ഏഴംകുളം അപകടം: മരിച്ചവര്‍ക്ക് അന്ത്യാഞ്ജലി
Friday, February 27, 2015 12:19 AM IST
അടൂര്‍: ഏഴംകുളം ദേവീക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തിന്റെ കെട്ടുകാഴ്ച കണ്ടു മടങ്ങുകയായിരുന്നവരുടെയിടയിലേക്കു പോലീസ് വാന്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മരിച്ചവര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി.

ചൊവ്വാഴ്ച രാത്രി ഏഴോടെയുണ്ടായ അപകടത്തില്‍ മരിച്ച ഏഴംകുളം വടക്കിനഴികത്ത് വീട്ടില്‍ ശിവശങ്കരപ്പിള്ള (72), ഭാര്യ രത്നമ്മ (65) എന്നിവരുടെ മൃതദേഹം ഇന്നലെ ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ രാവിലെ ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യനേതാക്കളും അടങ്ങുന്ന വന്‍ജനാവലിയടെ സാന്നിധ്യത്തില്‍ പുറത്തെടുത്ത് വീട്ടില്‍ കൊണ്ടുവരികയായിരുന്നു. ജീവിതത്തിന്റെ നാനാതുറകളില്‍പെട്ടവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. അപകടത്തില്‍ മരിച്ച കൊട്ടാരക്കര പള്ളിക്കല്‍ ഉമേഷ്ഭവനില്‍ ഉണ്ണിക്കൃഷ്ണന്‍ ആചാരി (48)യുടെ മൃതദേഹം ബുധനാഴ്ചതന്നെ വീട്ടുവളപ്പില്‍ സംസ്കരിച്ചിരുന്നു.ഇതിനിടെ അപകടത്തെത്തുുടര്‍ന്നു മര്‍ദനത്തിനിരയായ പോലീസ് വാഹനത്തിലെ ഡ്രൈവര്‍ എഎസ്ഐ മുഹമ്മദ് ഷാജി (48)യുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തില്‍ കഴിയുകയാണ് ഷാജി.


ഡ്രൈവര്‍ക്കെതിരെ ഐപിസി 304 പ്രകാരം മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്ത് അറസ്റു രേഖപ്പെടുത്തി. മെഡിക്കല്‍ കോളജില്‍ ഷാജി പോലീസ് കാവലിലാണ്. ഡ്രൈവറെ ആക്രമിച്ചതിനു കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇതിനിടെ എഡിജി പി കെ.പത്മകുമാര്‍ ഇന്നലെ സംഭവസ്ഥലത്തെത്തി തെളിവെടുത്തു. മൂന്നുദിവസത്തിനകം ഡിജിപിക്കു റിപ്പോര്‍ട്ട് കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് ഡ്രൈവര്‍മാര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടാകും. പോലീസ് വാന്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി എഡിജിപിയും സ്ഥിരീകരിച്ചു. ഇതേപോലെയുള്ള അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പത്മകുമാര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.