സിഎസ്ഡിഎസ് സമ്മേളനത്തിന് ആയിരങ്ങള്‍
സിഎസ്ഡിഎസ് സമ്മേളനത്തിന് ആയിരങ്ങള്‍
Sunday, February 1, 2015 11:40 PM IST
കോട്ടയം: കേരളത്തിലെ മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമി നല്‍കണമെന്ന് ആദിവാസി ഗോത്രമഹാസഭാ നേതാവ് സി.കെ. ജാനു. ദലിതര്‍, ആദിവാസി, മുസ്ലിം, ക്രൈസ്തവര്‍, ഹിന്ദു എന്നിങ്ങനെ വ്യത്യാസമില്ലാതെ ഭൂമിയില്ലാത്ത മുഴുവന്‍ പേര്‍ക്കും ജീവിക്കാനവശ്യമായ ഭൂമിയാണു നല്‍കേണ്ടത്. കോട്ടയത്തു ചേരമര്‍ സാംബവര്‍ ഡെവലപ്മെന്റ് സൊസൈറ്റിയുടെ കുടുംബസംഗമത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സി.കെ. ജാനു. രാജ്യത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന പട്ടിണി മരണം ഇല്ലാതാക്കാന്‍ മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് മണ്ണ് നല്‍കാന്‍ ഭരണാധികാരികള്‍ തയാറാകണം. ഇന്നു കേരള ജനത ഭക്ഷ്യസാധനങ്ങള്‍ക്ക് അന്യസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. സ്വന്തം മണ്ണില്‍ അഭയാര്‍ഥികളും ആശ്രിതരുമായി കഴിയേണ്ടി വരുന്നതില്‍ നിന്നും ജനങ്ങളെ സ്വശ്രയ ജീവിതത്തിലേക്കു നയിക്കുന്നതിനു ഭരണാധികാരികള്‍ക്ക് ഉത്തരവാദിത്വമുണ്െടന്നും അവര്‍ കൂട്ടിചേര്‍ത്തു.

സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. സുരേഷ് അധ്യക്ഷത വഹിച്ചു. ജോസ് കെ. മാണി എംപി മുഖ്യപ്രഭാഷണം നടത്തി. സമാപനസമ്മേളനത്തിനു മുന്നോടിയായി നടന്ന സംഗമറാലി പോലീസ് പരേഡ് ഗ്രൌണ്ടില്‍ മന്ത്രി കെ.എം. മാണി ഫ്ളാഗ് ഓഫ് ചെയ്തു.

പിന്നോക്കവിഭാഗത്തിനു കോളജ് എന്ന ചേരമ സാംബവ ഡവലപ്മെന്റ് സൊസൈറ്റിയുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനു സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നു മന്ത്രി കെ.എം. മാണി പറഞ്ഞു. സ്ത്രീശാക്തീകരണത്തിനു സര്‍ക്കാര്‍ സബ്സിഡി ഉറപ്പു വരുത്തുന്ന പദ്ധതികള്‍ ഉടന്‍ നടപ്പാക്കും.


വരുന്ന ബജറ്റിലും ഇതിനായി തുക വകയിരുത്തും. ഈ പദ്ധതികളുടെ ഗുണഫലം സിഎസ്ഡിഎസിന്റെ വനിതാ അംഗങ്ങള്‍ക്ക് ഉണ്ടാകും. സംഘടനയുടെ പ്രവര്‍ത്തനം സ്ത്രീമുന്നേറ്റത്തിനു വഴി തെളിച്ചിട്ടുണ്ട്. സ്ത്രീകളുടെ തൊഴിലില്ലായ്മ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ അഭിനന്ദനീയമാണ്. സിഎസ്ഡിഎസിന്റെ നേതൃത്വത്തിലുള്ള ഈ മുന്നേറ്റംവലിയ വിപ്ളവത്തിനു നാന്ദി കുറിക്കാനിടയാകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമാപന സമ്മേളനത്തില്‍ എംഎല്‍എമാരായ ഡോ.എന്‍ ജയരാജ്, കെ സുരേഷ് കുറുപ്പ്, സിഎസ്ഡിഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എസ്. സജന്‍,അഡ്വ. സജി കെ. ചേരമന്‍, നഗരസഭ കൌണ്‍സിലര്‍ കെ.യു. രഘു, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അജിതാ സാബു, പിആര്‍ഡിഎസ് മുന്‍ ജന.സെക്രട്ടറി പി.എസ്. ചെല്ലപ്പന്‍,നേതാക്കളായ വി.കെ. തങ്കപ്പന്‍,പി.സി. ജയന്‍, കെ.കെ. സത്യകുമാര്‍, എ.സി. പ്രസന്നന്‍, ആന്‍സി ജേര്‍ജ്കുട്ടി, ഷാജി ഡേവിഡ്, ജോസ് പി. വര്‍ഗീസ്, ജേക്കബ് തോട്ടപ്പള്ളി, ഷൈനി സുരേഷ്, വിജി വട്ടമറ്റം തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.