കയറുത്പന്നങ്ങള്‍ക്ക് പ്രിയമേറുന്നു
Monday, February 2, 2015 1:25 AM IST
ആലപ്പുഴ: ഇന്ത്യന്‍ നിര്‍മിത കയര്‍, പ്രകൃതിദത്ത നാരുല്പന്നങ്ങള്‍ക്ക് ആഗോള വിപണിയില്‍ പ്രിയമേറുന്നു. ഇതിന്റെ സൂചനയായി ഇത്തവണത്തെ കയര്‍ കേരളയില്‍ പതിനഞ്ചോളം രാജ്യങ്ങളാണു പുതുതായി പങ്കെടുക്കുന്നത്. ഇന്നലെ ആരംഭിച്ച കയര്‍ കേരളയുടെ അഞ്ചാം പതിപ്പില്‍ 53 രാജ്യങ്ങളിലെ 170 ബയര്‍മാരുടെ പങ്കാളിത്തമാണുള്ളത്. 2012ല്‍ 32 രാജ്യങ്ങളുടെ പങ്കാളിത്തമായിരുന്നത് 2013ല്‍ 35 ആയും കഴിഞ്ഞവര്‍ഷം 39 ആയും വര്‍ധിച്ചിരുന്നു. ഇതാണ് ഒറ്റയടിക്ക് 53ല്‍ എത്തിയത്.

ഇന്ത്യയിലെ കയറിനും അനുബന്ധ ഉല്പന്നങ്ങള്‍ക്കും ആവശ്യക്കാരേറെയുള്ള ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നായി കയര്‍ കേരളയ്ക്ക് മികച്ച പ്രാതിനിധ്യമാണ് ലഭിച്ചിരിക്കുന്നത്. സാംബിയ, ദക്ഷിണാഫ്രിക്ക, കെനിയ, നൈജീരിയ, ഈജിപ്റ്റ് തുടങ്ങിയ പത്തോളം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും പ്രതിനിധികള്‍ കയര്‍ കേരളയ്ക്കായി രജിസ്റര്‍ ചെയ്തു. അംഗോള, ഘാന, സിംബാബ്വെ, മൊസാംബിക് എന്നീ രാജ്യങ്ങളില്‍ നിന്നും ആദ്യമായാണ് ബയര്‍മാര്‍ എത്തുന്നത്.


ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ബ്രസീല്‍, കൊളംബിയ എന്നിവ കൂടാതെ ഇത്തവണ ഇക്വഡോറില്‍ നിന്നും പ്രതിനിധികള്‍ എത്ത്ി. പരവതാനി വ്യവസായത്തില്‍ ആഗോള ശൃംഖലകളിലൊന്നായ തുര്‍ക്കിയില്‍ നിന്നുമുള്ള പ്രതിനിധികളും ആദ്യമായി കയര്‍കേരളയില്‍ ഭാഗഭാക്കാകുന്നു എന്ന സവിശേഷത കൂടിയുണ്ട്. അന്താരാഷ്ട്ര പവലിയനിലെ 130 ഓളം സ്റാളുകളിലായി കയറ്റുമതി ചെയ്യുന്ന കയറുല്പന്നങ്ങളാണു പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. 175 സ്റാളുകളുള്‍പ്പെടുത്തിയിട്ടുള്ള നാഷണല്‍ പവലിയനില്‍ പ്രവേശനം സൌജന്യമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.