ഡോ.വേലായുധന്‍ അന്തരിച്ചു
ഡോ.വേലായുധന്‍ അന്തരിച്ചു
Thursday, January 29, 2015 12:45 AM IST
തിരുവനന്തപുരം: ജി.ജി. ഹോസ്പിറ്റലിന്റെ സ്ഥാപകനും പ്രമുഖ ഗൈനക്കോളജിസ്റുമായിരുന്ന ഡോ. ജി.വേലായുധന്‍ (87) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖം മൂലം ഏറെനാളായി കിടപ്പിലായിരുന്ന അദ്ദേഹം ഇന്നലെ രാവിലെയാണ് മരിച്ചത്. സംസ്കാരം ഇന്നു രാവിലെ പത്തിനു തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. 1928-ല്‍ ആറ്റിങ്ങല്‍ പൂവമ്പാറയിലായിരുന്നു ജനനം. 1953-ല്‍ മദ്രാസ് മെഡിക്കല്‍ കോളജില്‍ നിന്നും മെഡിക്കല്‍ ബിരുദം നേടിയ അദ്ദേഹം 1959-ല്‍ ഗൈനക്കോളജിയില്‍ എംഡി ബിരുദവും നേടി. 1975-ലായിരുന്നു അദ്ദേഹം ജി.ജി.ഹോസ്പിറ്റല്‍ സ്ഥാപിച്ചത്. അക്കാലത്തെ ഏറ്റവും വലിയ ആശുപത്രിയായിരുന്നു ജിജി ആശുപത്രി. പ്രായാധിക്യത്തെ തുടര്‍ന്ന് ആശുപത്രി നടത്താന്‍ കഴിയാതെ വന്നപ്പോള്‍ ഗോകുലം മെഡിക്കല്‍ കോളജ് മാനേജ് മെന്റിന് അദ്ദേഹം ആശുപത്രി വിറ്റു. ഭാര്യ: ഓമന. മക്കള്‍: മീര, ചിത്ര, പരേതയായ ഡോ.മായ.


വിടവാങ്ങിയത് പാവങ്ങളുടെ ഡോക്ടര്‍


തിരുവനന്തപുരം: രാജകീയ സുഖങ്ങളോടെ ജീവിക്കാമായിരുന്നിട്ടും ഡോക്ടര്‍ വേലായുധന്‍ ജീവിച്ചതു സാധാരണക്കാരനായി. രോഗികളുമൊത്തുള്ള ജീവിതമായിരുന്നു അദ്ദേഹത്തിനു സന്തോഷവും അതിലുപരി സംതൃപ്തിയും നല്‍കിയത്. ആരോഗ്യരംഗത്തെ വ്യത്യസ്തമായ വ്യക്തിത്വമായിരുന്നു ഇന്നലെ അന്തരിച്ച ഡോ. വേലായുധന്റേത്. ജി.ജി. ഹോസ്പിറ്റലിന്റെ സ്ഥാപകവേഷം അലങ്കരിക്കുമ്പോഴും സാധാരണക്കാരായ ജനങ്ങളായിരുന്നു ഡോക്ടറുടെ സ്വത്ത്.

ആറ്റിങ്ങലില്‍ ജനിച്ച ഡോ. വേലായുധന്‍ തന്റെ പ്രവര്‍ത്തന മണ്ഡലമായി തെരഞ്ഞെടുത്തത് തലസ്ഥാനമാണ്. 1967മുതല്‍ 75വരെ തിരുവനന്തപുരം മെഡിക്കല്‍കോളജ് എസ്എടിയില്‍ ഗൈനക്കോളജിസ്റായി സേവനം അനുഷ്ഠിച്ചു. 1976ല്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗം മേധാവിയായാണ് വിരമിച്ചത്. എസ്എടിയില്‍ ഡോക്ടറായിരുന്ന കാലഘട്ടത്തില്‍ നിറഞ്ഞ സേവന മനോഭാവത്തോടെ അദ്ദേഹം രോഗികളെ കണ്ടു. അങ്ങനെ നാട്ടുകാരുടെ ആദരവും സ്നേഹവും പിടിച്ചുപറ്റി.

