ലഹരിമരുന്നുമായി യുവനടനും നാലു യുവതികളും അറസ്റില്‍
ലഹരിമരുന്നുമായി യുവനടനും നാലു യുവതികളും അറസ്റില്‍
Sunday, February 1, 2015 11:38 PM IST
കൊച്ചി: ലഹരിമരുന്നുമായി യുവനടനെയും സഹസംവിധായികയും മോഡലുകളും ഉള്‍പ്പെടെ നാലു യുവതികളെയും കൊച്ചിയിലെ ഫ്ളാറ്റില്‍നിന്നു പോലീസ് അറസ്റ് ചെയ്തു. തൃശൂര്‍ മുണ്ടൂര്‍ ചെറുവത്തൂര്‍ ഷൈന്‍ ടോം(31), കോഴിക്കോട് സ്വദേശിനി രേഷ്മ രംഗസ്വാമി(26), ബംഗളൂരു വളയം സ്വദേശിനി ബ്ളെസി സില്‍വസ്റര്‍(22), കാഞ്ഞിരപ്പള്ളി സ്വദേശിനി സ്നേഹ ബാബു(25), കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി ടിന്‍സി ബാബു(25) എന്നിവരെയാണു പിടികൂടിയത്. ഇന്നലെ പുലര്‍ച്ചെ ഒന്നോടെ അസിസ്റന്റ് കമ്മീഷണര്‍ എസ്.ടി. സുരേഷ്കുമാര്‍, എറണാകുളം സെന്‍ട്രല്‍ സിഐ ഫ്രാന്‍സിസ് ഷെല്‍ബി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു കടവന്ത്രയിലുള്ള ആഡംബര ഫ്ളാറ്റില്‍നിന്ന് അഞ്ചു പേരെയും അറസ്റ് ചെയ്തത്.

തൃശൂരില്‍ കഴിഞ്ഞ ദിവസം സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ കിംഗ്സ് ഗ്രൂപ്പ് ഉടമ നിസാമിന്റെ ഉടമസ്ഥതയിലുള്ളതാണു കടവന്ത്രയിലെ ഫ്ളാറ്റ്. പ്രതികളുടെ പക്കല്‍നിന്നു പൌഡര്‍ രൂപത്തിലുള്ള 10 ഗ്രാം കൊക്കെയ്ന്‍ പിടിച്ചെടുത്തതായി സിറ്റി പോലീസ് കമ്മീഷണര്‍ കെ.ജി. ജയിംസ് പറഞ്ഞു. പിടിച്ചെടുത്തത് കൊക്കെയ്ന്‍ തന്നെയാണെന്ന് ആലുവ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.എസ്. ശശികുമാറിന്റെ നേതൃത്വത്തില്‍ പരിശോധിച്ച് ഉറപ്പുവരുത്തി.

പിടിയിലായ സ്നേഹ ബാബു ദുബായിയില്‍ ട്രാവല്‍ മാര്‍ട്ട് ഉടമയാണ്. ബ്ളെസി സില്‍വസ്റര്‍ സഹസംവിധായികയെന്നാണ് അവകാശപ്പെടുന്നത്. രേഷ്മ രംഗസ്വാമി, ടിന്‍സി ബാബു എന്നിവര്‍ മോഡലുകളുമാണ്. രേഷ്മ ഏതാനും ആഴ്ചകള്‍ക്കു മുന്‍പാണു കടവന്ത്രയിലെ ഫ്ളാറ്റ് വാടകയ്ക്കെടുത്തത്. ഇവിടെ സ്മോക്കേഴ്സ് പാര്‍ട്ടി നടത്താറുണ്ടായിരുന്നു. മോഡലുകളും സിനിമയുമായി ബന്ധപ്പെട്ടവരും സ്മോക്കേഴ്സ് പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതു പതിവാണ്. ഇന്നലെ വെളുപ്പിനു കടവന്ത്രയിലെ ആഡംബര ഫ്ളാറ്റില്‍ പോലീസ് റെയ്ഡിനെത്തുമ്പോള്‍ സ്മോക്കേഴ്സ് പാര്‍ട്ടിയുടെ അവസാന ഘട്ടമായിരുന്നു. പിടിയിലായ അഞ്ചു പേരും അപ്പോള്‍ ലഹരിയിലായിരുന്നെന്നും പോലീസ് പറഞ്ഞു.

