ആര്‍ച്ച്ബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് ജന്മശതാബ്ദി ആഘോഷം നാളെ മുതല്‍
ആര്‍ച്ച്ബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് ജന്മശതാബ്ദി ആഘോഷം നാളെ മുതല്‍
Saturday, January 31, 2015 1:36 AM IST
തിരുവനന്തപുരം: ആര്‍ച്ച്ബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസിന്റെ ജന്മശതാബ്ദി മലങ്കര സുറിയാനി കത്തോലിക്കാസഭയു ടെയും തിരുവനന്തപുരം മേജര്‍ അതിരൂപതയുടെയും ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. അദ്ദേഹത്തിന്റെ ജന്മദിനമായ ഫെബ്രുവരി ഒന്നിന് മലങ്കര കത്തോലിക്കാസഭയിലെ എല്ലാ ദേവാലയങ്ങളിലും കൃതജ്ഞതാബലി അര്‍പ്പിക്കുന്നതോടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ക്കു തുടക്കമാകുമെന്നു മലങ്കര കത്തോലിക്കാസഭ അധ്യക്ഷന്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവാ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ബനഡിക്ട് മാര്‍ ഗ്രിഗോറിയോസിന്റെ കബറിടം സ്ഥിതിചെയ്യുന്ന തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രല്‍ ദേവാലയത്തില്‍ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവാ ദിവ്യബലി അര്‍പ്പിക്കും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികളുടെ ഉദ്ഘാടനം ഫെബ്രുവരി 17 ന് രാവിലെ 10 ന് പട്ടം സെന്റ് മേരീസ് സ്കൂളിലെ മാര്‍ ഗ്രിഗോറിയോസ് ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും.

ജന്മശതാബ്ദിയോടനുബന്ധിച്ചു വിപുലമായ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്നു കര്‍ദിനാള്‍ പറഞ്ഞു. പിരപ്പന്‍കോട് സെന്റ് ജോണ്‍സ് മെഡിക്കല്‍ വില്ലേജില്‍ കാന്‍സര്‍ രോഗികള്‍ക്കായി കെയര്‍ ഹോം ആരംഭിക്കും. 1963-ല്‍ ആര്‍ച്ച്ബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസാണ് കേരളത്തില്‍ ആദ്യമായി കുഷ്ഠരോഗികളുടെ പുനരധിവാസത്തിനും ചികിത്സയ്ക്കുമായി ഒരു കേന്ദ്രം ആരംഭിക്കുന്നത്. ഇന്ത്യയിലെയും വിവിധ രാജ്യങ്ങളിലെയും തെരെഞ്ഞെടുക്കപ്പെട്ട 100 കേന്ദ്രങ്ങളില്‍ മാര്‍ ഗ്രിഗോറിയോസ് സ്മാരക പ്രഭാഷണങ്ങള്‍ നടത്തും. തെരഞ്ഞെടുക്കുന്ന ഒരു ഗ്രാമത്തില്‍ വികസന പദ്ധതികള്‍ നടപ്പിലാക്കും.

മേജര്‍ അതിരൂപതയിലെ 316 ഇടവകകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ജൈവകൃഷി പ്രോല്‍സാഹിപ്പിക്കുന്ന ഹരിതപദ്ധതി നടപ്പിലാക്കും. 100 യുവതികള്‍ക്ക് വിവാഹ സഹായം നല്‍കി സമൂഹവിവാഹം നടത്തും. തിരുവനന്തപുരം മേജര്‍ അതിരൂപതയിലെ 11 വൈദികജില്ലകള്‍ കേന്ദ്രീകരിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരു വര്‍ഷത്തേക്കു സൌജന്യ ഉച്ചഭക്ഷണ പരിപാടി നടപ്പിലാക്കും. ഇവകൂടാതെ സര്‍വമത സമ്മേളനം, സഭൈക്യ സമ്മേളനങ്ങള്‍, മദ്യവിരുദ്ധ ബോധവത്കരണ പരിപാടി, സ്മാരകഗ്രന്ഥ പ്രസിദ്ധീകരണം, മല്‍സരങ്ങള്‍, വിവിധ സംഗമങ്ങള്‍ എന്നിവ നടക്കും. ശതാബ്ദി വര്‍ഷത്തില്‍ സാമൂഹിക വികസന മേഖലയില്‍ പ്രത്യേക സേവനം ചെയ്യുന്ന വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പ്രത്യേക അവാര്‍ഡ് നല്‍കും.

