുക്കില്‍ നീന്തിത്തുടിച്ചു. ദേശീയ ഗെയിംസ് മാറ്റിവയ്ക്കണമെന്ന് ഉത്തരവാദപ്പെട്ട ചിലര്‍ പറയുന്നിടംവരെയെത്തി കാര്യങ്ങള്‍. ഒരുക്കങ്ങളിലെ അപര്യാപ്തതകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വിവാദങ്ങളേറെയും. ഇതില്‍ കുറെ കാര്യമുണ്െടന്നതു വിസ്മരിക്കുന്നില്ല. പക്ഷേ, സംസ്ഥാനത്തിന്റെ കായികവികസനത്തിനുകൂടി ഉതകുന്ന ഇത്തരമൊരു വലിയ കായികമേളയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുക എന്നതു നിസാരമായ കാര്യമല്ല. ഏറെ പണച്ചെലവും സംഘാടനമികവും ആവശ്യമുള്ള ഒന്നാണിത്. കുറ്റങ്ങളും കുറവുകളും മാത്രം പറഞ്ഞുകൊണ്ടിരുന്നാല്‍ നമുക്ക് ഒരു കാര്യവും നടത്താനാവില്ല. കുറവുകള്‍ പരിഹരിച്ചും തെറ്റുകള്‍ തിരുത്തിയും മുന്നോട്ടു പോവുകയാണു വേണ്ടത്.

എന്തു പ്രശ്നമുണ്ടായാലും ഗെയിംസുമായി മുന്നോട്ടുപോകുമെന്നു സര്‍ക്കാര്‍ നിലപാടെടുത്തു. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്നു കായികമന്ത്രി ആത്മവിശ്വാസത്തോടെ കഴിഞ്ഞദിവസം പറയുകയും ചെയ്തു. ആ ആത്മവിശ്വാസം ജനങ്ങളിലേക്കുകൂടി പകരേണ്ടിയിരിക്കുന്നു. അതിനുള്ള ശ്രമമാണു മാധ്യമങ്ങളും കായികരംഗവുമായി ബന്ധപ്പെട്ട എല്ലാവരും അടുത്ത ദിവസങ്ങളില്‍ ഏറ്റെടുക്കേണ്ടത്. ദേശീയ ഗെയിംസിനായി സ്റേഡിയങ്ങളും മറ്റും ഒരുക്കുന്നതില്‍ കാലവിളംബം ഉണ്ടായിട്ടുണ്ട്. കൊല്ലത്തെ ഹോക്കി സ്റേഡിയവും കൊച്ചിയിലെ നവീകരിച്ച രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റേഡിയവും ഇന്ന് ഉദ്ഘാടനം ചെയ്യുന്നതോടെ സ്റേഡിയങ്ങളെല്ലാം ഏറക്കുറെ മത്സരങ്ങള്‍ക്കു സജ്ജമാകും. ടര്‍ഫ് എലി കരണ്ടതിന്റെപേരില്‍ കൊല്ലത്തെ ഹോക്കി സ്റേഡിയത്തിന്റെ പണി വിവാദത്തിലായിരുന്നു. പന്ത്രണ്ടാം മണിക്കൂറില്‍ തിരക്കു പിടിച്ചു കാര്യങ്ങള്‍ ചെയ്യുന്ന ഒരു ശീലം മലയാളികള്‍ക്കു പൊതുവേ ഉള്ളതാണ്. അതു ദേശീയ ഗെയിംസിലും ആവര്‍ത്തിച്ചതിനു സര്‍ക്കാരിനെയോ സംഘാടകരെയോ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല.

ദേശീയ ഗെയിംസ് കേരളത്തില്‍ നടത്താനുള്ള സമ്മതപത്രം 2007-ല്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനു സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നു. പിന്നീടു പല തവണ ഗെയിംസ് നടത്തിപ്പില്‍നിന്നു കേരളം ഒഴിഞ്ഞുമാറി. ഒരുക്കങ്ങളുടെ അപര്യാപ്തത തന്നെയായിരുന്ന കാരണം. 1987നു ശേഷം ഇതാദ്യമായാണു കേരളം ദേശീയ ഗെയിംസിന് ആതിഥ്യം വഹിക്കുന്നത്. കാല്‍നൂറ്റാണ്ടുമുമ്പു ഈ ഉത്തരവാദിത്വം ഏറ്റെടുത്തപ്പോഴും കേരളത്തിന് ഇത്തരമൊരു മത്സരം നടത്താനുള്ള ശേഷിയെക്കുറിച്ചു പലരും സംശയം പ്രകടിപ്പിച്ചിരുന്നു. ഇന്നുള്ളതിന്റെ പകുതി സൌകര്യങ്ങള്‍പോലും അന്ന് ഇവിടെ ഇല്ലായിരുന്നുതാനും. എന്നാല്‍, എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് സാമാന്യം ഭേദപ്പെട്ട രീതിയില്‍ത്തന്നെ അന്നു ദേശീയ ഗെയിംസ് അരങ്ങേറി.

