ദേശീയ ഗെയിംസ്: കേരളം ഇതുവരെ കാണാത്ത സുരക്ഷാസംവിധാനങ്ങള്‍
Saturday, January 31, 2015 1:38 AM IST
എം. സുരേഷ്ബാബു


തിരുവനന്തപുരം: മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിന് ഇന്നു കൊടിയേറുമ്പോള്‍, കേരളം ഇതുവരെ കാണാത്ത സുരക്ഷാ സംവിധാനങ്ങളാണ് ഗെയിംസിനായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേരള പോലീസിനു പുറമേ കര, വ്യോമ, നാവിക സേനയുടെ വന്‍ സന്നാഹവും സുരക്ഷയ്ക്കായി നിലയുറപ്പിക്കും.

ഗെയിംസിന്റെ ഉദ്ഘാടന, സമാപന സമ്മേളനങ്ങള്‍ നടക്കുന്ന കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റേഡിയത്തില്‍ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളാണു സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്. വിഐപികള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന പ്രധാന വേദിയാണു ഗ്രീന്‍ഫീല്‍ഡ് സ്റേഡിയം. കേരളത്തില്‍നിന്നു ലോകശ്രദ്ധയാകര്‍ഷിച്ച ഏക അന്താരാഷ്ട്ര സ്റേഡിയമെന്ന ഖ്യാതി സ്വന്തമാക്കിയ ഗ്രീന്‍ ഫീല്‍ഡ് സ്റേഡിയത്തില്‍ ദേശീയ ഗെയിംസിനായി ഒരുക്കിയിരിക്കുന്ന സുരക്ഷാക്രമീകരണങ്ങളും രാജ്യാന്തരശ്രദ്ധ പിടിച്ചു പറ്റുന്ന തരത്തിലുള്ളതാണ്.

സ്റേഡിയത്തിനു ചുറ്റും വാഹനങ്ങളില്‍ വിന്യസിക്കുന്ന മിസൈലുകള്‍, വ്യോമസേനയുടെ പ്രത്യേക റഡാറുകള്‍, സായുധ പോലീസിനു പുറമേ കേന്ദ്രസേനയും ഉള്‍പ്പെടെ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിനു സമാനമായ സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

തിരുവനന്തപുരത്തു വ്യോമസേനയുമായും കൊച്ചിയില്‍ നാവിക സേനയുമായും ചേര്‍ന്നു പോലീസ് സംയുക്ത കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. ബീച്ച് മത്സരങ്ങള്‍ നടക്കുന്ന വേദികളോടനുബന്ധിച്ച് നാവികസേനയും തീരസേനയും പെട്രോളിംഗ് നടത്തും.

സംസ്ഥാനം ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ശക്തവും ആധുനിക സംവിധാനങ്ങളോട് കൂടിയ സുരക്ഷയാണു കേരളാ പോലീസ് ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്ത് മാവോയിസ്റ് ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പോലീസ് നിതാന്ത ജാഗ്രതയിലുമാണ്. ജില്ലയിലെ പതിമൂന്ന് കേന്ദ്രങ്ങളിലാണു ഗെയിംസ് മത്സരങ്ങള്‍ നടക്കുന്നത്. ദേശീയ ഗെയിംസിന്റെ സുരക്ഷക്കായി 3,300 ഓളം പോലീസ് ഉദ്യോഗസ്ഥരെയാണു നിയോഗിച്ചിരിക്കുന്നത്. എസ്പിമാര്‍-ഏഴ്, ഡിവൈഎസ്പിമാര്‍-33, സിഐമാര്‍-76, എസ്ഐമാര്‍-310, വനിതാ പോലീസുകാര്‍-275 എന്നിവര്‍ക്കു പുറമെ കേന്ദ്രസേനയുടെ നാല് കമ്പനികളെയും കെഎപി, റാപ്പിഡ് ആക്ഷന്‍ ഫോഴ്സ്, തണ്ടര്‍ ബോള്‍ട്ട് കമാന്‍ഡോകള്‍ ഉള്‍പ്പെടെയുള്ളവയെയും വിന്യസിച്ചിട്ടുണ്ട്.


