പെരിഞ്ഞനം നവാസ് വധം: സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി അടക്കം 10 പേര്‍ക്കു ജീവപര്യന്തം
പെരിഞ്ഞനം നവാസ് വധം: സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി അടക്കം 10 പേര്‍ക്കു ജീവപര്യന്തം
Saturday, January 31, 2015 1:14 AM IST
സ്വന്തം ലേഖകന്‍

ഇരിങ്ങാലക്കുട: പെരിഞ്ഞനം സ്വദേശി നവാസിനെ ആളുമാറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി അടക്കം പത്തു പ്രതികള്‍ക്കു ജീവപര്യന്തം കഠിനതടവ് ശിക്ഷവിധിച്ചു. ഒമ്പതാം പ്രതി കൂട്ടുമാക്കല്‍ വീട്ടില്‍ സുമേഷിനെ കുറ്റക്കാരനല്ലെന്നു കണ്ടു വെറുതെവിട്ടു. ഒന്നുമുതല്‍ അഞ്ചുവരെയുള്ള പ്രതികള്‍ക്കു കൊലപാതകത്തില്‍ നേരിട്ടു പങ്കുണ്െടന്നും ഒമ്പതാംപ്രതി ഒഴികെ ആറുമുതല്‍ പതിനൊന്നുവരെയുള്ള പ്രതികള്‍ ഗൂഢാലോചനയില്‍ പങ്കെടുത്തെന്നും കോടതി കണ്െടത്തി. ഗൂഢാലോചനയില്‍ പങ്കെടുത്തതിനു തെളിവില്ലാത്തതിനാലാണ് ഒമ്പതാം പ്രതിയെ വെറുതെവിട്ടത്. ഇരിങ്ങാലക്കുട ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി.രാഗിണിയാണു ശിക്ഷ വിധിച്ചത്.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുസമയത്തു രാഷ്ട്രീയരംഗത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണിത്. വിധി പറയുമ്പോള്‍ കോടതിയിലും പരിസരത്തും കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.

രാഷ്ട്രീയ എതിരാളിയെ വകവരുത്താനുള്ള സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ഗൂഢാലോചനയില്‍ നിരപരാധി ആളുമാറി കൊല്ലപ്പെട്ട കേസാണു നവാസ് വധക്കേസ്. പെരിഞ്ഞനത്തെ ഡിവൈഎഫ്ഐ നേതാവായിരുന്ന ബിജുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ബിജെപി പെരിഞ്ഞനം മേഖലാ പ്രസിഡന്റുമായ കല്ലാടന്‍ ഗിരീഷ് എന്നയാളെ കൊലപ്പെടുത്താന്‍ സിപിഎം നിയോഗിച്ചവര്‍ ആളുമാറി നവാസിനെ കൊലപ്പെടുത്തുകയായിരുന്നു. സിപിഎം നേതൃത്വത്തിന്റെ ഗൂഢാലോചനയെതുടര്‍ന്നു പുതുക്കാടുനിന്നു വാടകഗുണ്ടകളെ വരുത്തി ഗിരീഷിനെ വധിക്കാന്‍ ഏര്‍പ്പാടുചെയ്തെങ്കിലും നവാസിനെ ഗിരീഷാണെന്നു തെറ്റിദ്ധരിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.

2014 മാര്‍ച്ച് രണ്ടിനു രാത്രി 9.15നായിരുന്നു ദാരുണമായ സംഭവം. നവാസിന്റെ കൂടെയുണ്ടായിരുന്ന സുബ്രഹ്മണ്യന്‍, രമേഷ്കുമാര്‍ എന്നിവര്‍ക്കു സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റു. പ്രതികളെ രണ്ടാഴ്ചയ്ക്കുള്ളില്‍തന്നെ പ്രത്യേക അന്വേഷണസംഘം പിടികൂടിയിരുന്നു.

