കയര്‍ കേരള ഇന്നുമുതല്‍ ആലപ്പുഴയില്‍
കയര്‍ കേരള ഇന്നുമുതല്‍ ആലപ്പുഴയില്‍
Sunday, February 1, 2015 11:28 PM IST
ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കയറിന്റെയും മറ്റു പ്രകൃതിദത്ത നാരുകളുടെയും പ്രദര്‍ശനം- കയര്‍ കേരള ഇന്നുമുതല്‍ അഞ്ചുവരെ ആലപ്പുഴ ഇഎംഎസ് സ്റേഡിയത്തില്‍ നടക്കും. വൈകുന്നേരം നാലരയ്ക്കു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം നിര്‍വഹിക്കും. റവന്യു- കയര്‍ മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ കെ.സി. വേണുഗോപാല്‍ എംപി, ജി. സുധാകരന്‍ എംഎല്‍എ, ഡോ. തോമസ് ഐസക് എംഎല്‍എ, പി.സി. വിഷ്ണുനാഥ് എംഎല്‍എ, പി. തിലോത്തമന്‍ എംഎല്‍എ എന്നിവര്‍ പ്രസംഗിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. പ്രതിഭാഹരി, കളക്ടര്‍ എസ്. ഹരികിഷോര്‍, നഗരസഭാധ്യക്ഷ മേഴ്സി ഡയാന മാസിഡോ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. രാത്രി ഏഴുമുതല്‍ പത്തുവരെ ചലച്ചിത്രതാരം ഹരിശ്രീ അശോകനും സംഘവും അവതരിപ്പിക്കുന്ന കോമഡി, സിനിമാറ്റിക്കല്‍ മ്യൂസിക്കല്‍ മെഗാഷോ. രണ്ടിനും മൂന്നിനും നാലിനും വിവിധ സെമിനാറുകള്‍ നടക്കും. മൂന്നിനു രാവിലെ പത്തിന് ബയര്‍- സെല്ലര്‍ മീറ്റ് വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും, നാലിന് ദേശീയ സെമിനാര്‍ സാംസ്കാരികമന്ത്രി കെ.സി. ജോസഫും ഉദ്ഘാടനം ചെയ്യും.


രണ്ടിനു രാത്രി ഏഴുമുതല്‍ വിവിധ നൃത്തങ്ങള്‍ അരങ്ങേറും. മൂന്നിനു രമ്യ നമ്പീശനും സംഘവും അവതരിപ്പിക്കുന്ന നൃത്തപരിപാടിയും രോഹിത് വാസുദേവനും സംഘവും അവതരിപ്പിക്കുന്ന വാദ്യോപകരണ സംഗീതവും അരങ്ങേറും. നാലിന് നാടന്‍പാട്ട് മെഗാഷോ. അഞ്ചിനു രാവിലെ പത്തിന് കയര്‍മന്ത്രിയും തൊഴിലാളികളുമായുള്ള ചര്‍ച്ച. വൈകുന്നേരം അഞ്ചിനു നടക്കുന്ന സമാപനസമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നില്‍ സുരേഷ് എംപി, എംഎല്‍എമാരായ ജി. സുധാകരന്‍, സി.കെ. സദാശിവന്‍, എ.എം. ആരിഫ്, തോമസ് ചാണ്ടി, ആര്‍. രാജേഷ് എന്നിവര്‍ മുഖ്യാതിഥികളാകും. രാത്രി ഏഴുമുതല്‍ റിമി ടോമിയുടെ നേതൃത്വത്തില്‍ ഗാനമേള.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.