ദേശീയപാതാ അഥോറിറ്റിയുടെ കളമശേരി ഓഫീസിനു നേരേ മാവോയിസ്റ് ശൈലിയില്‍ ആക്രമണം
ദേശീയപാതാ അഥോറിറ്റിയുടെ  കളമശേരി ഓഫീസിനു നേരേ മാവോയിസ്റ് ശൈലിയില്‍ ആക്രമണം
Friday, January 30, 2015 12:03 AM IST
കൊച്ചി: ഭിത്തിയില്‍ മാവോയിസ്റ് മുദ്ര കുത്തിയും ലഘുലേഖകള്‍ വിതറിയും കളമശേരി എച്ച്എംടി ജംഗ്ഷനു സമീപം നാഷണല്‍ ഹൈ വേ അഥോറിറ്റി ഓഫ് ഇന്ത്യയുടെ (എന്‍എച്ച്എഐ) ഓഫീസില്‍ അജ്ഞാതര്‍ ഫയലുകള്‍ വലിച്ചുവാരിയിടുകയും ചില രേഖകള്‍ കത്തിക്കുകയും ചെയ്തു.

ഇന്നലെ രാവിലെ 8.30നും ഒമ്പതിനും ഇടയിലായിരുന്നു സംഭവം. എട്ടരയോടെ തൂപ്പുകാരി ഓഫീസ് തുറന്ന് വൃത്തിയാക്കിയ ശേഷം മടങ്ങിയിരുന്നു. ഓഫീസിന്റെ വാതില്‍ പൂട്ടിയിരുന്നില്ല. ഈ തക്കത്തിന് അകത്തുകടന്ന അക്രമികള്‍ ഫയലുകളെല്ലാം വലിച്ചുവാരി കീറിയിടുകയും രണ്ടു ഫയലുകള്‍ കത്തിക്കുകയും ചെയ്തു. 9.15നു ശേഷം ജീവനക്കാര്‍ ഓഫീസിലെത്തിയപ്പോഴാണ് തീയും ചിതറിക്കിടക്കുന്ന ഫയലുകളും കണ്ടത്.

മാവോയിസ്റുകളാണ് ആക്രമണത്തിനു പിന്നിലെന്നു കാണിക്കാനായി ഭിത്തിയില്‍ സിപിഐ മാവോയിസ്റ് എന്ന് കറുത്ത നിറത്തില്‍ കോറിയിട്ടിരുന്നു. മാവോയിസ്റ് പശ്ചിമഘട്ട സോണല്‍ ആക്ഷന്‍ കമ്മിറ്റി സിപിഐ മാവോയിസ്റ്റ് എന്ന പേരിലുള്ള ലഘുലേഖകള്‍ ഓഫീസില്‍ വിതറിയിരുന്നു. ദേശീയപാതാ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനും സ്വകാര്യവത്കരണത്തിന്റെ പേരിലുള്ള കുടിയൊഴിപ്പിക്കലിനും എതിരെയുള്ള മുദ്രാവാക്യങ്ങള്‍ എഴുതിയ ലഘുലേഖകളില്‍ ചുങ്കപ്പിരിവുകാര്‍ തുലയട്ടെയെന്നും ആഹ്വാനമുണ്ട്.

സംഭവത്തെത്തുടര്‍ന്നു കളമശേരി പോലീസ് രാവിലെ എന്‍എച്ച്എഐ ഓഫീസിലെത്തി പരിശോധന നടത്തി. മാവോയിസ്റുകള്‍ തന്നെയാണ് ആക്രമണത്തിനു പിന്നിലെന്നു കരുതുന്നതായി കളമശേരി പോലീസ് പറ ഞ്ഞു. എറണാകുളം പനമ്പിള്ളിനഗറിലെ നിറ്റ ജലാറ്റിന്‍ കോര്‍പറേറ്റ് ഓഫീസില്‍ നടത്തിയ അതിക്രമങ്ങള്‍ക്കു സമാനമായ രീതിയിലാണ് കളമശേരി എന്‍എച്ച്എഐ ഓഫീസിനു നേരേയുള്ള കടന്നാക്രമണവും. അക്രമിസംഘത്തില്‍ എത്ര പേര്‍ ഉണ്ടായിരുന്നുവെന്നു വ്യക്തമല്ല. സംഭവത്തിനു ദൃക്സാക്ഷികളായി ആരുമില്ല. ഓഫീസിലോ പരിസരത്തോ നിരീക്ഷണകാമറയുമില്ല.


മാവോയിസ്റ് ആക്രമണം ഉണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നതായി സ്ഥലം സ ന്ദര്‍ശിച്ച എറണാകുളം റേഞ്ച് ഐജി എം.ആര്‍. അജിത്കുമാര്‍ പറ ഞ്ഞു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. നിറ്റ ജലാറ്റിന്‍ ഓഫീസിലെ അക്രമത്തെക്കുറിച്ച് അന്വേഷിക്കുന്ന സംഘവും സ്ഥലത്തെത്തിയിരുന്നു. നിറ്റ ജലാറ്റിന്‍ ഓഫീസ് ആക്രമണത്തിനുശേഷം മാവോയിസ്റ്റ് അനുകൂലികള്‍ ഏലൂരില്‍ സിഎംആര്‍എല്‍ ഓഫീസ് ഗേറ്റ് അടിച്ചുതകര്‍ത്തിരുന്നു. സംഭവത്തെ തുടര്‍ന്ന് കൊച്ചിയിലെ മാവോയിസ്റ് അനുകൂലികളെന്നു സംശയിക്കുന്നവരുടെ വീടുകളില്‍ പോലീസ് റെയ്ഡ് നടത്തി. മാവോയിസ്റ് ബന്ധമുണ്െടന്നു സംശയിക്കുന്ന രണ്ടു പേരെ പോലീസ് കസ്റഡിയിലെടുത്തിട്ടുണ്െടന്നാണു സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.