റേഡിയോളജി വിദഗ്ധരുടെ ദേശീയ സമ്മേളനത്തിനു തുടക്കം
റേഡിയോളജി വിദഗ്ധരുടെ ദേശീയ സമ്മേളനത്തിനു തുടക്കം
Friday, January 30, 2015 12:15 AM IST
കൊച്ചി: റേഡിയോളജി, ഇമേജിംഗ് ശാസ്ത്ര മേഖലകളുടെ വിവിധ ശാഖകളിലുണ്ടായ നവീന ആശയങ്ങളെക്കുറിച്ചും അതിനൂതന രോഗനിര്‍ണയ സാങ്കേതികവിദ്യകളെക്കുറിച്ചും ചര്‍ച്ചചെയ്യുന്ന ഇന്ത്യന്‍ റേഡിയോളജിക്കല്‍ ആന്‍ഡ് ഇമേജിംഗ് അസോസിയേഷന്‍ (ഐആര്‍ഐഎ) 68-ാമതു വാര്‍ഷിക സമ്മേളനം കൊച്ചി ലെ മെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തെ 14 ജില്ലകളിലും മെഡിക്കല്‍ കോളജ് ആരംഭിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുന്ന സര്‍ക്കാര്‍ കുട്ടികള്‍ക്കു സൌജന്യ ചികിത്സാ സൌകര്യം ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. റേഡിയോളജിയുടെയും ഇമേജിംഗ് സാങ്കേതികവിദ്യയുടെയും പ്രയോജനം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കണം. ഇത് ഉറപ്പുവരുത്താനും പൊതുജനങ്ങളില്‍ രോഗനിര്‍ണയ, ചികിത്സാരീതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും റേഡിയോളജി ഡോക്ടര്‍മാര്‍ നേതൃത്വം വഹിക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു.

ഐആര്‍ഐഎ പ്രസിഡന്റ് ഡോ. ഭവിന്‍ ജങ്കാരിയ അധ്യക്ഷത വഹിച്ചു. ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍, ഡോ. ജിഗ്നേഷ് താക്കര്‍, ഡോ. കെ. മോഹനന്‍, ഡോ. രാജേഷ് കപൂര്‍, ഡോ. ഒ.പി. ബന്‍സാല്‍, ഡോ. പി.സി. ഷാജി, ഡോ. വി. വരദരാജ്, ഡോ. ടി.എം. വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു. ഹാന്‍ഡ്ബുക്ക് ഓണ്‍ റേഡിയോളജി എന്ന പുസ്തകത്തിന്റെ പ്രകാശനം കേരള ഹെല്‍ത്ത് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി. നായര്‍ നിര്‍വഹിച്ചു.


ഇന്ത്യന്‍ കോളജ് ഓഫ് റേഡിയോളജി ആന്‍ഡ് ഇമേജിംഗിന്റെ ഫെലോഷിപ്, അവാര്‍ഡ് ദാനചടങ്ങുകളോടെയാണ് ആദ്യദിനത്തില്‍ സമ്മേളനം ആരംഭിച്ചത്. തുടര്‍ന്ന് അമേരിക്കന്‍ സൊസൈറ്റി ഓഫ് ന്യൂറോ റേഡിയോളജി അംഗം ഡോ. ചാള്‍സ് ട്രൂവിറ്റ്, അമേരിക്കന്‍ ഇന്‍സ്റ്റിറ്റൂട്ട് ഫോര്‍ റേഡിയോളജിക് പത്തോളജി ഫിസിഷ്യന്‍ ഇന്‍ ചീഫ് ഡോ. മാര്‍ക്ക് ഡി. മര്‍ഫി എന്നിവരുടെ നേതൃത്വത്തില്‍ ശാസ്ത്ര സെഷനുകള്‍ നടന്നു.

നാലു ദിവസത്തെ സമ്മേളനത്തില്‍ വിദഗ്ധരുടെ സെഷനുകള്‍ക്കു പുറമെ യുവ റേഡിയോളജിസ്റുകളുടെ ഗവേഷണ പ്രബന്ധങ്ങള്‍ സംക്ഷിപ്ത രൂപത്തില്‍ അവതരിപ്പിക്കപ്പെടും. റേഡിയോളജി, ഇമേജിംഗ് മേഖലകളിലെ ശാസ്ത്രസാങ്കേതിക മികവ് വിളിച്ചോതുന്ന ട്രേഡ് എക്സ്പോയും സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.