റിപ്പര്‍ ജയാനന്ദന്റെ വധശിക്ഷ: അപ്പീലില്‍ ഇന്നു വാദം തുടങ്ങും
റിപ്പര്‍ ജയാനന്ദന്റെ വധശിക്ഷ: അപ്പീലില്‍ ഇന്നു വാദം തുടങ്ങും
Friday, February 27, 2015 12:17 AM IST
കോട്ടയം: റിപ്പര്‍ ജയാനന്ദനു വധശിക്ഷ വിധിച്ച കേസിന്റെ അപ്പീല്‍ വാദം ഇന്നു ഹൈക്കോടതിയില്‍ ആരംഭിക്കും. ജഡ്ജിമാരായ കെ.ടി. ശങ്കരന്‍, ബാബു മാത്യു പി. ജോസഫ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണു വാദം കേള്‍ക്കുന്നത്.

തൃശൂര്‍ പുത്തന്‍വേലിക്കര നെടുമ്പള്ളില്‍ വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ കൊലപ്പെടുത്തുകയും ഭര്‍ത്താവിനെ ഗുരുതരമായി പരിക്കേല്പിക്കുകയും ചെയ്ത കേസില്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി മൂന്നാണു ജയാനന്ദനെ 2011 ഒക്ടോബര്‍ 28നു വധശിക്ഷയ്ക്കു വിധിച്ചത്. വധശിക്ഷ ശരിവയ്ക്കുന്നതിനും ജയാനന്ദന്റെ അപ്പിലും സംബന്ധിച്ച വാദമാണ് ഹൈക്കോടതിയില്‍ ഇന്നാരംഭിക്കുന്നത്. പ്രോസിക്യൂഷനുവേണ്ടി എഡിജിപി അഡ്വ. ടോം ജോസ് പടിഞ്ഞാറേക്കര കോടതിയില്‍ ഹാജരാകും.

2006 ഒക്ടോബര്‍ രണ്ടിനാണു പുത്തന്‍വേലിക്കര നെടുമ്പള്ളി ദേവിക (49) യെ കൊലപ്പെടുത്തുകയും ഭര്‍ത്താവ് രാമകൃഷ്ണനെ (50) ഗുരുതരമായി പരിക്കേല്പിക്കുകയും ചെയ്തത്. രാമകൃഷ്ണന്റെ പിറന്നാള്‍ ദിവസമായിരുന്നു അന്ന്.ക്ഷേത്രത്തില്‍ ദീപാരാധന കഴിഞ്ഞു മടങ്ങി വീട്ടില്‍ ഉറങ്ങുമ്പോഴാണു മോഷണത്തിനെത്തിയ പ്രതി മാള പൊയ്യ കറുപ്പന്‍പറമ്പില്‍ ജയാനന്ദന്‍ എന്ന ജയന്‍ (39) ദമ്പതികളെ കമ്പിപ്പാരയും വാക്കത്തിയുമായി ആക്രമിച്ചത്. ഇരുവരുടെയും ശരീരത്തിലുണ്ടായിരുന്ന 96.90 ഗ്രാം സ്വര്‍ണം ഇയാള്‍ അപഹരിച്ചു. ദേവികയുടെ കൈയ്യിലുണ്ടായിരുന്ന വള ഊരാന്‍ കഴിയാത്തതിനാല്‍ കൈപ്പത്തി വെട്ടിമാറ്റിയശേഷമാണ് ആഭരണം മോഷ്ടിച്ചത്. തുടര്‍ന്ന് ഒളിവില്‍പോയ പ്രതിയെ 2006 നവംബര്‍ 23ന് അറസ്റു ചെയ്തു. ഏഴു പേരെ കൊലപ്പെടുത്തിയത് ഉള്‍പ്പെടെ 23 കേസുകളില്‍ പ്രതിയാണ് ജയാനന്ദന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.