പാമോയില്‍ കേസ് പോലീസിലെ ഉന്നതരും പ്രതിപക്ഷവും ചേര്‍ന്നു മെനഞ്ഞെടുത്ത കഥയെന്നു ജിജി തോംസണ്‍
പാമോയില്‍ കേസ് പോലീസിലെ ഉന്നതരും പ്രതിപക്ഷവും ചേര്‍ന്നു മെനഞ്ഞെടുത്ത കഥയെന്നു ജിജി തോംസണ്‍
Friday, February 27, 2015 12:11 AM IST
തിരുവനന്തപുരം: ഏറെ വിവാദമായ പാമോയില്‍ കേസ് അന്നത്തെ പ്രതിപക്ഷവും പോലീസ് സേനയിലെ ചില ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്നു മെനഞ്ഞെടുത്ത കഥയാണെന്നു ചീഫ് സെക്രട്ടറി ജിജി തോംസണ്‍. തിരുവനന്തപുരം പ്രസ് ക്ളബില്‍ ജേര്‍ണലിസം വിദ്യാര്‍ഥികള്‍ക്കായി നടത്തിയ സെമിനാറിലാണു പാമോയില്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അദ്ദേഹം ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

കേരളത്തിലേക്കു പാമോയില്‍ ഇറക്കുമതി ചെയ്യാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് നടപ്പാക്കുക മാത്രമാണ് താന്‍ ചെയ്തതത്. ഒരു സിവില്‍ സെര്‍വന്റ് എന്ന നിലയക്കു മന്ത്രിസഭാ തീരുമാനം നടപ്പാക്കേണ്ടതു തന്റെ ഉത്തരവാദിത്വമാണ്. എന്നാല്‍, ഈ സംഭവത്തെ ഒരു വിവാദമായി മാറ്റേണ്ടത് അന്നത്തെ പ്രതിപക്ഷത്തിന്റെ ആവശ്യമായിരുന്നു. പോലീസ് സേനയിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ അവരുടെ യജമാനന്മാരോടു കൂറു കാണിക്കാനുള്ള അവസരം ശരിയായി വിനിയോഗിക്കുകയും ചെയ്തു.

അവര്‍ മെനഞ്ഞെടുത്ത കഥയാണ് ഏറെ വിവാദം സൃഷ്ടിച്ച പാമോയില്‍ കേസ്. പാമോയില്‍ ഇറക്കുമതിയിലൂടെ 2.34 കോടി രൂപ സംസ്ഥാനത്തിനു നഷ്ടമായെന്ന വാര്‍ത്ത അന്നുമുതല്‍ പ്രചരിച്ചു തുടങ്ങി. പക്ഷപാതപരമായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നു താന്‍ ഉള്‍പ്പെടെയുള്ള നിരവധിപേര്‍ കുറ്റക്കാരായി ചിത്രീകരിക്കപ്പെട്ടു.

സര്‍ക്കാരിന്റെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്‍ എന്ന നിലയ്ക്ക് സ്വയം സംരക്ഷിക്കാനോ ഇതിനെതിരേ പ്രതികരിക്കാനോ താന്‍ ഇതുവരെ തയാറായില്ലെന്ന് അദ്ദേഹം പറഞ്ഞു. പത്രപ്രവര്‍ത്തന പക്ഷപാതിത്വത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് പരാമര്‍ശിക്കവേ ഉദാഹരണമായിട്ടാണ് അദ്ദേഹം ഈ സംഭവം വിവരിച്ചത്.


ഇപ്പോള്‍ പക്ഷപാതത്തേക്കാള്‍ മുന്‍വിധിയോടെയുള്ള സമീപനമാണു ചാനലുകള്‍ ഉള്‍പ്പെടെയുള്ള മാധ്യമ മേഖലയില്‍ കണ്ടുവരുന്നത്. ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു കേരളത്തില്‍ എത്തിയപ്പോള്‍ സഹപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ടായ ചോദ്യം എന്നെ ആശ്ചര്യപ്പെടുത്തി. അങ്ങൊരു മലയാളിയാണ്. ജനിച്ചു വളര്‍ന്നത് തിരുവനന്തപുരത്തും. ഇവിടത്തെ രാഷ്ട്രീയവും രാഷ്ട്രീയക്കാരേയും അങ്ങേയ്ക്കു നന്നായി അറിയാം. എന്നിട്ടും വിവാദങ്ങളില്‍ ഉള്‍പ്പെട്ടു. അപ്പോള്‍ ഞങ്ങളുടെ അവസ്ഥ എന്തായിരിക്കും എന്നായിരുന്നു അവരുടെ ചോദ്യം. അതിന് ഉത്തരം പറയാന്‍ തനിക്കു കഴിഞ്ഞില്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

പക്ഷപാതപരമായ മാധ്യമപ്രവര്‍ത്തനത്തിന്റെ ബലിയാടുകളാകേണ്ടി വന്ന ചില ഉദ്യോഗസ്ഥരുടെ പേരുകള്‍ ചീഫ് സെക്രട്ടറി പരാമര്‍ശിച്ചു. എന്തു സാഹചര്യത്തെയും ഏതുതരം വിവാദങ്ങളേയും നേരിടാന്‍ തയാറായാണു കേരളത്തിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.