രാജ്യത്തു വര്‍ഗീയവിഭജനമുണ്ടാക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നു: സുധാകര്‍ റെഡ്ഡി
രാജ്യത്തു വര്‍ഗീയവിഭജനമുണ്ടാക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നു: സുധാകര്‍ റെഡ്ഡി
Saturday, February 28, 2015 12:31 AM IST
കോട്ടയം: രാജ്യത്ത് വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നു സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി. സിപിഐ സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ചു മാമ്മന്‍ മാപ്പിള ഹാളില്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ചരിത്രകാരന്മാരെ വേട്ടയാടുകയാണു സംഘപരിവാര്‍ ഉള്‍പ്പെടെയുള്ള വര്‍ഗീയ സംഘടനകള്‍. ഇവര്‍ സാധാരണ മനുഷ്യരെ കടന്നാക്രമിക്കുന്ന സ്ഥിതിവിശേഷമാണു രാജ്യത്തു വന്നുകൊണ്ടിരിക്കുന്നത്. മഹാത്മാഗാന്ധിയെയും നെഹ്റുവിനെയും മദര്‍ തെരേസയെയുമെല്ലാം സംഘപരിവാര്‍ കടന്നാക്രമിക്കുകയാണ്. ആറോ എഴോ സ ഹായികളെക്കൊണ്ടുമാത്രം കാര്യങ്ങള്‍ നിയന്ത്രിക്കുന്ന മോദി എല്ലാ ക്കാര്യങ്ങളിലും ഉടന്‍ തന്നെ ട്വീറ്റ് ചെയ്തു തന്റെ അഭിപ്രായം പ്രകടിപ്പിക്കും. എന്നാല്‍, രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ഉള്‍പ്പെടെയുള്ളവരെപ്പോലും പലരും തള്ളിപ്പറഞ്ഞിട്ടും അതിനെക്കുറിച്ചു ട്വീറ്റ് ചെയ്യാന്‍ മോദി തയാറായിട്ടില്ല. അധികാരത്തിലെത്തിയപ്പോള്‍ നല്‍കിയ വാക്കുകള്‍ ഒന്നും പാലിക്കാന്‍ മോദി സര്‍ക്കാരിനു കഴിഞ്ഞിട്ടില്ലെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു.

യുപിഎ സര്‍ക്കാരിനെ നിയന്ത്രി ച്ച കോര്‍പറേറ്റ് ലോകത്തിന്റെ പിടിയിലാണ് ഇപ്പോള്‍ മോദി സര്‍ക്കാരും. തെരഞ്ഞെടുപ്പില്‍ ബിജെപിക്കുവേണ്ടി കോടികള്‍ ഒഴുക്കിയതു കോര്‍പറേറ്റുകളായിരുന്നു. അധികാരത്തിലേറിയാല്‍ വിലക്കയറ്റം നിയന്ത്രിക്കുമെന്നായിരുന്നു മോദിയുടെ പ്രഖ്യാപനം. നൂറു ദിവസത്തിനുള്ളില്‍ കള്ളപ്പണക്കാ രെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുമെന്നു പറഞ്ഞിരുന്നുവെങ്കിലും 300 ദിവസമായിട്ടും ഒന്നും നടന്നിട്ടില്ല. പാവപ്പെട്ടവന്റെ ഭൂമി തട്ടിയെടുത്തു കോര്‍പറേറ്റുകള്‍ക്കു നല്‍കാന്‍ ശ്രമിക്കുകയാണു കേന്ദ്രസര്‍ക്കാര്‍. തൊഴില്‍ നിയമങ്ങള്‍ മാറ്റിയെടുത്തു തൊഴിലാളികളെ പിഴിയുകയാണ് ഇവരുടെ ലക്ഷ്യം. ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിക്കുണ്ടായ വലിയ വിജയം ബിജെപി സര്‍ക്കാരിനും മോദിക്കുമുണ്ടായ തിരിച്ചടിയാണ്. ബിജെപി നയങ്ങള്‍ക്കെതിരായ ജനങ്ങളുടെ വികാരമാണു ഡല്‍ഹിയില്‍ പ്രതിഫലിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ് പാര്‍ട്ടിക്കു തിരിച്ചടിയുണ്ടായി. തോല്‍വിയില്‍ പതറിപ്പോകാതെ പരാജയത്തില്‍നിന്നു പാഠങ്ങള്‍ ഉള്‍കൊണ്ടു ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരാണു കമ്യൂണിസ്റുകാര്‍. കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ അഴിമതിയിലും കുഭകോണത്തിലും മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്. അഴിമതിസര്‍ക്കാരിനെ അധികാരത്തില്‍നിന്നും താഴെയിറക്കാന്‍ സിപിഐ പ്രധാന പങ്കുവഹിക്കും. അഴിമതിക്കെതിരേയുള്ള സമരത്തില്‍ അവസാനം വരെ സിപിഐ ഉറച്ചുനില്കുമെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു.


സുധാകര്‍ റെഡ്ഡിയുടെ പ്രസംഗം ബിനോയ് വിശ്വം പരിഭാഷപ്പെടുത്തി. സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്നു ഗ്രൂപ്പു ചര്‍ച്ചയും പൊതുചര്‍ച്ചയും ആരംഭിച്ചു. രാവിലെ പ്രതിനിധി സമ്മേളനനഗറില്‍ മുതിര്‍ന്ന നേതാവ് കെ.വി. കൈപ്പള്ളി പതാക ഉയര്‍ത്തി. 14 ജില്ലകളില്‍നിന്നുള്ള 600 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഉദ്ഘാടനസമ്മേളനത്തില്‍ നടന്‍ മുകേഷ്, മാധ്യമപ്രവര്‍ത്തകന്‍ എം.വി. നികേഷ്കുമാര്‍, ചലച്ചിത്ര സംവിധായകരായ ലെനിന്‍ രാജേന്ദ്രന്‍, വിനയന്‍ തുടങ്ങി കലാസാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. പ്രതിനിധിസമ്മേളനം ഇന്നും തുടരും. വൈകുന്നേരം ‘കേരള വികസനം-പുതിയ പരിപ്രേക്ഷ്യം എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് രണ്ടിനു രാവിലെ പുതിയ സെക്രട്ടറിയെയും സംസ്ഥാനകൌണ്‍സിലിനെയും തെരഞ്ഞെടുക്കും. വൈകുന്നേരം ബഹുജനറാലിയോടെ സമ്മേളനം സമാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.