മുഖ്യമന്ത്രിക്കു ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ തുറന്ന കത്ത്
Monday, February 2, 2015 1:20 AM IST
കട്ടപ്പന: കൈവശഭൂമിയെ സംബന്ധിച്ചുള്ള അവ്യക്തതകള്‍ നീക്കണമെന്നാവശ്യപ്പെട്ട് ഹൈറേഞ്ച് സംരക്ഷണസമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ ഇന്ന് ഇടുക്കിയില്‍ പട്ടയവിതരണത്തിന് എത്തുന്ന മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി.

കത്തിന്റെ പൂര്‍ണരൂപം ചുവടെ ചേര്‍ക്കുന്നു.

ബഹുമാനപ്പെട്ട സാര്‍,

ഫെബ്രുവരി രണ്ടിനു പട്ടയവിതരണം നടത്തുന്നതിന് അങ്ങ് ഇടുക്കിയിലെത്തുകയാണല്ലോ. നിലവില്‍ രണ്ടായിരം പേര്‍ക്ക് പട്ടയം നല്‍കുമെന്ന പ്രഖ്യാപനമുണ്ട്. അത് തികച്ചും സന്തോഷകരമാണ്. പട്ടയത്തിനുവേണ്ടി കാത്തിരിക്കുന്ന ഒരാള്‍ക്കെങ്കിലും ന്യൂനതകളില്ലാത്ത പട്ടയം ലഭിക്കുന്നത് നിസാരമല്ല. എന്നാല്‍, പട്ടയത്തിനുവേണ്ടി കാത്തിരിക്കുന്ന ഒരുലക്ഷത്തില്‍പരം ആളുകളുണ്ട്. ഇപ്പോഴത്തെ രീതിയില്‍ ഇഴഞ്ഞുനീങ്ങിയാല്‍ എത്രനാളുകൊണ്ട് പട്ടയ നടപടി പൂര്‍ത്തിയാകുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്.

ആറ് ഭൂപതിവ് ഓഫീസുകളിലായി 150-ല്‍പരം ജോലിക്കാര്‍ ജോലിചെയ്യുമ്പോള്‍, അവര്‍ ആത്മാര്‍ഥമായി ജോലിചെയ്താല്‍ മഹാഭൂരിപക്ഷത്തിനും വളരെ പെട്ടന്നുതന്നെ പട്ടയം കിട്ടും. എന്നാല്‍, അവരെക്കൊണ്ട് വേണ്ടതുപോലെ ജോലിചെയ്യിക്കാന്‍ കഴിയുന്നില്ല. ഏതാനും മാസങ്ങളായി അവരുടെ ശമ്പളം മുടങ്ങിയിരിക്കുന്നതിനാല്‍ അവര്‍ വളരെ അസ്വസ്ഥരുമാണ്. ഈ ഭൂപതിവ് ഓഫീസുകള്‍ നിര്‍ത്തലാക്കുവാന്‍ പോകുന്നുവെന്ന വാര്‍ത്തയും ഉത്കണ്ഠയോടെയാണ് ഇവിടുത്തെ ജനങ്ങള്‍ കാണുന്നത്.

സംയുക്ത പരിശോധന നടത്തി കൈവശഭൂമിയെ സംബന്ധിച്ചുള്ള അവ്യക്തതകള്‍ നീക്കണമെന്ന് കാലങ്ങളായി ആവശ്യപ്പെടുന്നതാണ്. ഇക്കാര്യത്തില്‍ ഒരു നടപടിയും ഉണ്ടാകുന്നില്ല. ഇഎഫ്എല്‍ നിയമത്തിന്റെ മറപിടിച്ച് കൈവശഭൂമിക്ക് നോട്ടീസ് ലഭിച്ചതിന്റെ പേരില്‍ ഭൂവിനിയോഗം തടയപ്പെട്ട് ആത്മഹത്യയുടെ വക്കില്‍ എത്തിനില്‍ക്കുന്നവര്‍ക്കും നല്‍കിയ വാഗ്ദാനം പാലിക്കപ്പെട്ടില്ല. അവരുടെ ഭൂമി തിരിച്ചുനല്‍കാനും ഇപ്രകാരമുള്ള നടപടികള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കേണ്ടതിന് നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനും ഒട്ടും വൈകരുത്. പട്ടയത്തിലെ സാങ്കേതിക പിഴവുകളുടെ പേരില്‍ കരം അടയ്ക്കാന്‍ കഴിയാത്തവരുടെ പ്രശ്നങ്ങളും വേഗത്തില്‍ പരിഹരിക്കാവുന്നതാണെങ്കിലും നടപടികള്‍ ഉണ്ടാകുന്നില്ല.