ഒന്നാം പ്രതി പുതുക്കാട് കല്ലൂര്‍ സ്വദേശി ചെറുവാള്‍ക്കാരന്‍ റിന്റോ (31), രണ്ടാം പ്രതി കല്ലൂര്‍ അറയ്ക്കല്‍ വീട്ടില്‍ സലേഷ് (22), മൂന്നാം പ്രതി മാവിന്‍ചുവട് ചിറ്റിയത്ത് ബിഥുന്‍ (24), നാലാം പ്രതി കല്ലൂര്‍ പൂക്കോളി വീട്ടില്‍ ജിക്സണ്‍ എന്ന ഈപ്പച്ചന്‍ (31), അഞ്ചാം പ്രതി പെരിഞ്ഞനം നടയ്ക്കല്‍ ഉദയകുമാര്‍ എന്ന പാപ്പന്‍ (45), ആറാം പ്രതി കയ്പമംഗലം വഴിയമ്പലത്ത് ചുള്ളിപ്പറമ്പില്‍ ഹബീബ് (31), ഏഴാം പ്രതി പെരിഞ്ഞനം വെസ്റ് കിഴക്കേടത്ത് സനീഷ് (29), എട്ടാം പ്രതിയും സിപിഎം പെരിഞ്ഞനം മുന്‍ ലോക്കല്‍ സെക്രട്ടറിയുമായ ചക്കരപ്പാടം നെല്ലിപ്പറമ്പത്ത് രാമദാസ് (41), പത്താംപ്രതി ഡിവൈഎഫ്ഐ നേതാവ് പുതിയവീട്ടില്‍ റഫീഖ്(29), പതിനൊന്നാം പ്രതി പാറപ്പുറത്തു വീട്ടില്‍ സുബൈര്‍(39) എന്നിവരെയാണു കോടതി ശിക്ഷിച്ചത്. ഇതില്‍ ഒന്നുമുതല്‍ നാലുവരെയുള്ള പ്രതികള്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളും മറ്റുള്ളവര്‍ സജീവ സിപിഎം. പ്രവര്‍ത്തകരുമാണ്. സംഭവം നടക്കുമ്പോള്‍ പെരിഞ്ഞനം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു രാമദാസ്.


ജയിലില്‍ വിചാരണക്കാലയളവില്‍ കഴിഞ്ഞ കാലം ശിക്ഷയില്‍നിന്നു കുറവു വരുത്തും. പിഴത്തുകയില്‍ ഒരു ലക്ഷം രൂപ കൊല്ലപ്പെട്ട നവാസിന്റെ ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കും നല്കണമെന്നും അമ്പതിനായിരം രൂപ വീതം പരിക്കേറ്റ രമേശ് മുള്ളക്കര, സുബ്രഹ്മണ്യന്‍ പെരിങ്ങാട് എന്നിവര്‍ക്കു നല്‍കണമെന്നും കോടതി ഉത്തരവായി.

പ്രോസിക്യൂഷന്റെ എല്ലാം വാദങ്ങളും കോടതി അംഗീകരിച്ചതായി സ്പെഷല്‍ പബ്ളിക് പ്രൊസിക്യൂട്ടര്‍ അഡ്വ. ലീന ജയസൂര്യ പറഞ്ഞു. ജനനന്മയ്ക്കുവേണ്ടിയുള്ള രാഷ്ട്രീയം പകപോക്കലിനു വേണ്ടി മാറിയിട്ടുണ്െടങ്കില്‍ അതിനെതിരായ തിരിച്ചടിയാണ് ഈ വിധിയെന്നും അവര്‍ പറഞ്ഞു.

കേസില്‍ ജനുവരി 31 നുമുമ്പ് തീര്‍പ്പു കല്പിക്കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കേസിന്റെ പശ്ചാത്തലവും പ്രാധാന്യവും കണക്കിലെടുത്താണ് അഡ്വ.ലീന ജയസൂര്യനെ സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.