സംസ്ഥാനത്തെ സ്കൂളുകളില്‍ സുരക്ഷാസംവിധാനങ്ങള്‍ കര്‍ശനമാക്കുന്നു
Saturday, February 28, 2015 12:29 AM IST
തോമസ് വര്‍ഗീസ്

തിരുവനന്തപുരം: രാജ്യമെമ്പാടും തീവ്രവാദി ആക്രമണങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്കൂളുകളും സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്. തിരക്കേറിയ വഴിയോരങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, മള്‍ട്ടി പ്ളക്സുകള്‍, സ്കൂളുകള്‍ എന്നിവിടങ്ങള്‍ ആക്രമണത്തിനായി തെരഞ്ഞെടുക്കുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ സ്കൂളുകള്‍ സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കണമെന്ന നിര്‍ദേശം. ഇതു സംബന്ധിച്ചുള്ള സര്‍ക്കുലര്‍ എല്ലാ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും വിദ്യാഭ്യാസ വകുപ്പ് അയച്ചു. സ്റാന്‍ഡാര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജര്‍ (എസ്ഒപി) എന്ന പേരില്‍ സ്കൂളുകള്‍ ഒരുക്കേണ്ട സുരക്ഷാ സംവിധാനത്തെക്കുറിച്ചും സ്കൂളുകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും ഈ സര്‍ക്കുലറില്‍ വിവരിക്കുന്നു.

ലോക്കല്‍ പോലീസ് സ്റേഷനുകളില്‍ തങ്ങളുടെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന പ്രധാന സ്കൂളുകളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ സൂക്ഷിച്ചിരിക്കണമെന്ന നിര്‍ദേശമുണ്ട്. ഏത് അടിയന്തരഘട്ടത്തിലും സ്കൂള്‍ വിവരങ്ങള്‍ മനസിലാക്കാനായാണ് ഇത്.

ഓരോ സ്കൂളിനും നിര്‍ബന്ധമായും ചുറ്റുമതില്‍ ഉണ്ടാവണം. ചുറ്റുമതിലില്‍ മൂന്നു മുതല്‍ നാലു വരെ ഗേറ്റുകളും ഇവയില്‍ വേണം. ഈ ഗേറ്റുകള്‍ക്കു മുന്നില്‍ 24 മണിക്കൂറും കുറഞ്ഞത് മൂന്നു സെക്യൂരിറ്റി ജീവനക്കാരുടെയെങ്കിലും സേവനം ഉറപ്പാക്കണം.


തങ്ങളുടെ സമീപത്തെ പോലീസ് സ്റേഷനിലേയും പോലീസ് കണ്‍ട്രോള്‍ റൂമിലേയും നമ്പരുകള്‍ അതാത് സ്കൂള്‍ അധികൃതരുടെ കൈവശം ഉണ്ടായിരിക്കണം. മാത്രവുമല്ല സ്കൂളില്‍ എല്ലാവര്‍ക്കും കാണാവുന്ന സ്ഥലത്ത് ഈ നമ്പരുകള്‍ എഴുതി പ്രദര്‍ശിപ്പിക്കണം. സ്കൂളുകളുടെ പ്രധാന ഗേറ്റിനു സമീപത്ത ഒരു ഫോണ്‍ കണക്ഷന്‍ നിര്‍ബന്ധമായും അനുവദിക്കണം. സ്കൂള്‍ ഗേറ്റിനു വശത്തും സ്കൂളിനുള്ളിലും സിസിടിവി സ്ഥാപിക്കണം. സ്കൂളില്‍ നിയോഗിക്കുന്ന സെക്യൂരിറ്റി ജീവനക്കാര്‍ക്കു വാക്കിടോക്കി നിര്‍ബന്ധമായും നല്കണം.

കൂടാതെ ഇന്റര്‍കോം ടെലഫോണ്‍ സംവിധാനവും ഒരുക്കണം. നോഡല്‍ സെക്യൂരിറ്റി ഓഫീസറുമായും പ്രിന്‍സിപ്പലുമായി ബന്ധപ്പെടാനാണ് ഇന്റര്‍കോം ഫോണ്‍ സംവിധാനം ഒരുക്കുന്നത്. സ്കൂളില്‍ സെന്‍ട്രലൈസ്ഡ് പബ്ളിക് അനൌണ്‍സ്മെന്റ് സംവിധാനം ഉണ്ടായിരിക്കണം. ഈ സൌകര്യം സ്കൂളിലെ എല്ലാ ക്ളാസ് റൂമിലും ഉണ്ടാകുകയും വേണം. കൂടാതെ അലാറം സിസ്റം, ആന്റി സബോട്ടേജ് ചെക്ക് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങളും ഒരുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എന്നു മുതല്‍ ഇക്കാര്യങ്ങള്‍ പൂര്‍ണതോതില്‍ നടപ്പാക്കണമെന്ന നിര്‍ദേശം നല്കിയിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.