ചന്ദ്രികയ്ക്കെതിരേയുള്ള മാനനഷ്ടക്കേസ് എന്‍എസ്എസ് പിന്‍വലിച്ചു
Friday, January 30, 2015 12:22 AM IST
ചങ്ങനാശേരി: ചന്ദ്രിക ദിനപത്രത്തിനെതിരേ നായര്‍ സര്‍വീസ് സൊസൈറ്റി ഫയല്‍ ചെയ്ത അപകീര്‍ത്തി കേസ് പരസ്പര ധാരണയോടെ രാജിയായി. 2013 ജൂണ്‍ രണ്ടിന് പത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ പ്രതിഛായ എന്ന കോളത്തില്‍ പുതി യ പടനായര്‍ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരെയാണ് എന്‍എസ്എസ് കേസ് ഫയല്‍ ചെയ്തിരുന്നത്. സമുദായാചാര്യന്‍ മന്നത്തു പദ്മനാഭനും പിന്നീടുള്ള നേതാക്കള്‍ക്കും നായര്‍സമുദായത്തിനും എന്‍എസ്എസിന്റെ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറിക്കുമെതിരേയുള്ള അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ലേഖനത്തിലുണ്ടായിരുന്നു.

ചന്ദ്രിക ദിനപത്രത്തിനുവേണ്ടി പ്രിന്റര്‍ ആന്റ് പബ്ളിഷര്‍ പി.കെ.കെ. ബാവയും ചീഫ് എഡിറ്റര്‍ ടി.പി. ചെറൂപ്പയും ബുധനാഴ്ച എന്‍എസ്എസ് ആസ്ഥാനത്തെത്തി അഭിഭാഷകരായ പി.എസ്. ശ്രീധരന്‍പിള്ള, പി. രവീന്ദ്രനാഥ് എന്നിവ രുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നട ത്തി യാണ് കേസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ലേഖനത്തിലെ കാര്യങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതും ശരിയല്ലാത്തതുമാണെന്ന് അവര്‍ക്ക് ബോധ്യപ്പെട്ട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.


ഇന്നലത്തെ ചന്ദ്രിക ദിനപത്രത്തില്‍ ഒന്നാംപേജില്‍ എന്‍എസ്എസിനും ജനറല്‍ സെക്രട്ടറിക്കും എതിരായ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുന്നു എന്ന തലക്കെട്ടോടുകൂടി, വിവാദലേഖനം പ്രസിദ്ധീകരിച്ചതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ്, സമുദായസൌഹാര്‍ദം നിലനിര്‍ത്താന്‍ പരസ്പരധാരണയോടെ ഈ കേസ് രാജിയായതെന്ന് എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.