പറവൂര്‍ പീഡനം: പിതാവ് അടക്കം രണ്ടു പ്രതികള്‍ക്കു പത്തു വര്‍ഷം തടവ്
Friday, February 27, 2015 12:21 AM IST
കൊച്ചി: പറവൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടു കേസുകളിലുമായി പെണ്‍കുട്ടിയുടെ പിതാവ് അടക്കം രണ്ടു പ്രതികള്‍ക്കു പത്തു വര്‍ഷം കഠിന തടവ്. പെണ്‍കുട്ടിയെ പനമ്പിള്ളിനഗറിലെ ഫ്ളാറ്റിലും ഇടപ്പള്ളി മുട്ടത്തെ വീട്ടിലുമെത്തിച്ചു പീഡിപ്പിച്ച രണ്ടു പ്രതികളെ ഏഴു വര്‍ഷം തടവിനും എറണാകുളം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി.ജി. അജിത് കുമാര്‍ ശക്ഷിച്ചു.

അതേസമയം, കുറ്റകൃത്യം തെളിയിക്കാന്‍ കഴിയാത്തതിനാല്‍ രണ്ടുപേരെ കോടതി വിട്ടയച്ചു. പറവൂര്‍ വാണിയക്കാട് ചൌതിപ്പറമ്പില്‍ സുധീര്‍, തൃക്കാക്കര പുതുപറമ്പില്‍ വീട്ടില്‍ ജോസ് എന്നിവരെയാണു തടവിനു ശിക്ഷിച്ചത്.

പിതാവിനെ രണ്ടു കേസിലുമായി 26 വര്‍ഷത്തേക്കും ജോസിനെ 25 വര്‍ഷത്തേക്കുമാണു ശിക്ഷിച്ചതെങ്കിലും ശിക്ഷ ഒരുമിച്ച് 10 വര്‍ഷം അനുഭവിച്ചാല്‍ മതിയാവും. ജോസ് രണ്ടു കേസിലുമായി 1.25 ലക്ഷം രൂപ പിഴ അടക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്. പിതാവ് ജയിലില്‍ കഴിയുന്നതു പരിഗണിച്ച് കോടതി പിഴ ശിക്ഷ ഒഴിവാക്കി. ഇവര്‍ക്കു പുറമെ ഇടപ്പള്ളി മുട്ടം സിഎസ്ഐ പള്ളിക്കു സമീപം ഇഞ്ചനാറ്റില്‍ വീട്ടില്‍ ബെന്നി ഏബ്രഹാം, കുറുപ്പത്ത് പറമ്പ് മദര്‍ തെരേസ ലെയിനില്‍ കാനപ്പിള്ളില്‍ വീട്ടില്‍ മേരി ഡെയ്സി (ബിന്ദു), കട്ടപ്പന പാറക്കടവ് മനോജ് വില്ലയില്‍ മനോജ് ഗോപി എന്നിവരെയുമാണു കോടതി ശിക്ഷിച്ചത്. മേരി ഡെയ്സിക്ക് അഞ്ചു വര്‍ഷം തടവും 75,000 രൂപ പിഴയും ബെന്നി ഏബ്രഹാമിനു 15 വര്‍ഷം തടവും 85,000 രൂപ പിഴയും മനോജ് ഗോപിക്ക് 12 വര്‍ഷം കഠിന തടവും 75,000 രൂപ പിഴയും വിധിച്ച കോടതി വിവിധ വകുപ്പുകളിലെ ശിക്ഷകള്‍ ഒരുമിച്ച് ഏഴു വര്‍ഷം വീതം അനുഭവിച്ചാല്‍ മതിയെന്നു വ്യക്തമാക്കി. പെണ്‍കുട്ടിയുടെ മാതാവ് സുബൈദ, ഇടനിലക്കാരി പെരുമ്പാവൂര്‍ നാലു സെന്റ് കോളനിയില്‍ പുത്തന്‍കോട്ടക്കല്‍ വീട്ടില്‍ ഖദീജ എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വിട്ടയച്ചു.


2010 ഏപ്രില്‍ ആദ്യം 15,000 രൂപ പ്രതിഫലത്തില്‍ പെണ്‍കുട്ടിയെ ആലുവ മുട്ടത്തെ വീട്ടിലത്തിെച്ച് പീഡിപ്പിച്ച കേസിലും 2009 മെയ് മൂന്നിന് പനമ്പിള്ളിനഗറിലെ ഫ്ളാറ്റിലെത്തിച്ച് പീഡിപ്പിച്ച കേസിലുമാണു കോടതി ശിക്ഷ പ്രഖ്യാപിച്ചത്. 70,000 രൂപ പ്രതികളില്‍ നിന്നു പലപ്പോഴായി വാങ്ങിയാണ് സുധീര്‍ മകളെ കാഴ്ചവച്ചത്. ജോസ് അടക്കം മറ്റു പ്രതികളാണ് ഇതില്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചത്. പ്രോസിക്യുഷനുവേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍മാരായ മോഹന്‍ സി. മേനോന്‍, അയൂബ് ഖാന്‍ എന്നിവരും വെറുതെ വിട്ട പ്രതിക്കുവേണ്ടി അഡ്വ. പി.എ. മുജീബും ഹാജരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.