തേക്കുംമൂട്ടില്‍ താമസിക്കുന്ന കാലത്താണ്1975ല്‍ ജി.ജി ഹോസ്പിറ്റല്‍ സ്ഥാപിച്ചത്. ആശുപത്രിയുടെ മുകള്‍നിലയില്‍ തന്നെയുള്ള പെന്റ്ഹൌസിലാണ് കഴിഞ്ഞ 30 വര്‍ഷമായി അദ്ദേഹം താമസിച്ചത്. ജീവിതാവസാനം വരെ ജി. ജി. ഹോസ്പിറ്റലില്‍ തന്നെ കഴിയണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹവും. ആരോഗ്യരംഗത്ത് ഡോ.ജി.വേലായുധന്‍ വിപ്ളവകരമായ മാറ്റങ്ങളാണുണ്ടാക്കിയത്. ഗര്‍ഭധാരണം, ഗര്‍ഭകാല ശുശ്രൂഷ, ഗര്‍ഭഛിദ്രം, പ്രസവം എന്നീ കാര്യങ്ങളെപ്പറ്റിയുള്ള പല അബദ്ധധാരണകളും അദ്ദേഹം തിരുത്തി. പഠനവും ഗവേഷണവും ശുശ്രൂഷയും ഒരേസമയം കൊണ്ടുപോകാനും അദ്ദേഹത്തിന് സാധിച്ചു. ഗര്‍ഭഛിദ്രം തടയുന്നതിന് ചികിത്സാരീതി വികസിപ്പിച്ചതാണ് അദ്ദേഹത്തെ പ്രിയങ്കരനാക്കിയത്. അമ്മ ആകുമ്പോള്‍ അറിയാന്‍ എന്നൊരു പുസ്തകതന്നെ അദ്ദേഹം പ്രസിദ്ധീകരിച്ചു.


ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും സജീവമായിരുന്നു അദ്ദേഹം. തന്റെ വരുമാനത്തിന്റെ ഒരുഭാഗം സാധുക്കള്‍ക്കായി അദ്ദേഹം നീക്കിവച്ചു. വികസനപരമായി പിന്നാക്കം നിന്ന പനത്തുറയെന്ന ദ്വീപിനെ ദത്തെടുത്തു. വീടില്ലാത്ത 300ഓളം പേര്‍ക്കു വീടുവച്ചു നല്‍കി. തീരദേശത്തും മലയോര മേഖലയിലുമായി 97 സ്കൂളുകളില്‍ നിത്യേന സൌജന്യ പ്രഭാത ഭക്ഷണം നല്‍കിവരുന്നു. സ്കൂളുകളില്‍ സൌജന്യ പ്രഭാത ഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിക്കു തുടക്കം കുറിക്കുകയും പിന്നീടു നഗരസഭയുമായി സഹകരിച്ചു വികസിപ്പിക്കുകയും ചെയ്തിരുന്നു. അന്ന് സര്‍ക്കാരുകള്‍ പോലും ചിന്തിച്ചിരുന്നില്ല കുട്ടികളുടെ പ്രഭാതഭക്ഷണ ത്തെക്കുറിച്ച്. നിര്‍ധനകുടുംബങ്ങളില്‍ നിന്ന് രാവിലെ വിശന്ന് ക്ളാസ് റൂമുകളില്‍ വന്നിരിക്കുന്ന കുട്ടികളെ ക്കുറിച്ച് ചിന്തിക്കാന്‍ ആരുമുണ്ടായില്ല. കുമാരപുരം സ്കൂളില്‍ നിന്ന് തുടങ്ങിയ ഈ സേവനം പിന്നീട് നഗരത്തിലെ പല സ്കൂളുകളിലേക്കായി. അദ്ദേഹം തന്നെ നേരിട്ട് കുട്ടികളുടെ ഭക്ഷണച്ചുമതല ഏറ്റടുെത്തു. സ്കൂളുകളില്‍ പ്രഭാതഭക്ഷണം എത്തിയോ എന്നറിയാന്‍ ചിലയിടങ്ങളില്‍ നേരിട്ടുപോയി.

പഠിക്കാന്‍ സമര്‍ഥരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായവും നല്‍കുന്നുണ്ട്. വനിതാ ശാക്തീകരണ ത്തിനും കൃഷിയെ പ്രോത്സാ ഹിപ്പിക്കാനും നിരവധി പരിപാടികള്‍ ആവിഷ്കരിച്ചു നടപ്പാക്കി.

പഠനകാലത്തു തന്നെ ഡോ.അംബേദ്കറുടെയും ഡോ.പല്‍പ്പുവിന്റെയും ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ക്ളേശത അനുഭവിക്കുന്നവരെ സഹായിച്ചു. ഡോ.പല്‍പ്പുവിനോടുള്ള ആദരവിന്റെ പേരിലാണു ഡോ.പല്‍പ്പു മെമ്മോറിയല്‍ ഹോസ്പിറ്റല്‍ എന്ന പേരില്‍ ജനറല്‍ മെഡിസിനു വേണ്ടി പ്രത്യേക വിഭാഗം തുടങ്ങിയത്. ഒടുവില്‍ ജി.ജി ഹോസ്പിറ്റല്‍ മറ്റൊരാള്‍ക്കു കൈമാറുമ്പോഴും തന്റെ സ്ഥാപനത്തിലെ ജീവനക്കാരുടെ ജോലി സുരക്ഷ ഉറപ്പുവരുത്താന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.