കരാറുകാരുടെ ഓഫീസ് പിക്കറ്റിംഗ് സമരം ഇന്നു മുതല്‍
Monday, February 2, 2015 1:24 AM IST
കോട്ടയം: കഴിഞ്ഞ വര്‍ഷത്തെ 2500 കോടി രൂപയുടെ കുടിശിക ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ടു കരാറുകാര്‍ ഇന്നു മുതല്‍ സംസ്ഥാന വ്യാപകമായി പൊതുമരാമത്ത് ജലവിഭവ ഓഫീസുകള്‍ പിക്കറ്റു ചെയ്യുമെന്ന് ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം പൊതുമരാമത്ത് ഡിവിഷന്‍ ഓഫീസില്‍ നടക്കും. രാവിലെ ഒമ്പതിനു ഗാന്ധി സ്ക്വയറില്‍ നിന്നും കരാറുകാര്‍ പ്രതിഷേധ ജാഥയായി ഡിവിഷന്‍ ഓഫീസില്‍ എത്തിയായിരിക്കും പിക്കിറ്റിംഗ് നടത്തുന്നത്.

മേയ് മാസത്തില്‍ മാത്രമാണ് ഇനി കരാറുകാര്‍ക്ക് പണം നല്‍കുകയുള്ളുവെന്നാണ് ധനവകുപ്പ് അറിയിച്ചിരിക്കുന്നത്. അപ്പോള്‍ കുടിശികയുടെ കാലാവധി 16മാസം കഴിയും ഇതു കരാറുകാര്‍ക്ക് താങ്ങാവുന്നതല്ല. ബില്‍ ഡിസ്കൌണ്ട് പദ്ധതി ധനവകുപ്പ് അട്ടിമറിച്ചിരിക്കുകയാണ്. കുടിശിക ബില്ലുകള്‍ ഡിസ്കൌണ്ട് ചെയ്ത് പ്രശ്നം പരിഹരിക്കാന്‍ നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ പലിശ ബാധ്യത പൂര്‍ണമായി കാരാറുകാര്‍ വഹിക്കണമെന്നതും ഏര്‍പ്പെടുത്തിയിട്ടുള്ള നടപടി ക്രമങ്ങളുടെ സങ്കീര്‍ണത മൂലവും ഡിസ്കൌണ്ടിംഗ് കരാറുകാര്‍ക്ക് സ്വീകാര്യമല്ല.

കുടിശിക തുകയ്ക്ക് കരാറുകാര്‍ പലിശ ലഭിക്കേണ്ട സ്ഥാനത്ത് കരാറുകാര്‍ പലിശ ബാധ്യത ഏറ്റെടുക്കണമെന്നത് ക്രൂരതയാണ്.എങ്കിലും ധനവകുപ്പിന്റെ നടപടി ക്രമങ്ങള്‍ മൂലമുണ്ടാകുന്ന കാലതാമസം ഒഴിവാക്കി ബില്ലുകള്‍ വരുന്ന മുറയ്ക്ക് ബാങ്കുകള്‍ വഴി പണം ലഭ്യമാക്കിയാല്‍ രണ്ടു ശതമാനം വരെ ഡിസ്കൌണ്ട് ചാര്‍ജ് നല്‍കാമെന്ന് കോണ്‍ട്രാക്്ടേഴ്സ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് ഉറപ്പുനല്‍കിയിരുന്നു. ഏറ്റവും പുതിയ ബില്ലുകള്‍ ഉള്‍പ്പെടെ 2000 കോടിയുടെ ബില്ലുകള്‍ക്ക് രൊക്കം പണം ലഭ്യമാക്കുമെന്നാണ് അസോസിയേഷന് ലഭിച്ച വാഗ്ദാനം. എന്നാല്‍ ഒരു വര്‍ഷത്തിലേറെ പഴക്കമുളള ബില്ലുകള്‍ മാത്രമേ ഡിസ്കൌണ്ട് ചെയ്യാന്‍ അനുവദിക്കൂ എന്നാണ് ധനവകുപ്പിന്റെ ഉത്തരവില്‍ വ്യക്തമാകുന്നത്. കുടിശികയ്ക്ക് ബാങ്ക് നിരക്കില്‍ പലിശ സഹിതം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. കെഎസ്ടിപി പണികള്‍ക്ക് സംസ്ഥാന സര്‍ക്കാരും കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എല്ലാ പണികള്‍ക്കും കുടിശികയ്ക്ക് പലിശ നല്‍കുന്നുണ്െടന്നും ഭാരവാഹികള്‍ പറഞ്ഞു.


ഇ-ടെണ്ടര്‍ പൂര്‍ണമാക്കി ഇ.എഗ്രിമെന്റ്, ഇ-ഫയല്‍ നീക്കം, ഇ-ബില്ലിംഗ്, ഇ-പേമെന്റ് എന്നിവ കൂടു നടപ്പാക്കുക, സര്‍ക്കിള്‍ സബ് ഡിവിഷന്‍ ജീവനക്കാരെ പുനര്‍വിന്യസിപ്പിച്ച് സെഷന്‍, ഡിവിഷന്‍ ചീഫ് എന്‍ജിനീയര്‍ ഓഫീസുകള്‍ ശാക്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പിലാക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി, ജില്ലാ പ്രസിഡന്റ് റെജി ടി. ചാക്കോ, ഷാജി ഇലവത്തില്‍, മാനോജ് പാലാത്ര എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.