മഞ്ജു വാര്യരും ഗീതു മോഹന്‍ദാസും ബിനാലെയില്‍
മഞ്ജു വാര്യരും ഗീതു മോഹന്‍ദാസും ബിനാലെയില്‍
Monday, February 2, 2015 1:14 AM IST
കൊച്ചി: ചലച്ചിത്രതാരങ്ങളായ മഞ്ജുവാര്യരും ഗീതു മോഹന്‍ദാസും ഇന്നലെ കൊച്ചി മുസിരിസ് ബിനാലെ സന്ദര്‍ശിക്കാനെത്തി. ദീര്‍ഘകാല സുഹൃത്തുക്കള്‍കൂടിയായ ഇവര്‍ പ്രധാന വേദിയായ ആസ്പിന്‍വാള്‍ ഹൌസില്‍ ഒരുമണിക്കൂറോളം ചെലവിട്ടു.

മലയാളിയായ വി.എന്‍. അജി ചാര്‍ക്കോളില്‍ വരച്ച ചിത്രങ്ങള്‍ക്കും ചൈനീസ് കലാകാരന്‍ ഷൂ ബിംഗ് ഇലകളും നാരുകളുംകൊണ്ടു തീര്‍ത്ത നിഴല്‍ ചിത്രങ്ങള്‍ക്കും മുന്നില്‍ ഇവര്‍ ഏറെ സമയം ചെലവഴിച്ചു. റ്യോട്ടോ കുവാക്കുബോ ഇരുട്ടുമുറിയില്‍ തീര്‍ത്ത നിഴല്‍ച്ചിത്രങ്ങള്‍ തങ്ങളെ ഏറെ വിസ്മയിപ്പിച്ചതായി അവര്‍ പറഞ്ഞു. 'ലോസ്റ് 12' എന്ന കലാവിന്യാസം വീക്ഷിക്കുന്നതിനിടെ എല്‍ഇഡി ഘടിപ്പിച്ച കളിത്തീവണ്ടി ചുവരില്‍ തീര്‍ത്ത നിഴലുകള്‍ അത്ഭുതകരമായ അര്‍ഥതലങ്ങളുള്ളവയാണെന്ന് ഇരുവരും ചൂണ്ടിക്കാട്ടി.


2012ലെ ആദ്യബിനാലെയും സന്ദര്‍ശിക്കാനെത്തിയിരുന്ന മഞ്ജുവാര്യര്‍ ഇക്കുറി ഫേസ്ബുക്കിലൂടെ ബിനാലെയ്ക്ക് ആദ്യംതന്നെ പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. പ്രദര്‍ശനം വളരെയധികം ആകര്‍ഷിച്ചുവെന്നും മറ്റു ബിനാലെ വേദികള്‍ സന്ദര്‍ശിക്കുന്നതിനായി വീണ്ടുമെത്തുമെന്നും ദേശീയ അവാര്‍ഡ് നേടിയ 'ലയേഴ്സ് ഡയസ്' എന്ന ചിത്രത്തിന്റെ സംവിധായിക കൂടിയായ ഗീതു മോഹന്‍ദാസ് പറഞ്ഞു.

കൊച്ചിയില്‍ നാളികേര വികസന ബോര്‍ഡുമായുള്ള ചര്‍ച്ചയ്ക്കെത്തിയ ഫിജിയന്‍ കൃഷി, ഗ്രാമ വികസന മന്ത്രി ഇനിയ സെരിയുരാതെ അഞ്ചംഗ സംഘത്തോടൊപ്പം ബിനാലെ സന്ദര്‍ശിക്കാനെത്തി. ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ കലാകാരാര്‍ സൃഷ്ടികളിലൂടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന രീതി ശ്രദ്ധേയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.