യുവതികളെ ഫേസ്ബുക്കിലൂടെയാണു പരിചയപ്പെട്ടതെന്നു നടന്‍ ഷൈന്‍ ടോം ചോദ്യംചെയ്യലില്‍ പോലീസിനോടു പറഞ്ഞു. പുതുവര്‍ഷം ആഘോഷിക്കാന്‍ ഗോവയില്‍ പോയപ്പോള്‍ അവിടെനിന്നുമാണു കൊക്കെയ്ന്‍ കൊച്ചിയിലെത്തിച്ചതെന്നും ഷൈന്‍ ടോം പറഞ്ഞു. അതേസമയം, ഷൈനിനു ലഹരിമരുന്ന് ലഭിച്ചതില്‍ വ്യവസായിയായ നിസാമിനു പങ്കുണ്േടായെന്ന് അന്വേഷിക്കുമെന്നു കമ്മീഷണര്‍ കെ.ജി. ജയിംസ് പറഞ്ഞു.


റെയ്ഡ് നടത്തിയ സംഘത്തില്‍ എസ്ഐമാരായ ഷാജി, എഎസ്ഐ ബനഡിക്ട്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഉണ്ണിക്കൃഷ്ണന്‍, അനില്‍കുമാര്‍, സന്തോഷ്കുമാര്‍, ഷാജി, രാജേഷ് ലാല്‍, മനോജ്കുമാര്‍, ഷമീര്‍, വനിതാ പോലീസ് ഓഫീസര്‍ ബിന്ദു, പ്രീതി എന്നിവരുമുണ്ടായിരുന്നു.

ഷൈന്‍ അറസ്റിലായത് സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്ന സമയത്ത്

കൊച്ചി: പുതുതലമുറ സിനിമകളില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണു ഷൈന്‍ ടോം. പത്തോളം സിനികളില്‍ സഹനടനായിരുന്ന ഷൈന്‍ ടോം കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഇതിഹാസ എന്ന ചിത്രത്തില്‍ നായകനായും അഭിനയിച്ചു. മലയാള സിനിമയില്‍ വ്യത്യസ്ത വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുന്ന സമയത്താണു യുവനടന്‍ മയക്കുമരുന്നു കേസില്‍ അറസ്റിലായത്.

പ്ളസ്ടുവിനു പഠിക്കുമ്പോഴാണു ഷൈന്‍ ടോം സിനിമാലോകത്തേക്കു പ്രവേശിച്ചത്. സംവിധായകന്‍ കമലിന്റെ സഹായിയായിട്ടാണു സിനിമാലോകത്തെത്തിയതെങ്കിലും പിന്നീടു സഹനടനായും നായകനായും ഷൈന്‍ ടോം ഉയര്‍ന്നു.

ഗോഡ്ഫാദര്‍മാര്‍ ആരുമില്ലാതിരുന്നിട്ടും മലയാള സിനിമയിലെ നായക നിരയിലേക്കു വരെ ഷൈന്‍ ടോം ഉയര്‍ന്നു. സഹസംവിധായകനായിരിക്കുമ്പോള്‍ തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയുമായി ഏറെ അടുപ്പം കാത്തുസൂക്ഷിച്ചതാണു കലാജീവിതത്തില്‍ ഷൈന്‍ ടോമിനു ഗുണം ചെയ്തത്.

മലയാളസിനിമയിലെ മുന്‍നിര സംവിധായകരായ കമല്‍, ആഷിഖ് അബു, സമീര്‍ താഹിര്‍ എന്നിവരുടെ കീഴില്‍ പത്തു വര്‍ഷത്തോളം സഹസംവിധായകനായതിനു ശേഷമാണു ഷൈന്‍ ടോം അഭിനയ രംഗത്തേക്കു കടന്നത്.

2011ല്‍ കമലിന്റെ ഗദ്ദാമ എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. ഇതില്‍ ആട്ടിടയന്റെ വേഷമായിരുന്നു. തുടര്‍ന്നു 2012ല്‍ സുനില്‍ ഇബ്രാഹിമിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചാപ്റ്റേഴ്സ് എന്ന ചിത്രത്തില്‍ ചൂണ്ട എന്ന കഥാപാത്രത്തെ ഷൈന്‍ അവതരിപ്പിച്ചു. വാണിജ്യപരമായി ചിത്രം വിജയിച്ചില്ലെങ്കിലും ഷൈന്‍ ടോം ചെയ്ത ചൂണ്ട എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു.

പിന്നീട് ഈ അടുത്ത കാലത്ത്, അന്നയും റസൂലും, പകിട, മസാല റിപ്പബ്ളിക്, കൊന്തയും പൂണൂലും എന്നീ ചിത്രങ്ങളില്‍ സഹനട നായി.

2014ല്‍ പുറത്തിറങ്ങിയ ഇതിഹാസയിലൂടെ നായകനിരയിലേക്ക് ഉയര്‍ന്നു. ഈ ചിത്രത്തിലെ പ്രമേയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടി രുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.