രോഗിയുമായി പോയ കാര്‍ ലോറിയിലിടിച്ചു; രോഗിയും വഴിയാത്രക്കാരനും മരിച്ചു
Saturday, January 31, 2015 1:12 AM IST
കടുത്തുരുത്തി: രോഗിയുമായി ആശുപത്രിയിലേക്കു പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നിലിടിച്ചു രോഗി ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു. കാല്‍നടയാത്രക്കാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. കാര്‍ യാത്രക്കാരനായ മുട്ടുചിറ കൈതോട്ടുങ്കല്‍ കെ.വി. മാത്യു (മാത്തച്ചന്‍-59), കാല്‍നടയാത്രക്കാരനായ തമിഴ്നാട് സേലം ധര്‍മപുരി സ്വദേശി അറുമുഖന്‍ (50) എന്നിവരാണു മരിച്ചത്. മാത്യുവിനു ശസ്ത്രക്രിയ നടത്തിയപ്പോള്‍ ഇട്ട തുന്നല്‍ എടുക്കാനായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്കു പോവുകയായിരുന്നവര്‍ സഞ്ചരിച്ച സാന്‍ട്രോ കാറാണ് അപകടത്തില്‍പ്പെട്ടത്.

ഇന്നലെ രാവിലെ പത്തോ ടെ കോതനല്ലൂര്‍ ജംഗ്ഷനു സമീപം മുയറ്റില്‍ പാലത്തിനടുത്താണ് അപകടം. അപകടത്തില്‍ മരിച്ച മാത്യുവിന്റെ സഹോദരന്‍ ജോണ്‍ (കുഞ്ഞേട്ടന്‍-70, റിട്ട.എയര്‍ഫോഴ്സ്), മാത്യുവിന്റെ മകന്‍ പ്രശാന്ത് (27) എന്നിവരാണു കാറിലുണ്ടായിരുന്നത്. പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്കു സാരമുള്ളതല്ല. കാറിന്റെ പിന്നില്‍ ഇരിക്കുകയായിരുന്ന മാത്യു. സിമന്റുമായി കോതനല്ലൂരിലെ കടയിലേക്കെത്തിയ ലോറിയുടെ പിന്നില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. വ്യാഴാഴ്ച രാത്രിലോഡുമായെത്തിയ ലോറി ഇന്നു കട തുറക്കുന്നതും കാത്തു റോഡരികില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു.


കര്‍ഷകനാണു മരിച്ച മാത്യു. കളത്തൂര്‍ സ്വദേശിയുടെ പാറമടയിലെ തൊഴിലാളിയാണ് അറുമുഖന്‍. ഡല്‍ഹിയില്‍ നഴ്സായി ജോലി നോക്കുന്ന പ്രശാന്ത്, പിതാവ് മാത്യുവിന്റെ ശസ്ത്രക്രിയയ്ക്കായിട്ടാണു നാട്ടിലെത്തിയത്. അറുമുഖനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചു മാറ്റുമ്പോഴാണ് അപകടമുണ്ടായത്. കാറിടിച്ചതിനെത്തുടര്‍ന്നു മുകളിലേക്കു തെറിച്ച അറുമുഖന്‍ ലോറിയുടെ മറുവശത്തു ചെന്നു വീഴുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ അറുമുഖന്‍ മരിച്ചു. നിയന്ത്രണംവിട്ട കാര്‍ ലോറിയുടെ പിന്നില്‍ ഇടിച്ചു കയറുകയായിരുന്നു. ലോറിയിലും കാറിലുമിടിച്ചു തലയ്ക്കു പരിക്കേറ്റാണു മാത്യുവിന്റെ മരണം. അപകടത്തില്‍ കാറിന്റെ മുന്‍വശവും ഇടതുഭാഗവും പൂര്‍ണമായും തകര്‍ന്നു. തകര്‍ന്ന കാറില്‍നിന്നു നാട്ടുകാരാണു പരിക്കേറ്റവരെ പുറത്തെടുത്തത്. സേലം സ്വദേശിയായ അറുമുഖന്‍ ഇന്നലെ രാവിലെയാണു നാട്ടില്‍ പോയി മടങ്ങിയെത്തിയത്. അരിയും പച്ചക്കറിയും വാങ്ങി ജോലി സ്ഥലത്തേക്കു മടങ്ങുമ്പോഴായിരുന്നു അപകടം. അറുമുഖന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. ഇന്നു തമിഴ്നാട്ടില്‍നിന്നു ബന്ധുക്കള്‍ എത്തും.

മാത്യുവിന്റെ സംസ്കാരം ഇന്ന് 2.30ന് മുട്ടുചിറ റൂഹാദകുദിശാ ഫൊറോനാ പള്ളിയില്‍ നടക്കും. ഭാര്യ വിമല. മരങ്ങാട്ടുപിള്ളി കുഴിമുള്ളോരം കുടുംബാംഗം. ഡല്‍ഹിയില്‍ നഴ്സായ പ്രഭ മകളാണ്. കടുത്തുരുത്തി പോലീസ് കേസെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.