ബാര്‍ കോഴ: എന്‍ഫോഴ്സ്മെന്റ് അന്വേഷണം ആരംഭിച്ചു
Saturday, January 31, 2015 1:26 AM IST
തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തെക്കുറിച്ച് ആദായനികുതി എന്‍ഫോഴ്സ്മെന്റ് വിഭാഗം അന്വേഷണം ആരംഭിച്ചു. ആരോപണം ഉന്നയിച്ച ബിജു രമേശില്‍ നിന്ന് ഇന്നലെ എന്‍ഫോഴ്സ്മെന്റ് മൊഴിയെടുത്തു.

ആദായനികുതി ജോയിന്റ് ഡയറക്ടര്‍ ജോണ്‍ കിംഗ്സ്്ലിയുടെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചത്. ബിജു രമേശിന്റെ മൊഴിയെടുക്കല്‍ നാലര മണിക്കൂറോളം നീണ്ടു. ബാര്‍ കോഴയുമായി ബന്ധപ്പെട്ടു നടത്തിയ ആരോപണങ്ങളെല്ലാം ബിജു രമേശ് ആവര്‍ത്തിച്ചു. പണം ശേഖരിച്ചതും കൊടുത്തതുമായ വിശദാംശങ്ങളാണ് ചോദിച്ചറിഞ്ഞത്.

കൂടാതെ ബേക്കറിയുടമകള്‍, സ്വര്‍ണക്കടക്കാര്‍ തുടങ്ങിയവരില്‍ നിന്നു മന്ത്രി കെ.എം. മാണി പണം വാങ്ങിയെന്നും ബിജു രമേശ് മൊഴിയില്‍ പറഞ്ഞു. മൊഴിയില്‍ പറയുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ എന്‍ഫോഴ്സ്മെന്റ് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ടു കൈവശമുള്ള രേഖകള്‍ തിങ്കളാഴ്ച കൈമാറാമെന്നു ബിജു രമേശ് അറിയിച്ചു.


ബാര്‍ കോഴയുമായി ബന്ധപ്പെട്ടു വിജിലന്‍സ് ശേഖരിച്ച രേഖകളും എന്‍ഫോഴ്സ്മെന്റ് ആവശ്യപ്പെട്ടു. രേഖാമൂലം ഡിജിപിയോട് ഈയാവശ്യം ഉന്നയിച്ചു. തങ്ങളുടെ കൈവശമുള്ള രേഖകള്‍ കൈമാറാമെന്നു വിജിലന്‍സ് അറിയിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.