ബൈബിള്‍ പകര്‍ത്തിയെഴുത്ത്: സമ്മാനദാനം നാളെ
Saturday, January 31, 2015 1:43 AM IST
കൊച്ചി: ഫിയാത്ത് മിഷന്റെ ആഭിമുഖ്യത്തില്‍ അഖിലേന്ത്യാ തലത്തില്‍ സംഘടിപ്പിച്ച ബൈബിള്‍ പുതിയ നിയമം പകര്‍ത്തിയെഴുത്ത് മത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനദാനം നാളെ പാലാരിവട്ടം പിഒസിയില്‍ നടത്തുമെന്നു ഫിയാത്ത് മിഷന്‍ ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ പോളി തോമസ്, ജനറല്‍ കണ്‍വീനര്‍ എം.ജെ. ഇട്ടിയച്ചന്‍, സെക്രട്ടറി ജോസ് ഓലിക്കല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9.30ന് തുടങ്ങുന്ന ചടങ്ങില്‍ കെസിബിസി ബൈബിള്‍ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ് സാമുവല്‍ മാര്‍ ഐറേനിയൂസ് സമ്മാനദാനം നിര്‍വഹിക്കും. റവ. ഡോ.വര്‍ഗീസ് വള്ളികാട്ട്, റവ.ഡോ.ജോഷി മയ്യാട്ടില്‍, റവ.ഡോ. ജോസ് കോട്ടയില്‍, ആന്റണി ബെന്‍ജിന്‍, സാബു ജോസ് എന്നിവര്‍ ആശംസയര്‍പ്പിക്കും. മത്സരത്തില്‍ 1,200 പേര്‍ പങ്കെടുത്തു.


തെറ്റു കൂടാതെയും വാക്യങ്ങള്‍ വിട്ടുപോകാതെയും ബൈബിള്‍ വചനങ്ങള്‍ വൃത്തിയായി എഴുതുക എന്നതായിരുന്നു പ്രധാന മാനദണ്ഡം. മത്സരത്തില്‍ സുറിയാനി ഉള്‍പ്പെടെ ഒന്‍പതു ഭാഷകളില്‍ ബൈബിള്‍ എഴുതിയവരുമുണ്ടായിരുന്നു. മലയാളം, ഇംഗ്ളീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ബംഗാളി എന്നീ ഭാഷകളിലും ബൈബിള്‍ പകര്‍ത്തിയെഴുതി. മത്സരത്തില്‍ ഒന്നാം സമ്മാനം വിശുദ്ധനാട് സന്ദര്‍ശനത്തിനുള്ള സൌകര്യമാണ്. രണ്ടും മൂന്നും സമ്മാനങ്ങള്‍ യഥാക്രമം 20,000 രൂപയും 10,000 രൂപയുമാണ്. ഇതിനു പുറമേ പ്രോത്സാഹന സമ്മാനങ്ങളുമുണ്ട്. വിജയികളെ നാളെ രാവിലെ പ്രഖ്യാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.