കാക്കൂരിന് ആവേശമായി കുതിരവണ്ടിയോട്ട മത്സരം
കാക്കൂരിന് ആവേശമായി കുതിരവണ്ടിയോട്ട മത്സരം
Friday, February 27, 2015 12:07 AM IST
കൂത്താട്ടുകുളം: കാളക്കൂറ്റന്മാരുടെ കുളമ്പടി ശബ്ദം ഉയര്‍ന്നിരുന്ന കാക്കൂരിന്റെ ഗ്രാമവീഥിയില്‍ ഇക്കുറി ഉയര്‍ന്നത് കുതിരക്കുളമ്പടികള്‍. ആവേശം നിറഞ്ഞ സവാരി കുതിരവണ്ടിയോട്ട മത്സരം ഗ്രാമവാസികള്‍ക്കു നവ്യാനുഭവമായി. കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ മത്സരങ്ങളില്‍ വിജയക്കൊടി പാറിച്ചിട്ടുള്ള കുതിരകളാണ് ഇവിടെയെത്തിയത്.

പന്ത്രണ്േടാളം ടീമുകള്‍ മത്സരത്തിനിറങ്ങി. വൈകുന്നേരം നാലരയോടെയാണ് കുതിരവണ്ടിയോട്ട മത്സരം ആരംഭിച്ചത്. നടക്കാ വ് ഹൈവേയില്‍ ഒരു കിലോമീറ്ററോളം ദൂരമാണ് കുതിരകള്‍ ഓടിയെത്തേണ്ടിയിരുന്നത്. കാക്കൂരിന്റെ ചരിത്രത്തില്‍ കാളവയല്‍ മത്സരത്തിനിടെ കുതിരയോട്ട മത്സരം മൂന്നു പതിറ്റാണ്ടു മുമ്പ് നടത്തിയിട്ടുണ്െടങ്കിലും പുതുതലമുറ ആദ്യമായാണ് ഈ മത്സരം കാണുന്നത്. മധ്യകേരളത്തില്‍ അപൂര്‍വമായാണു കുതിരകളുടെ മത്സരയോട്ടം നടക്കുന്നത്.

മത്സരം കാണുന്നതിന് ആയിരക്കണക്കിനാളുകളാണ് വിവിധ പ്രദേശങ്ങളില്‍ നിന്നു കാക്കൂരിലേക്ക് എത്തിയത്. സ്ത്രീകളുടെ യും കുട്ടികളുടെയും വലിയൊരു നിരയുണ്ടായിരുന്നു ഇവിടെ.

പൊള്ളാച്ചിയില്‍ നിന്നെത്തിയ സി. പ്രഭാകരന്റെ കുതിരയാണ് ഒന്നാം സ്ഥാനം നേടിയത്. രണ്ടാം സ്ഥാനം എം. ശിവകുമാര്‍ സി. ഗോപാലപുരവും (പൊള്ളാച്ചി), മൂന്നാം സ്ഥാനം ടി. വിക്രം (പൊള്ളാച്ചി), നാലാം സ്ഥാനം സൌന്ദരരാജ് (ചിന്നമ്പാളയം), അഞ്ചാം സ്ഥാനം ദേവസേനാപതി (ചിന്നക്കാളപാളയം) എന്നിവര്‍ കരിസ്ഥമാക്കി. മത്സരത്തിന്റെ ട്രയല്‍ റണ്‍ നടത്തുന്നതിനിടെ വണ്ടി മറിഞ്ഞ് പാലക്കാട് ഗൌതമിന്റെ കുതിരയ്ക്കു പരിക്കേറ്റിരുന്നു.


വെറ്ററിനറി സര്‍ജന്മാരായ ജോ ഈപ്പന്‍ ജോണ്‍, ക്ളയര്‍ ഈപ്പന്‍ എന്നിവര്‍ മത്സരത്തിന്റെ ആദ്യാവസാനം സ്ഥലത്തുണ്ടായിരുന്നു. മൂവാറ്റുപുഴയിലെ ദയ എന്ന സംഘടനയുടെ സെക്രട്ടറിയും അനിമല്‍ വെല്‍ഫെയര്‍ ഓഫീസറുമായ പി.ബി. രമേഷ് മത്സരം നിരീക്ഷിക്കാനെത്തിയിരുന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി കുതിരവണ്ടിയോട്ട മത്സരം ഉദ്ഘാടനം ചെയ്തു. തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് വത്സമ്മ ഭാസ്കരന്‍ അധ്യക്ഷത വഹിച്ചു. ആശ സ നില്‍, ബീന ജയിംസ്, ജോബി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇന്നലെ രാവിലെ നടന്ന ജോഡികാള മത്സരത്തില്‍ ഒന്നാം സ്ഥാ നം കാക്കൂര്‍ പ്ളാച്ചേരില്‍ അനന്തുവിന്റെ കാളകള്‍ക്കാണ് ലഭിച്ചത്. തിരുമാറാടി മുണ്ടയ്ക്കല്‍ എം.യു. ജോസിന്റെ കാളകളാണ് രണ്ടാമതെത്തിയത്.

കന്നുകുട്ടി വിഭാഗത്തില്‍ തിരുമാറാടി ചിറപ്പുറത്ത് ബിനുവിന്റെ കന്നുകുട്ടികള്‍ ഒന്നാമതെത്തി. ഇടയാര്‍ അമ്പാത്ത് ജിതിന്റെ കന്നുകുട്ടികളാണ് രണ്ടാം സ്ഥാനത്ത്.

കിടാരി വിഭാഗത്തില്‍ ഒലിയപ്പുറം പുളിക്കക്കുന്നേല്‍ പി.കെ. തോമസിന്റെ കിടാരികള്‍ ഒന്നാം സ്ഥാനവും തിരുമാറാടി മുണ്ടയ്ക്കല്‍ ലിജോയുടെ കിടാരികള്‍ രണ്ടാം സ്ഥാനവും നേടി.

പൂവന്‍കോഴി സൌന്ദര്യ മത്സരത്തില്‍ കാക്കൂര്‍ തോട്ടംപിള്ളിയിലെ ജോര്‍ജിന്റെ കോഴി ഒന്നാം സ്ഥാനവും തിരുമാറാടി ഒഡപ്ളത്തില്‍ വിജേഷിന്റെ കോഴി രണ്ടാം സ്ഥാനവും നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.