1916 ഫെബ്രുവരി ഒന്നിനു പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ തങ്ങളത്തില്‍ കുടുംബത്തില്‍ ജനിച്ച കുഞ്ഞുകുട്ടി എന്ന വര്‍ഗീസ് പുതുശേരി എല്‍.പി സ്കൂളിലും ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് സ്കൂളിലും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്നു മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശില്പി ദൈവദാസന്‍ മാര്‍ ഈവാനിയോസ് പിതാവിന്റെ നിര്‍ദേശമനുസരിച്ച് ബഥനി ആശ്രമത്തില്‍ ചേര്‍ന്നു. 1941-ല്‍ ബനഡിക്ട് എന്ന പേരില്‍ ബഥനി സന്യാസിയായി പൂര്‍ണവ്രത വാഗ്ദാനം നടത്തി.


തൃശിനാപ്പള്ളി സെന്റ് ജോസഫ്സ് കോളജില്‍ നിന്നു ധനതത്വശാസ്ത്രത്തില്‍ ഒന്നാം റാങ്കോടെ ബിരുദം കരസ്ഥമാക്കി. തുടര്‍ന്ന് തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളജിന്റെ പ്രഥമ പ്രിന്‍സിപ്പലായി നിയമിതനായി. 1952-ല്‍ തിരുവനന്തപുരം അതിരൂപതയുടെ സഹായമെത്രാനും തുടര്‍ന്ന് 1955-ല്‍ ആര്‍ച്ചുബിഷപ്പുമായി നിയമിതനായി. രണ്ടാം വത്തിക്കാന്‍ സുന്നഹദോസിന്റെ എല്ലാ സെഷനുകളിലും ആദ്യാവസാനം പങ്കെടുത്തു.

വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍, വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍, വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ എന്നീ മാര്‍പാപ്പാമാരുമായി വളരെയടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. 41 വര്‍ഷം തിരുവനന്തപുരം അതിരൂപതയുടെയും മലങ്കര കത്തോലിക്കാ സഭയുടെയും മെത്രാപ്പോലീത്ത എന്ന നിലയില്‍ സഭയിലും സമൂഹത്തിലും വലിയ സംഭാവനകളായിരുന്നു നല്‍കിയത്. നിലയ്ക്കല്‍ പ്രശ്നം, ക്രിസ്തുവിന്റെ ആറാം തിരുമുറിവ് നാടകം തുടങ്ങിയ വിഷയങ്ങള്‍ പരിഹരിക്കുന്നതില്‍ ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് ശക്തമായ നേതൃത്വം ആണ് നല്‍കിയത്. കെസിബിസിയുടെയും സിബിസിഐയുടെയും പ്രസിഡന്റായിരുന്നു. പ്രധാനമന്ത്രി അധ്യക്ഷനായുള്ള ദേശീയോദ്ഗ്രഥന സമിതിയിലും അംഗമായിരുന്നു. ചാല കമ്പോളത്തില്‍ വര്‍ഗീയ ലഹള ഉണ്ടായപ്പോള്‍ സമാധാന റാലിക്കു നേതൃത്വം കൊടുക്കാന്‍ അന്നത്തെ ഗവണ്‍മെന്റ് നിയോഗിച്ചത് ആര്‍ച്ച്ബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസിനെയായിരുന്നു. കൃഷി, പരിസ്ഥിതി, ഗ്രാമവികസനം, ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങി വ്യത്യസ്തമായ നിരവധി മേഖലകളില്‍ ആര്‍ച്ച്ബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. പുതിയ മരങ്ങള്‍ കേരളക്കരയെ പരിചയപ്പെടുത്തുന്നതിനും ചെലവു കുറഞ്ഞ വീടുകളുടെ ശില്പിയായ ലാറി ബേക്കറെ കേരളത്തിലേക്ക് കൊണ്ടുവന്നതും ആര്‍ച്ച്ബിഷപ് ബനഡിക്ട് മാര്‍ ഗ്രീഗോറിയോസ് ആയിരുന്നു. അനന്തപുരിയുടെ ആത്മീയ തേജസായിരുന്ന അദ്ദേഹം 1994 ഒക്ടോബര്‍ 10-ന് ലോകത്തോടു വിടവാങ്ങി. തിരുവനന്തപുരം മേജര്‍ അതിരൂപത സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയോസും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.