പഞ്ചായത്തുകളെ ശക്തിപ്പെടുത്തും: കെ.എം. മാണി
പഞ്ചായത്തുകളെ ശക്തിപ്പെടുത്തും: കെ.എം. മാണി
Friday, January 30, 2015 12:18 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: പഞ്ചായത്തുകളെ കൂടുതല്‍ ശക്തിപ്പടുത്തുമെന്ന് ധനമന്ത്രി കെ.എം. മാണി. സംസ്ഥാന ബജറ്റിനു മുന്നോടിയായി ഇന്നലെ മസ്കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച അഞ്ചാം ധനകാര്യ കമ്മീഷന്‍ യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നലെ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്തുകളെ സര്‍ക്കാര്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന നിര്‍ദേശമുണ്ട്. ഈ സര്‍ക്കാര്‍ ഇതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇനിയും കൂടുതല്‍ സഹായങ്ങള്‍ ചെയ്യും. പഞ്ചായത്തുകള്‍ അവരുടെ അധികാരപരിധിയില്‍ വരുന്ന മേഖലകളില്‍ എങ്ങനെ നികുതി വരുമാനം വര്‍ധിപ്പിക്കാന്‍ കഴിയുമെന്നു ചിന്തിക്കണം. അവര്‍ക്കു വരുമാനവര്‍ധനയുണ്ടാകാന്‍ സര്‍ക്കാരും ശ്രമിക്കും. രണ്ടും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു നല്ല ചിന്ത ആവശ്യമാണ്. ആ ചിന്തയാണു യോഗത്തിലൂടെ ഉണ്ടായതെന്നും ധനമന്ത്രി പറഞ്ഞു.

നമ്മുടെ പഞ്ചായത്തിരാജ് സംവിധാനം ലോകത്തിനു മാതൃകയാണെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ടു ധനമന്ത്രി പറഞ്ഞു. അതില്‍ അഭിമാനിക്കാം. എന്നാല്‍, ഇനിയും നമുക്കു മുന്നേറാനുണ്ട്.

സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ 3.5 ശതമാനം ഓണ്‍ ടാക്സില്‍ നിന്നു പഞ്ചായത്തുകള്‍ക്കു കൊടുത്തിട്ടുണ്ട്. മെയിന്റനന്‍സ് ഫണ്ടില്‍നിന്ന് 5.5 ശതമാനവും വികസനഫണ്ടില്‍നിന്ന് 25 ശതമാനവും നല്‍കിയിട്ടുണ്ട്. പഞ്ചായത്തുകള്‍ക്ക് അനുകൂലമായ നയമാണു സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


ജനങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും വലിയ സ്വയംഭരണ സ്ഥാപനങ്ങള്‍ പഞ്ചായത്തുകളാണ്. ഏതു പദ്ധതിയും നടപ്പാക്കുന്നതിന് ഇവരുടെ സഹായം ആവശ്യമാണ്. പഞ്ചായത്തുകള്‍ ജനങ്ങള്‍ക്ക് ഇനിയും കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇ- ഗവേണന്‍സിനും സാങ്കേതികവിദ്യകള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് യോഗത്തില്‍ അഭിപ്രായമുണ്ടായി. എല്ലാ പഞ്ചായത്തുകളിലും ഇതിനുള്ള സംവിധാനം വേണം. പഞ്ചായത്തുകള്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി ഈ രംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാനാകുമെന്നും നിര്‍ദേശമുണ്ടായി.

യോഗത്തില്‍ അഞ്ചാം ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. ബി.എ. പ്രകാശ്, ഫിനാന്‍സ് റിസോഴ്സ് സെക്രട്ടറിയും ഫിനാന്‍സ് കമ്മീഷന്‍ മെംബറുമായ രബീന്ദ്രകുമാര്‍ അഗര്‍വാള്‍ എന്നിവര്‍ക്കു പുറമേ സാമ്പത്തിക മേഖലയിലെ നിരവധി വിദഗ്ധര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.