സ്വയംവിമര്‍ശനവുമായി പിണറായി
സ്വയംവിമര്‍ശനവുമായി പിണറായി
Friday, January 30, 2015 12:24 AM IST
കൂത്തുപറമ്പ്: സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സ്വയംവിമര്‍ശനാത്മകമായി നടത്തിയ പ്രസംഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ എങ്ങിനെയായിരിക്കണമെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയായി. സംസ്ഥാന സെക്രട്ടറി സ്ഥാനം ഇക്കുറി ഒഴിഞ്ഞേക്കുമെന്നതിനാല്‍ വിടവാങ്ങലിന്റെ ധ്വനിയും തന്റെ തട്ടകമായ കൂത്തുപറമ്പില്‍ നടത്തിയ പ്രസംഗത്തിലുണ്ടായിരുന്നു.

സാധാരണ ഒന്നു മുതല്‍ ഒന്നേകാല്‍ മണിക്കൂര്‍വരെ നീളാറുള്ള പിണറായിയുടെ പ്രസംഗം ഇന്നലെ രണ്ടു മണിക്കൂറോളം നീണ്ടു. പാലക്കാട് നടന്ന പാര്‍ട്ടി പ്ളീനത്തിലെ തീരുമാനങ്ങള്‍ പ്രവര്‍ത്തകരെ പിണറായി ആവര്‍ത്തിച്ച് ഓര്‍മപ്പെടുത്തി.


അന്തര്‍ദേശീയ, ദേശീയ, സംസ്ഥാന വിഷയങ്ങള്‍ പ്രതിപാദിച്ചശേഷം സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്കു കടന്നപ്പോഴാണു സ്വയംവിമര്‍ശനം കടന്നുവന്നത്. പ്രതീക്ഷിച്ച പോലെ പാര്‍ട്ടിയുടെ അടിത്തറ വികസിപ്പിക്കാനായില്ലെന്നു പറഞ്ഞായിരുന്നു തുടക്കം. ഏറ്റവും വലിയ പാര്‍ട്ടിയായി നില്‍ക്കുമ്പോള്‍ തന്നെ സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളിലും ഒരേപോലെ സ്വാധീനം ചെലുത്താനും വേരോട്ടമുണ്ടാക്കാനും പാര്‍ട്ടിക്കു കഴിയുന്നില്ല. ഇത് എന്തുകൊണ്ടാണെന്നു പരിശോധിക്കണം.


ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് അതിനനുസൃതമായി ഇടപെടലുകള്‍ നടത്താന്‍ പാര്‍ട്ടി ശ്രമിക്കുന്നുണ്ട്. വര്‍ഗബഹുജന സംഘടനകളെ ഉപയോഗിച്ച് വിവിധ മേഖലകളില്‍ പ്രവര്‍ത്തനം സംഘടിപ്പിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇതിനായി വ്യക്തമായ രേഖ തയാറാക്കിയതായും പിണറായി പറഞ്ഞു.

ജനങ്ങളുമായി ഏറ്റുവും കൂടുതല്‍ ഇടപഴകാന്‍ ബ്രാഞ്ച് കമ്മിറ്റികള്‍ ശ്രമിക്കണം. പത്തു ദിവസങ്ങള്‍ കൂടുമ്പോള്‍ ബ്രാഞ്ച് യോഗങ്ങള്‍ ചേരണം. മാസത്തിലൊരിക്കല്‍ പ്രവര്‍ത്തനം അവലോകനം ചെയ്യണം. നേതൃഘടകങ്ങളിലുള്ളവര്‍ ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴിവുള്ളരായിരിക്കണമെന്നും പിണറായി ഓര്‍മപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.