പരാതികളും പരിഭവങ്ങളും ഉയര്‍ത്തിയും പോരായ്മകള്‍ പ്രചരിപ്പിച്ചും ഇനിയെങ്കിലും നമുക്കു ദേശീയ ഗെയിംസിന്റെ ശോഭ കെടുത്താതിരിക്കാം. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍നിന്നുവരുന്ന കായികതാരങ്ങളെയും ഒഫീഷലുകളെയും തികഞ്ഞ ആതിഥ്യമര്യാദയോടെ സ്വീകരിച്ചും അവര്‍ക്കു വേണ്ട സുരക്ഷയും സൌകര്യങ്ങളും ഒരുക്കിയും മുപ്പത്തഞ്ചാം ദേശീയ ഗെയിംസ് വിജയകരമാക്കാന്‍ ഒറ്റക്കെട്ടായി നമുക്കു പരിശ്രമിക്കാം. ദേശീയതലത്തില്‍ പ്രധാനപ്പെട്ട ഒരു കായിക മാമാങ്കത്തിന് സംസ്ഥാനം ആതിഥ്യമരുളുമ്പോള്‍ അതു നമ്മുടെ കായിക രംഗത്തിനുകൂടി ഏറെ പ്രയോജനകരമാകുമെന്ന കാര്യം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. 1987ലെ ഗെയിംസിനോടനുബന്ധിച്ചു നമുക്കുകിട്ടിയ ചില കളിക്കളങ്ങള്‍ പിന്നീട് എത്രയോ കുട്ടികളുടെ പരിശീലനത്തിനു വേദിയായി. ഇത്തവണയും ദേശീയ ഗെയിംസിനോടനുബന്ധിച്ച് ഒരുക്കുന്ന അടിസ്ഥാന സൌകര്യങ്ങള്‍ ദീര്‍ഘകാല ലക്ഷ്യത്തോടെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്താല്‍ അതു സംസ്ഥാനത്തിന്റെ കായികരംഗത്തിനു വലിയ മുതല്‍ക്കൂട്ടാകും.


കേരളീയര്‍ക്കു കേട്ടുകേള്‍വി മാത്രമായിരുന്ന സിന്തറ്റിക് ട്രാക്ക് യാഥാര്‍ഥ്യമായത് 1987ലെ ഗെയിംസിനോടനുബന്ധിച്ചായിരുന്നു. തറക്കല്ലിട്ട് ഒന്നരപതിറ്റാണ്ടു കഴിഞ്ഞു തിരുവനന്തപുരം ഇന്‍ഡോര്‍ സ്റേഡിയത്തിനു ശാപമോക്ഷം ലഭിക്കാനും അന്നത്തെ ഗെയിംസ് നിമിത്തമായി. അന്നു പല ജില്ലകളിലായി മത്സരവേദികളായിരുന്ന സ്റേഡിയങ്ങളുടെ നിര്‍മാണത്തിനോ പുനര്‍നിര്‍മാണത്തിനോ ഗെയിംസ് അവസരമൊരുക്കി. ദേശീയ ഗെയിംസിനായി ഏതാണ്ടു മൂന്നു പതിറ്റാണ്ടുമുമ്പു സജ്ജമാക്കിയ യുണിവേഴ്സിറ്റി സ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് നവീകരിച്ചാണ് ഇത്തവണ ഗെയിംസിലെ അത്ലറ്റിക് ഇനങ്ങള്‍ നടത്തുന്നത്. 87ല്‍ പത്തുകോടി മുടക്കി ഇത്രയും സൌകര്യങ്ങള്‍ നമുക്കു ലഭ്യമായെങ്കില്‍ ഇത്തവണ ഏതാണ്ട് എണ്ണൂറു കോടി രൂപ മുടക്കി ഒരുക്കുന്ന സൌകര്യങ്ങള്‍ കേരളത്തിന്റെ കായിക വികസനത്തിനു വലിയ മുതല്‍ക്കൂട്ടാകാതിരിക്കില്ല.

ദേശീയ ഗെയിംസിന്റെ കണക്കുകള്‍ ഓഡിറ്റര്‍ ജനറലിന്റെ ഓഡിറ്റിംഗ് കൂടാതെ പൊതുഓഡിറ്റിംഗിനുംവിധേയമാക്കുമെന്നു കായിക മന്ത്രി പറഞ്ഞിട്ടുണ്ട്. വെബ്സൈറ്റിലും കണക്കുകള്‍ പ്രസിദ്ധീകരിക്കും. വിവരാവകാശ നിയമപ്രകാരം ആര്‍ക്കും ഇതു സംബന്ധിച്ച വിവരങ്ങള്‍ തേടാന്‍ അവസരമുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസും ഐപിഎലുമൊക്കെ കായികരംഗത്തിനുണ്ടാക്കിയ നാണക്കേടിന്റെ പേരില്‍ എല്ലാറ്റിനെയും സംശയത്തോടെ വീക്ഷിക്കുന്നുവര്‍ക്കുള്ള മറുപടികൂടിയാണിത്.

വിമര്‍ശനങ്ങളുടെ സമയം കഴിഞ്ഞു. ഇനി പ്രവര്‍ത്തനത്തിനുള്ള സമയമാണ്. കേരളത്തിന്റെ ആതിഥ്യ മര്യാദയും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റും ദേശവ്യാപകമായി ശ്രദ്ധിക്കപ്പെടുന്ന വേളയാണിത്. ദേശീയ ഗെയിംസില്‍ പങ്കെടുത്തു മടങ്ങുന്നവര്‍ക്കു നല്ലൊരു നാട്ടിലെത്തിയ പ്രതീതി ഉണ്ടാകട്ടെ. അതൊരു അഭിമാന വിഷയമായി ഓരോ കേരളീയനും ഏറ്റെടുക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.