ലാന്‍ഡിംഗിനിടെ എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടി
Friday, February 27, 2015 12:11 AM IST
നെടുമ്പാശേരി: ഡല്‍ഹിയില്‍ നിന്ന് ഇന്നലെ രാവിലെ 9.05ന് കൊച്ചി വിമാനത്താവളത്തില്‍ വന്നിറങ്ങിയ എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ ലാന്‍ഡിംഗിനിടെ പൊട്ടി. വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ഏഴു ജീവനക്കാര്‍ ഉള്‍പ്പെടെ 168 പേര്‍ എഐ 567 ഫ്ളൈറ്റിലുണ്ടായിരുന്നു. ലാന്‍ഡിംഗിനിടെ പിന്നിലുള്ള ഒരു ടയര്‍ നിശേഷം പൊളിഞ്ഞു; തൊട്ടടുത്തുള്ള മറ്റൊരു ടയറിന് കേടു സംഭവിച്ചു. കൊച്ചിയില്‍ നിന്ന് 10.15ന് എഐ 933 ഫ്ളൈറ്റായി ഷാര്‍ജയ്ക്കു പോകേണ്ട വിമാനമാണിത്.


ഡല്‍ഹിയില്‍നിന്നു വന്ന 168 പേരെ സുരക്ഷിതരായി കൊച്ചിയില്‍ ഇറക്കി. ടയര്‍ പൊട്ടിയതുകൊണ്ട് ഷാര്‍ജയ്ക്കുള്ള യാത്ര അനിശ്ചിതത്വത്തിലായി. 138 യാത്രക്കാരാണ് ഷാര്‍ജയ്ക്കു പോകേണ്ടിയിരുന്നത്. മറ്റൊരു വിമാനം ക്രമീകരിക്കാന്‍ എയര്‍ലൈന്‍ ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചതിനെ ചൊല്ലി യാത്രക്കാര്‍ ബഹളം വച്ചു. മുംബൈയില്‍നിന്നു രണ്ടു ടയറുകള്‍ എത്തിച്ചാണ് ഉച്ചകഴിഞ്ഞ് 2.30ന് ഷാര്‍ജ വിമാനം പുറപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.