ഇനിയും നിലയ്ക്കാത്ത താളത്തിന്റെ പേരാണു ഷോണ്‍
ഇനിയും നിലയ്ക്കാത്ത താളത്തിന്റെ പേരാണു ഷോണ്‍
Thursday, January 29, 2015 12:18 AM IST
വിനീഷ് വിശ്വം

തൃശൂര്‍: താളമിടാന്‍ വെമ്പുന്ന ഹൃദയവും തുടിക്കുന്ന സിരാതന്ത്രികളുമായി ഷോണ്‍ പുതിയ ജീവനസംഗീതത്തിനു ശരീരം നല്കുകയാണ്. ഓര്‍മകളുടെ കൈത്താളവും സ്നേഹത്തിന്റെ വിരല്‍സ്പര്‍ശവുമായി അവന്‍ ഇനി പുതിയ ശ്രുതിമീട്ടും. നിലയ്ക്കാത്ത ആ നാദധാര ആറു ജീവനുകള്‍ക്കു താളവും ലയവുമാകും. ഹൃദയവും കരളും വൃക്കകളും കണ്ണും ദാനം ചെയ്താണ് ഡ്രമ്മറും ഗിറ്റാറിസ്റുമായിരുന്ന ഷോണ്‍ വി. സ്റീഫന്‍ എന്ന പതിനേഴുകാരന്‍ വിടവാങ്ങുന്നത്.

മസ്തിഷ്കമരണം സംഭവിച്ച ഷോണിന്റെ അവയവങ്ങള്‍ ആറുപേര്‍ക്കു ജീവിതം നല്കുമെന്ന തിരിച്ചറിവില്‍ മാതാപിതാക്കള്‍ ദാനത്തിനു സന്നദ്ധത പ്രകടിപ്പിച്ചതോടെ “മൃതസഞ്ജീവനി’ പ്രവര്‍ത്തകര്‍ നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു. എറണാകുളം അമൃത, ലിസി, കാലിക്കട്ട് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം തൃശൂര്‍ മദര്‍ ആശുപത്രിയിലെത്തി നടപടികള്‍ പൂര്‍ത്തീകരിച്ചു. കരള്‍ രണ്ടും അമൃതയിലേക്കും വൃക്കകള്‍ യഥാക്രമം അമൃതയിലേക്കും കാലിക്കട്ട് മെഡിക്കല്‍ കോളജിലേക്കും ഹൃദയം ലിസി ആശുപത്രിയിലേക്കും കണ്ണുകള്‍ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലേക്കും കൊണ്ടുപോകും. ഉപയോഗിക്കാന്‍ കഴിയുമെങ്കില്‍ പാന്‍ക്രിയാസും ദാനംചെയ്യും.

ഹര്‍ത്താല്‍ദിനമായ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ലാലൂര്‍ പൊന്തക്കന്‍ റോഡില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സുഹൃത്തും സഹപാഠിയുമായ റാഫേല്‍(17) ഓടിച്ചിരുന്ന ബൈക്കിനു പിറകില്‍ സഞ്ചരിക്കുമ്പോഴാണ് അപകടം.


തലയടിച്ചു റോഡില്‍വീണ ഷോണിനെ ഗുരുതര പരിക്കുകളോടെ മദര്‍ ആശുപത്രിയിലും റാഫേലിനെ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു. അബോധാവസ്ഥയില്‍ വെന്റിലേറ്ററില്‍ കിടക്കുന്ന ഷോണിനു ഡോക്ടര്‍മാര്‍ മസ്തിഷ്കമരണം സ്ഥിരീകരിച്ചു. തുടര്‍ന്നാണ് സര്‍ക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുമായി ബന്ധപ്പെട്ടത്.

ഇന്നലെ വൈകീട്ട് ഒമ്പതരയോടെ പുലര്‍ച്ചെവരെ നീളുന്ന അവയവദാനത്തിനുള്ള ശസ്ത്രക്രിയാനടപടികള്‍ തുടങ്ങി.

ദേവമാത പബ്ളിക് സ്കൂളിലെ പ്ളസ്ടു സയന്‍സ് വിദ്യാര്‍ഥിയായ ഷോണ്‍ പഠനത്തിലും സംഗീതത്തിലും ഒരുപോലെ മികവുപുലര്‍ത്തി. ചാലിശേരി ചര്‍ച്ച് ഓഫ് ഗോഡ് ദേവാലയത്തിലെ സംഗീതപരിപാടികളിലും ക്വയറിലും നിത്യസാന്നിധ്യമായിരുന്നു. ലാലൂര്‍ ഷാരോണ്‍ പ്രിന്റേഴ്സ് ഉടമയായ സ്റീഫനു സഹായിയായി പ്രിന്റിംഗ് രംഗത്തും സജീവമാകുന്നതിനിടെയാണ് മരണം. അവയവദാന ശസ്ത്രക്രിയയ്ക്കുശേഷം മൃതശരീരം പോസ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകും.

നാളെ ഭവനത്തില്‍ രാവിലെ ഒമ്പതിനു നടക്കുന്ന ശുശ്രൂഷകള്‍ക്കുശേഷം 11 മണിക്ക് കുന്നംകുളം ചാലിശേരി ദൈവസഭ സെമിത്തേരിയില്‍ മൃതദേഹം സംസ്കരിക്കും. ലാലൂര്‍ റോഡില്‍ വടക്കേത്തലയ്ക്കല്‍ സ്റീഫന്‍-മിനി ദമ്പതികളുടെ മകനാണ് ഷോണ്‍. ഏകസഹോദരി ഷാരോണ്‍ ബംഗളുരുവില്‍ വിദ്യാര്‍ഥിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.