കരാര്‍ കുടിശിക: ഡിസ്കൌണ്ടിംഗ് പദ്ധതി തുടങ്ങിയെന്നു മന്ത്രി
കരാര്‍ കുടിശിക: ഡിസ്കൌണ്ടിംഗ് പദ്ധതി തുടങ്ങിയെന്നു മന്ത്രി
Friday, February 27, 2015 12:27 AM IST
കൊച്ചി: സംസ്ഥാനത്ത് പൊതുമരാമത്തു കരാറുകാര്‍ക്ക് നല്‍കാനുള്ള കുടിശിക തുക നല്‍കുന്ന ഡിസ്കൌണ്ടിംഗ് പദ്ധതിയായ ഐ ഓവ് യു നടപ്പില്‍ വന്നതായി പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് പത്രക്കുറിപ്പില്‍ അറിയിച്ചു.

ആദ്യ നാലു മാസത്തെ കുടിശിക തുകയായ 894 കോടി രൂപയാണ് ഇപ്പോള്‍ കൊടുക്കുന്നത്. 2014 ജനുവരി മുതല്‍ ഏപ്രില്‍ മാസം വരെയുള്ള ബില്ലുകളാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനും എളുപ്പത്തില്‍ തുക ലഭിക്കുന്നതിനുമായി ഈ പദ്ധതി ഓണ്‍ലൈനായാണ് നടപ്പാക്കുന്നത്. ഒരു ദിവസം കൊണ്ട് ബില്‍ തുക ഡിസ്കൌണ്ട് ചെയ്യാന്‍ കഴിയും. പദ്ധതി നടപ്പില്‍ വന്നതോടെ കരാറുകാര്‍ക്ക് അവരുടെ ബില്ലുകള്‍ ബാങ്ക് ഡിസ്കൌണ്ട് ചെയ്യുന്ന അതേദിവസം തന്നെ തുക ലഭിക്കും. ഇതിന് ബാങ്കുകള്‍ക്ക് കൊടുക്കേണ്ടി വരുന്നത് വിപണിയിലുള്ളതിനേക്കാള്‍ കുറഞ്ഞ നിരക്കായിരിക്കും. ഈ നിരക്കിന്റെ 25 ശതമാനം ഗവണ്‍മെന്റ് നല്‍കുമെന്ന് മന്ത്രി അറിയിച്ചു.


ഡിസ്കൌണ്ടിംഗ് രീതിയില്‍ ബില്ലുകള്‍ മാറുന്നതു സംബന്ധിച്ച് കരാറുകാര്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കും ബാങ്കുകള്‍ക്കും അറിയിപ്പ് നല്‍കേണ്ടതാണ്. ഇതനുസരിച്ച് ധനവകുപ്പ് പ്രോമിസറി നോട്ട് നല്‍കും. ഇതുപയോഗിച്ച് കരാറുകാര്‍ക്കു തുക കൈപ്പറ്റാം. രാജ്യത്തെ എല്ലാ പ്രമുഖ ബാങ്കുകളും ഈ പദ്ധതിയോടു സഹകരിക്കാന്‍ മുന്നോട്ടു വന്നിട്ടുണ്െടന്ന് മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.