ബസിലെ ആസിഡ് ആക്രമണം: പ്രതിക്കു 12 വര്‍ഷം കഠിന തടവ്
Saturday, January 31, 2015 1:30 AM IST
കാസര്‍ഗോഡ്: ബസ് യാത്രയ്ക്കിടെ ഒന്നര വയസുകാരി ഉള്‍പ്പെടെ നാലുപേരെ ആസിഡ് ഒഴിച്ചു ഗുരുതരമായി പൊള്ളലേല്‍പ്പിച്ച കേസില്‍ പ്രതി ചിറ്റാരിക്കാല്‍ പൂക്കോട് സ്വദേശി സോളമന്‍ തങ്കച്ചന്(78) കോടതി 12 വര്‍ഷം കഠിന തടവും 40,000 രൂപ രൂപ പിഴയും ശിക്ഷിച്ചു. പിഴ സംഖ്യ പരിക്കേറ്റവര്‍ക്കു നഷ്ടപരിഹാരമായി നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം കൂടി തടവ് അനുഭവിക്കണം. ജില്ലാ സെഷന്‍സ് ജഡ്ജി എം.ജെ.ശക്തിധരനാണു ശിക്ഷ വിധിച്ചത്. ആസിഡ് ആക്രമണക്കേസിലെ ശിക്ഷ വര്‍ധിപ്പിച്ചുകൊണ്ടു നിയമഭേദഗതി വരുത്തിയതിനുശേഷം സംസ്ഥാനത്ത് ആദ്യമായി രജിസ്റര്‍ ചെയ്ത കേസാണിത്. ആസിഡ് ആക്രമണത്തിന് ഇരയായ കടുമേനി വില്യാട്ട് ഹൌസിലെ ബിജോയ്ക്ക് 25,000 രൂപയും കമ്പല്ലൂര്‍ പെരളം സ്മിതാഭവനില്‍ ജിബിന്‍ (30), മകള്‍ ഒന്നര വയസുകാരി നിരഞ്ജന, പ്രാപ്പൊയില്‍ പരിയാരത്ത് കഞ്ഞിപ്പുരയില്‍ ഓമനക്കുട്ടന്‍ (33) എന്നിവര്‍ക്ക് 5,000 രൂപ വീതവുമാണു പ്രതി നഷ്ടപരിഹാരം നല്‍കേണ്ടത്.


പ്രായാധിക്യവും രോഗങ്ങളും മൂലം അവശതയനുഭവിക്കുന്ന ത ന്നോടു ദയ കാണിക്കണമെന്നു പ്രതി കോടതിയെ ബോധിപ്പിച്ചു. എന്നാല്‍, പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് ഇതിനെ എതിര്‍ത്തുകൊണ്ടു പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ.സി.ഷുക്കൂര്‍ വാദിച്ചു. പ്രോസിക്യൂഷന്‍ വിസ്തരിച്ച ആസിഡ് വില്പനക്കാരന്‍ ബോധിപ്പിച്ചതു സോളമന്‍ പത്തു വര്‍ഷമായി ആസിഡ് വാങ്ങുന്നയാളാണെന്നായിരുന്നു. അതിനാല്‍ ആസിഡിനെക്കുറിച്ചു പ്രതിക്കു വ്യക്തമായ ധാരണയുണ്ട്. കൂടാതെ പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലവും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു.

2011, 2013 വര്‍ഷങ്ങളില്‍ സോളമന്റെ പേരില്‍ ചിറ്റാരിക്കാല്‍ പോലീസ് ഓരോ കേസുകള്‍ രജിസ്റര്‍ ചെയ്തു കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വാദം കേട്ട കോടതി പ്രതിയുടെ പ്രായവും രോഗവും പരിഗണിച്ചാണു പരമാവധി ശിക്ഷയായ ജീവപര്യന്തം വിധിക്കാത്തതെന്നു കോടതി പറഞ്ഞു. 2014 മേയ് മൂന്നിനു വൈകുന്നേരം 6.15ഓടെയാണു കേസിനാസ്പദമായ സംഭവം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.