ജയില്‍-കോടതി വീഡിയോ കോണ്‍ഫറന്‍സ് ടെന്‍ഡര്‍ നടപടി തടഞ്ഞു
Thursday, January 29, 2015 12:30 AM IST
കൊച്ചി: കേരളത്തിലെ ജയിലുകളെയും കോടതികളെയും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ബന്ധിപ്പിക്കാനുള്ള നിര്‍മാണ ജോലികളുടെ ടെന്‍ഡര്‍ നടപടികള്‍ ഹൈക്കോടതി താത്കാലികമായി തടഞ്ഞു. ടെന്‍ഡര്‍ നടപടികള്‍ ചട്ട വിരുദ്ധമാണെന്ന് ആരോപിച്ചു കേരള ഗവണ്‍മെന്റ് ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണു ഹൈക്കോടതി രണ്ടാഴ്ചത്തെ സ്റേ അനുവദിച്ചത്.

ഹര്‍ജിയില്‍ വാദം കേട്ടു തീരുമാനമെടുക്കുന്നതിന്റെ ഭാഗമായാണു ജസ്റീസ് കെ. സുരേന്ദ്രമോഹന്റെ ഉത്തരവ്. ജയിലുകളെയും കോടതികളെയും വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ഇലക്ട്രോണിക്, സിവില്‍, ഇലക്ട്രിക്കല്‍ ജോലികള്‍ക്കാണു പൊതുമരാമത്ത് വകുപ്പ് ഇ-ടെന്‍ഡര്‍ വിളിച്ചത്. ഓരോ വിഭാഗത്തിനും പ്രത്യേകം ടെന്‍ഡര്‍ വിളിക്കണമെന്ന ചട്ടത്തിനു വിരുദ്ധമായി മൂന്നു വിഭാഗത്തിലെയും ജോലികള്‍ ഒന്നിച്ചു പരിഗണിച്ച് ഒരു ടെന്‍ഡര്‍ ആണു നല്‍കിയിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പിന്റെ ഈ നടപടിക്കെതിരേ നേരത്തെ കരാര്‍ ജോലിക്കാര്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചിരുന്നു. ഇതു കണക്കിലെടുക്കാതെ ചട്ടവിരുദ്ധമായി നടത്തുന്ന ടെന്‍ഡര്‍ നടപടികള്‍ റദ്ദാക്കണമെന്നാണു ഹര്‍ജിയിലെ ആവശ്യം. ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ്, പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനിയര്‍ തുടങ്ങിയവരെ എതിര്‍കക്ഷികളാക്കിയാണു ഹര്‍ജി നല്‍കിയിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.