കാരുണ്യ നാലാം വര്‍ഷത്തിലേക്ക്, ധനസഹായം 650 കോടി കവിഞ്ഞു
Friday, February 27, 2015 12:16 AM IST
തിരുവനന്തപുരം: കാരുണ്യ ചികിത്സാ ധനസഹായ പദ്ധതി മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ ഇന്നലെ 2,178 രോഗികള്‍ക്കായി 29 കോടി രൂപയുടെ ചികിത്സാ ധനസഹായ അനുമതികൂടി നല്‍കി ചരിത്രനേട്ടം കുറിച്ചു. ഇതോടെ ഇതുവരെ ചികിത്സാസഹായം ലഭിച്ചവരുടെ എണ്ണം 82,204 ആയും ധനസഹായം 650.37 കോടി രൂപയായും ഉയര്‍ന്നതായി ധനമന്ത്രി കെ.എം. മാണി അറിയിച്ചു.

ഒറ്റത്തവണ ചികിത്സാ ധന സഹായത്തിനുള്ള 26,966 അപേക്ഷകളില്‍ 7.79 കോടി രൂപയും 1,037 ഹീമോഫീലിയ രോഗികള്‍ക്കായി 20.94 കോടി രൂപയും അനുവദിച്ചു. വൃക്കരോഗികള്‍ക്ക് സൌജന്യ ഡയാലിസിസ് നല്‍കുന്നതിന് ജില്ലാ, താലൂക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ 35 ഉം സ്വകാര്യമേഖലയില്‍ 32 ഉം ഡയാലിസിസ് സെന്ററുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കി. ഇതിനു പുറമേ എല്ലാ ഗവണ്‍മെന്റ് മെഡിക്കല്‍കോളജുകളിലും ഡയാലിസിസ് സെന്ററുകള്‍ അനുവദിച്ചു. സര്‍ക്കാര്‍ ആശുപത്രികള്‍ക്കു പുറമേ 72 സ്വകാര്യ ആശുപത്രികള്‍ക്ക് കാരുണ്യ പദ്ധതി പ്രകാരം ചികിത്സ നല്‍കുന്നതിനുള്ള 'അക്രിഡിറ്റേഷന്‍' അനുവദിച്ചു.

ഇതിനകം കാരുണ്യയുടെ 178 നറുക്കെടുപ്പുകളിലായി 401.84 കോടിരൂപയും കാരുണ്യ പ്ളസിന്റെ 45 നറുക്കെടുപ്പുകളിലൂടെ 115.74 കോടിരൂപയുമാണ് ലാഭമായി ലഭിച്ചത്. കാരുണ്യയുടെ വിറ്റുവരവ് 1474.04 കോടിയും കാരുണ്യ പ്ളസിന്റേത് 605.61 കോടിയുമാണ്.

2011-12 ബജറ്റിലൂടെ യുഡിഎഫ് സര്‍ക്കാര്‍ രൂപം നല്‍കിയ 'കാരുണ്യ ബനവലന്റ് ഫണ്ട്' 2012 ഫെബ്രുവരി 26 നാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

മാരകരോഗങ്ങളായ കാന്‍സര്‍, വൃക്ക-ഹൃദയ സംബന്ധമായ രോഗങ്ങള്‍, തലച്ചോറ്, കരള്‍ എന്നിവയുടെ സര്‍ജറി ഉള്‍പ്പെടെയുള്ള ചികിത്സയ്ക്കും ഹീമോഫീലിയ നിയന്ത്രിക്കുന്നതിനുള്ള മരുന്നുകള്‍ക്കും പാലിയേറ്റീവ് കെയറിനുമാണ് ആദ്യഘട്ടത്തില്‍ ഫണ്ടില്‍ നിന്നു ചികിത്സാധനസഹായം നല്കിയിരുന്നത്. രണ്ടാം ഘട്ടമായി മാരകമായ ശ്വാസകോശരോഗങ്ങള്‍, മാരകമായ നട്ടെല്ല്-സുഷ്മ്നാനാഡി രോഗങ്ങള്‍, താലിസീമിയ, സിക്കിള്‍സെല്‍ അനീമിയ എന്നിവയെയും ധനസഹായം ലഭിക്കാവുന്ന രോഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി.


ഒരു കുടുംബത്തിനു പരമാവധി രണ്ടു ലക്ഷം രൂപ എന്ന പരിധിയില്‍ ഒരു കുടുംബത്തിലെ ഒരാള്‍ക്കോ ഒന്നിലധികം ആളുകള്‍ക്കോ, ഒരു പ്രാവശ്യമോ ഒന്നിലധികം പ്രാവശ്യമായോ ചികിത്സാ ധന സഹായം ലഭിക്കും.

എല്ലാ ഹീമോഫീലിയ രോഗികളേയും പ്രത്യേകമായി രജിസ്റര്‍ ചെയ്ത് അടിയന്തര സാഹചര്യത്തില്‍ ആവശ്യമായ മരുന്നുകള്‍ (ഫാക്ടര്‍ 7, 8, 9) കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മുഖാന്തരം ലഭ്യമാക്കുന്നു. ഒരു കുടുംബത്തില്‍ അംഗങ്ങളായ ഒന്നിലധികം ഹീമോഫീലിയ രോഗികള്‍ ഉണ്െടങ്കില്‍ ഓരോ രോഗിക്കും രണ്ടു ലക്ഷം രൂപ വീതം ചികിത്സാധനസഹായം നല്‍കുന്നുണ്ട്.

ഹീമോഫീലിയ രോഗികള്‍ക്ക് ധനസഹായമായി നല്‍കുന്ന രണ്ടു ലക്ഷം രൂപയുടെ ഫാക്ടറുകള്‍ (മരുന്ന്) ഉപയോഗിച്ചു കഴിഞ്ഞ് തുടര്‍ന്നും ഫാക്ടറുകള്‍ ആവശ്യമായി വന്നാല്‍ ഒരു ലക്ഷം രൂപ കൂടി കാരുണ്യ ഫണ്ടില്‍ നിന്ന് അനുവദിക്കും.

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ രോഗിക്ക് അനുവദിക്കുന്ന ചികിത്സാ ധനസഹായത്തിനു പുറമേ അവയവദാതാവിനുള്ള ചികിത്സയ്ക്കായി 'കാരുണ്യ' ബെനവലന്റ് ഫണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപ കൂടി അനുവദിക്കാന്‍ തീരുമാനമായി. നിലവില്‍ അവയവം മാറ്റിവയ്ക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് രോഗിക്ക് മാത്രമാണ് പരമാവധി രണ്ടു ലക്ഷം രൂപ സഹായമായി ലഭിച്ചിരുന്നത്. വൃക്കദാതാവും വൃക്ക സ്വീകരിക്കുന്ന രോഗിയും ഒരേ റേഷന്‍ കാര്‍ഡില്‍ പേരുള്ളവര്‍ ആയാല്‍ ആ കുടുംബത്തിന് അനുവദിക്കുന്ന പരമാവധി ചികിത്സാസഹായ തുക മൂന്നു ലക്ഷം രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.