ജിമ്മി ജോര്‍ജ് സ്റേഡിയം. വെള്ളായണി അഗ്രിക്കള്‍ച്ചറല്‍ ഇന്‍ഡോര്‍ സ്റേഡിയം. സ്കാഷ് കോര്‍ട്ട്, വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റേഞ്ച്, ശംഖുമുഖം, കോവളം, യൂണിവേഴ്സിറ്റി സ്റേഡിയം, കുമാരപുരം ടെന്നീസ് ക്ളബ്, എല്‍എന്‍സിപി കാര്യവട്ടം, ആറ്റിങ്ങല്‍ ശ്രീപാദം സ്റേഡിയം, പിരപ്പന്‍കോട് സ്വിമ്മിംഗ് പൂള്‍ എന്നിവിടങ്ങളിലാണ് ഗെയിംസ് മത്സരങ്ങള്‍ നടക്കുന്നത്. ചന്ദ്രശേഖരന്‍നായര്‍ സ്റേഡിയമാണ് പരിശീലന കേന്ദ്രമായി തീരുമാനിച്ചിരിക്കുന്നത്. എല്ലാ സ്റേഡിയങ്ങളുടെയും പ്രധാന വഴികളില്‍ മെറ്റല്‍ ഡിറ്റക്ടറുകള്‍ സ്ഥാപിച്ച് കഴിഞ്ഞു. കൂടാതെ ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് ഉള്‍പ്പെടെയുള്ള സന്നാഹങ്ങളും സദാ ജാഗരൂകരായിരിക്കും.

മാവോയിസ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ കായികതാരങ്ങളെ സ്റേഡിയങ്ങളിലേക്ക് കൊണ്ടുവരുന്നതിനും തിരികെ താമസ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും സായുധരായ പോലീസിന്റെ അകമ്പടിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കായിക താരങ്ങള്‍ താമസിക്കുന്ന മേനംകുളത്തെ ഗെയിംസ് വില്ലേജിലും പ്രധാന ഹോട്ടലുകളുടെയും സുരക്ഷ കേന്ദ്രസേനയും കേരള പോലീസും സംയുക്തമായാണ് നിര്‍വഹിക്കുന്നത്.

ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യത്തിന്റെ നിര്‍ദേശാനുസരണം എഡിജിപി കെ. പത്മകുമാര്‍, ഐജി മനോജ് എബ്രഹാം എന്നിവരാണ് തിരുവനന്തപുരത്തെ സുരക്ഷയുടെ ചുക്കാന്‍ പിടിക്കുന്നത്. ഓരോ സ്റേഡിയത്തിന്റെയും സുരക്ഷ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കും. നഗരത്തിലെ സ്റേഡിയങ്ങളുടെ സുരക്ഷ ചുമതല സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. വെങ്കിടേഷിനും റൂറലില്‍ എസ്പി ഷഹിന്‍ അഹമ്മദിനുമാണ്. നഗരത്തിലെ റോഡുകളും മത്സരങ്ങള്‍ നടക്കുന്ന സ്റേഡിയങ്ങളും പരിസരവും ഇരുപത്തിനാലു മണിക്കൂറും സിസിടിവി കാമറകളുടെ നിരീക്ഷണത്തിലായിരിക്കും. നിലവിലുള്ളതിനു പുറമേ കൂടുതല്‍ നിരീക്ഷണ കാമറകളും കണ്‍ട്രോള്‍ റൂമുകളും തുറന്നിട്ടുണ്ട്.

ദേശീയ ഗെയിംസ് സമാപിക്കുന്ന ഫെബ്രുവരി 15 വരെ തിരുവനന്തപുരം സിറ്റി, കഴക്കൂട്ടം, ആറ്റിങ്ങല്‍, വെഞ്ഞാറമൂട് എന്നീ പ്രദേശങ്ങള്‍ പോലീസിന്റെ പരിപൂര്‍ണ നിയന്ത്രണത്തിലായിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.