പോട്ട ദേശീയ ബൈബിള്‍ കണ്‍വന്‍ഷനു തുടക്കം
പോട്ട ദേശീയ ബൈബിള്‍ കണ്‍വന്‍ഷനു തുടക്കം
Thursday, January 29, 2015 12:37 AM IST
ചാലക്കുടി: എല്ലാം വെട്ടിപ്പിടിക്കണമെന്ന സംസ്കാരം ഉപേക്ഷിച്ചു പങ്കുവയ്ക്കുന്ന സംസ്കാരം വളര്‍ത്തണമെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ബോധിപ്പിച്ചു. പോട്ട ആശ്രമത്തില്‍ 26-ാമത് പോട്ട ദേശീയ ബൈബിള്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന തലത്തില്‍നിന്നും സമൂഹത്തില്‍ താഴ്ന്ന നിലയിലുള്ളവരെ പരിഗണിക്കുന്ന അവസ്ഥ ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശുശ്രൂഷാമനോഭാവമുള്ള ആത്മാര്‍പ്പണം ചെയ്യാന്‍ താത്പര്യമുള്ള നേതൃത്വത്തെ വാര്‍ത്തെടുക്കണം. വ്യക്തിഗതവും കുടുംബത്തില്‍ കേന്ദ്രീകൃതവുമായ പ്രാര്‍ത്ഥനകളും കൂട്ടായ്മയോടെയുള്ള പ്രേഷിത പ്രവര്‍ത്തനശൈലിയും ഉണ്ടാകണം. ആദിമ ക്രൈസ്തവ സമൂഹത്തിന്റെ ചൈതന്യത്തിലേക്കു കുടുംബങ്ങള്‍ വളരണം.


വചനം ഉള്‍ക്കൊണ്ടുകൊണ്ടു വചനാധിഷ്ഠിതമായി സ്നേഹത്തിന്റെ ചൈതന്യം പ്രഘോഷിക്കണം. സ്നേഹമെന്നത് ഒരു വികാരമല്ല, വിശ്വസ്തതയാണ്, ആശ്രയവും തീരുമാനവുമാണെന്നു ബിഷപ് കൂട്ടിച്ചേര്‍ത്തു.

മേരിമാതാ പ്രോവിന്‍ഷ്യല്‍ ഫാ.പോള്‍ പുതുവ ബൈബിള്‍ പ്രതിഷ്ഠ നടത്തി. ഫാ. മാത്യു നായ്ക്കംപറമ്പില്‍, ഫാ. അഗസ്റിന്‍ വല്ലൂരാന്‍ എന്നിവര്‍ വചനശുശ്രൂഷ നയിച്ചു. കോട്ടപ്പുറം രൂപത ബിഷപ് ഡോ.ജോസഫ് കാരിക്കശേരി ദിവ്യബലി അര്‍പ്പിച്ചു.

ഫാ.മാത്യു തടത്തില്‍ സ്തുതിപ്പിനു നേതൃത്വം നല്‍കി. ഫാ. ജോസഫ് എറമ്പില്‍, ഫാ. ആന്റണി പയ്യപ്പിള്ളി, കണ്‍വീനര്‍ ഫാ. ബിനോയ് ചക്കാനികുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു. കണ്‍വന്‍ഷന്‍ അഞ്ചുദിവസം തുടരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.