അന്വേഷണത്തോടു പൂര്‍ണമായും സഹകരിക്കും: ജയിംസ് മാത്യു
അന്വേഷണത്തോടു പൂര്‍ണമായും  സഹകരിക്കും: ജയിംസ് മാത്യു
Saturday, February 28, 2015 12:32 AM IST
ശ്രീകണ്ഠപുരം: ഹെഡ്മാസ്റര്‍ ഇ.പി. ശശിധരന്‍ ജീവനൊടുക്കിയ കേസില്‍ പോലീസിന്റെ അന്വേഷണത്തോടു പൂര്‍ണമായും സഹകരിക്കുമെന്നു ജയിംസ് മാത്യു എംഎല്‍എ പറഞ്ഞു.

ശ്രീകണ്ഠപുരം സിഐ ഓഫീസില്‍ കീഴടങ്ങുന്നതിനു മുമ്പ് സിപിഎം ശ്രീകണ്ഠപുരം ഏരിയാ കമ്മിറ്റി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ 24ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും കടുത്ത നടുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നതിനാല്‍ എത്താനായില്ല. വീണ്ടും ചികിത്സ തുടരണമെന്ന ആഗ്രഹത്തോടെയാണു കീഴടങ്ങുന്നത്.

പോലീസ് മൊഴിയെടുത്ത ശേഷവും ചികിത്സ തുടരാന്‍ പറ്റാത്ത സാഹചര്യമാണ് ഉണ്ടാകുന്നതെങ്കില്‍ ആ സാഹചര്യത്തെ മറികടക്കാന്‍ ചികിത്സയുടെ സൌജന്യം താന്‍ ഉപയോഗപ്പെടുത്തില്ലെന്നും ജയിംസ് മാത്യു പറഞ്ഞു.

വളരെ വേദനാജനകമായ ഒരു സാഹചര്യമാണു ശശിധരന്‍ മാസ്ററുടെ വിയോഗത്തിലൂടെ ഉണ്ടായത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും എത്രമാത്രം അത് വേദനിപ്പിച്ചുവോ അത്രമാത്രം തന്നെ വേദനയും ദുഃഖവും തനിക്കുമുണ്ട്. പൂര്‍വവിദ്യാര്‍ഥീ സംഗമത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ടാഗോര്‍ സ്കൂളില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ സ്കൂളിലെ പ്രവേശന പരീക്ഷ നിര്‍ത്തലാക്കാന്‍ താന്‍ നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചതായി ഒരു പത്രത്തില്‍ വാര്‍ത്ത വന്നിരുന്നുവെന്നു ശശിധരന്‍ പറഞ്ഞിരുന്നു. ഈ യോഗത്തില്‍ പങ്കെടുത്ത ഒരു അധ്യാപകന്‍ തന്നെ ഫോണിലൂടെ ഇക്കാര്യം അറിയിക്കുകയും ശശിധരന്‍ മാസ്ററെ വിളിക്കുന്നതിനായി ശശിധരന്റെ മൊബൈല്‍ നമ്പര്‍ തനിക്ക് എസ്എംഎസ് അയച്ചുതരികയും ചെയ്തു.

ഇതേത്തുടര്‍ന്നു ശശിധരനെ താന്‍ ഫോണ്‍ വിളിക്കുകയും ഇതേക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. ഏഴുമിനിറ്റ് സമയമാണ് താന്‍ അന്നു സംസാരിച്ചത്. അതിനുമുമ്പോ ശേഷമോ താന്‍ അദ്ദേഹത്തെ വിളിച്ചിട്ടില്ല. ഇതിനുശേഷം മൂന്നു തവണ ശശിധരന്‍ തന്നെ വിളിച്ചു. പത്രത്തില്‍ വായിച്ചതല്ലെന്നും തന്നെ ഇക്കാര്യം ഒരാള്‍ അറിയിച്ചതാണെന്നും പറഞ്ഞു. അദ്ദേഹത്തിന്റെ പേര് തുടര്‍ന്നു വെളിപ്പെടുത്തിയെങ്കിലും അദ്ദേഹത്തോട് ഇക്കാര്യം ചോദിക്കരുതെന്നും പറഞ്ഞു. തനിക്കുകൂടി വേണ്ടപ്പെട്ടയാളാണ് അദ്ദേഹമെന്നതിനാല്‍ താന്‍ ചോദിക്കുന്നില്ലെന്നും ശശിധരന്‍ തന്നെ ചോദിച്ചാല്‍ മതിയെന്നും പറഞ്ഞു ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചു.


ഇതിനുശേഷം ശശിധരനെ കാണാതായെന്ന വിവരമറിഞ്ഞു താന്‍ ആദ്യം വിളിച്ചത് ഇദ്ദേഹത്തെയായിരുന്നു. അതേക്കുറിച്ച് അദ്ദേഹത്തോടു ചോദിച്ചപ്പോള്‍ താന്‍ തന്നെയാണ് ഇക്കാര്യം ശശിധരനോട് പറഞ്ഞതെന്നു പറഞ്ഞു. ദുര്‍ബലനായ ശശിധരനെ ആരോ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. സഹാധ്യാപകനായ ഷാജി പറഞ്ഞതു വിശ്വസിച്ചു താന്‍ ശശിധരനെ കേസില്‍ കുടുക്കിയെന്ന് ആത്മഹത്യാക്കുറിപ്പില്‍ ശശിധരന്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇതുവരെ ഒരു പരാതി പോലും അദ്ദേഹത്തിനെതിരേ താന്‍ നല്‍കിയിട്ടില്ല. ഇത്തരം കാര്യങ്ങള്‍ പറഞ്ഞ് ശശിധരനെ തെറ്റിദ്ധരിപ്പിച്ചവരെക്കുറിച്ചു മാധ്യമങ്ങള്‍ അന്വേഷണം നടത്തണമെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് താന്‍ ഇക്കാര്യം സൂചിപ്പിക്കുമെന്നും ജയിംസ് മാത്യു പറഞ്ഞു.

സ്കൂളിലെ കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട് താന്‍ കമ്മീഷന്‍ ചോദിച്ചെന്നും ഇതേക്കുറിച്ച് ശശിധരന്‍ പിടിഎ യോഗത്തില്‍ പരാര്‍ശിച്ചതിനെത്തുടര്‍ന്നു താന്‍ ശശിധരനെ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ഇതാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നും ചില പത്രങ്ങളും ചാനലുകളും പ്രചരിപ്പിച്ചു. ഇത് അടിസ്ഥാനരഹിതമാണെന്നും ജയിംസ് മാത്യു എംഎല്‍എ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.