നഷ്ടപ്പെടുന്നതു പതിനായിരക്കണക്കിനു തൊഴിലവസരങ്ങള്‍
Saturday, February 28, 2015 12:29 AM IST
സി.സി. സോമന്‍

കോട്ടയം: സൌദിയില്‍ തൊഴില്‍ തേടുന്നവര്‍ സമര്‍പ്പിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഒറിജിനലാണോ എന്നു പരിശോധിച്ച് സര്‍വകലാശാലകള്‍ നല്‍കേണ്ട റിപ്പോര്‍ട്ട് വൈകുന്നു. ഇതേത്തുടര്‍ന്നു ഡല്‍ഹിയിലെ സൌദി കോണ്‍സുലേറ്റ് അയച്ച പതിനായിരക്കണക്കിനു സര്‍ട്ടിഫിക്കറ്റുകള്‍ കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ കെട്ടിക്കിടക്കുകയാണ്. യഥാസമയം സര്‍ട്ടിഫിക്കറ്റ് പരിശോധനയുടെ റിപ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ ആയിരക്കണക്കിനാളുകള്‍ക്കു വീസ ലഭിക്കാത്ത സാഹചര്യമാണുള്ളത്. സര്‍വകലാശാല വൈസ്ചാന്‍സലര്‍മാര്‍ ഇടപെട്ടില്ലെങ്കില്‍ പതിനായിരക്കണക്കിനാളുകളുടെ തൊഴില്‍ അവസരം നഷ്ടപ്പെടും.

സൌദിയിലേക്കു തൊഴില്‍ വീസയില്‍ പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റു ചെയ്യുന്നതിനു ഡല്‍ഹിയിലെ സൌദി കോണ്‍സുലേറ്റില്‍ നല്‍കിയാല്‍ അവര്‍ ബന്ധപ്പെട്ട സര്‍വകലാശാലയിലേക്കു സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി സീല്‍ഡ് കവറില്‍ അയയ്ക്കും. സര്‍ട്ടിഫിക്കറ്റ് ഒറിജിനലാണോ എന്നറിയുന്നതിനാണ് ഇങ്ങനെ അയയ്ക്കുന്നത്. സര്‍ട്ടിഫിക്കറ്റ് ഒറിജിനലാണെന്നുള്ള സര്‍വകലാശാലയുടെ റിപ്പോര്‍ട്ടു കിട്ടിയാലേ അറ്റസ്റേഷന്‍ നടക്കൂ. നേരത്തേ സൌദിയില്‍ ജോലിനേടിയ പലരും വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതായി കണ്െടത്തിയിരുന്നു.


ഇതേത്തുടര്‍ന്നാണ് സൌദി ഗവണ്‍മെന്റ് സര്‍ട്ടിഫിക്കറ്റ് അറ്റസ്റേഷന്‍ നിയമം കര്‍ക്കശമാക്കിയത്. എന്നാല്‍ സര്‍വകലാശാലകളിലേക്ക് അയയ്ക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് വേഗം തിരിച്ചയയ്ക്കാന്‍ കഴിയാത്തതാണ് ഉദ്യോഗാര്‍ഥികളെ വലയ്ക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ അയച്ച സര്‍ട്ടിഫിക്കറ്റിന്റെ റിപ്പോര്‍ട്ട് പോലും കേരള സര്‍വകലാശാലയില്‍നിന്ന് ഇതുവരെ ലഭിച്ചിട്ടില്ല. വിസ കാലാവധിക്കുള്ളില്‍ സര്‍വകലാശാലയില്‍നിന്നുള്ള റിപ്പോര്‍ട്ട് കിട്ടിയില്ലെങ്കില്‍ ഉദ്യോഗാര്‍ഥിക്ക് സൌദിക്കു പോകാനാവില്ല. നഴ്സുമാര്‍ അടക്കം നിരവധി പേര്‍ ഇപ്പോള്‍ സര്‍ട്ടിഫിക്കറ്റിന്റെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.