നിലവില്‍ ഉപേക്ഷിക്കപ്പെട്ട പദ്ധതിപ്രദേശത്തുള്ള ഏതാനും ചിലര്‍ക്കു മാത്രമാണ് പട്ടയം ലഭിക്കുന്നത്. വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയില്‍ താഴെയെന്ന സത്യവാങ്മൂലം നല്‍കുന്നവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ പട്ടയം നല്‍കുന്നത്. ഇത് കടുത്ത വിവേചനമാണ്. ഒരു പ്രദേശത്തുതന്നെയുള്ള നിരവധിപേര്‍ക്ക് പട്ടയം നിഷേധിച്ചുകൊണ്ട് ഏതാനുംപേര്‍ക്കു മാത്രം പട്ടയം നല്‍കുകവഴി പട്ടയാവകാശികളില്‍തന്നെ ഭിന്നിപ്പ് സൃഷ്ടിക്കുകയാണ്. കഠിനാധ്വാനത്തിലൂടെ തങ്ങളുടെ വാര്‍ഷികവരുമാനം ഒരുലക്ഷം രൂപയില്‍ കൂടുതലായത് തെറ്റായിപ്പോയി എന്ന നിലയില്‍ പരിഗണിക്കുന്നത് പരിഹാസ്യമാണ്. തന്റെ മകന്‍ സൈനിക സേവനത്തിലാണ്, വാര്‍ഷിക വരുമാനം ഒരുലക്ഷത്തില്‍ കൂടുതലുണ്ട് എന്നുപറഞ്ഞ് ഒരു വിധവയ്ക്ക് 32 സെന്റ് സ്ഥലത്തിന് പട്ടയം നിഷേധിച്ചത് എങ്ങിനെ ന്യായീകരിക്കാനാകും.


ഇരട്ടയാര്‍, അയ്യപ്പന്‍കോവില്‍, ഉപ്പുതറ, കാഞ്ചിയാര്‍ തുടങ്ങി വിവിധ പഞ്ചായത്തുകളിലായി പതിനായിരക്കണക്കിന് കര്‍ഷകര്‍ പത്തുചെയിന്‍ മേഖലയിലാണ്. ഇവരുടെ പട്ടയകാര്യത്തില്‍ ഒരു തീരുമാനവും ഉണ്ടാകുന്നില്ല. ഈ മേഖലയിലെ ജനങ്ങള്‍ കടുത്ത അമര്‍ഷത്തിലാണ്. മാങ്കുളം പോലുള്ള നിരവധി പഞ്ചായത്തുകളില്‍ സര്‍ക്കാര്‍ അലോട്ടുമെന്റ് നല്‍കിയ ഭൂമിക്ക് പട്ടയം കിട്ടാത്ത ആയിരങ്ങളുണ്ട്. കട്ടപ്പന, ഉടുമ്പന്നൂര്‍, വെള്ളിയാമറ്റം തുടങ്ങി നിരവധി പഞ്ചായത്തുകളില്‍ സെറ്റില്‍മെന്റ് എന്ന് നേരത്തെ മാര്‍ക്കുചെയ്തുപോയ പ്രദേശങ്ങളില്‍ പട്ടയത്തിനായി കാത്തിരിക്കുന്ന നൂറുകണക്കിന് ജനങ്ങളുണ്ട്. ഷോപ് സൈറ്റുകള്‍ക്ക് പട്ടയം ലഭിക്കുന്നതിനായി കാത്തിരിക്കുന്ന നിരവധി ചെറുകിട നാമമാത്ര വ്യാപാരി വ്യവസായികളും ഇവിടെയുണ്ട്. കഞ്ഞിക്കുഴി, വാഴത്തോപ്പ് പോലുള്ള പഞ്ചായത്തുകളില്‍ മഹാഭൂരിപക്ഷവും പട്ടയത്തിനായി ദശാബ്ദങ്ങളായി കാത്തിരിക്കുന്നവരാണ്.

ഹൈറേഞ്ച് മൌണ്ടന്‍ ലാന്‍ഡ്സ്കേപ് പ്രോജക്ട് മലയോര മേഖലയിലെ 31 പഞ്ചായത്തുകള്‍ വനവത്കരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും ഇത് നടപ്പിലാക്കുന്നത് അംഗീകരിക്കില്ലെന്നും അങ്ങയോട് നേരിട്ട് ഇടുക്കി എംപിവഴി അറിയിച്ചിട്ടുള്ളതാണെങ്കിലും ഇത് റദ്ദുചെയ്യാന്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നു മാത്രമല്ല, സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ ഇത് നടപ്പിലാക്കാനുള്ള ആസൂത്രിത നീക്കവുമായി മുന്നോട്ടുപോകുന്നത് തികച്ചും ഖേദകരമാണ്. ഇതിനെതിരേ വലിയ ജനകീയ പ്രക്ഷോഭം ആരംഭിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകുകയാണ്.

ആദിവാസികള്‍ക്ക് പട്ടയം നല്‍കണമെന്ന് വിവിധ ആദിവാസി സംഘടനകള്‍ ആവശ്യപ്പെടുന്നു. ഞങ്ങള്‍ അതിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നു. യാതൊരു വിലയുമില്ലാത്ത വനാവകാശരേഖ നല്‍കി ആദിവാസികളെ കബളിപ്പിക്കാതെ അവരുടെ ഭൂമിക്ക് പട്ടയം നല്‍കി മറ്റുള്ളവര്‍ക്കുള്ള അവകാശങ്ങള്‍ അനുഭവിക്കാന്‍ അവസരമുണ്ടാകണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു. ഇക്കാര്യത്തിലെല്ലാം പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുമ്പ് അടിയന്തര നടപടിയുണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.