എല്‍എന്‍ജി പൈപ്പ്ലൈന്‍ പദ്ധതികള്‍ ത്വരിതപ്പെടുത്തും
Saturday, February 28, 2015 12:35 AM IST
കൊച്ചി: സംസ്ഥാനത്ത് ദ്രവീകൃത പ്രകൃതിവാതക (എല്‍എന്‍ജി) പൈപ്പ്ലൈന്‍ സ്ഥാപിക്കാനുള്ള ഗെയില്‍ പദ്ധതികള്‍ ത്വരിതപ്പെടുത്താന്‍ എറണാകുളത്തിനു വടക്കോട്ടുള്ള ജില്ലകളിലെ എംപിമാരുടെയും ജനപ്രതിനിധികളുടെയും സര്‍വകക്ഷിയോഗം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വിളിച്ചുചേര്‍ക്കാന്‍ ഇന്നലെ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ സൌകര്യംകൂടി പരിഗണിച്ച് കോഴിക്കോടായിരിക്കും യോഗം ചേരുക. ഗെയില്‍ ഇന്ത്യ കമ്പനി പദ്ധതിയില്‍ നിന്നു പിന്‍മാറിയിട്ടില്ലെന്നും പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പറഞ്ഞു.

പദ്ധതിക്ക് ആവശ്യമായ 31 സ്റ്റേഷനുകളില്‍ 13 എണ്ണത്തിന്റെ സ്ഥലം കൈമാറിക്കഴിഞ്ഞു. ബാക്കിയുള്ളവയും ഉടന്‍ കൈമാറും. നിലവിലെ കരാര്‍ തീര്‍ന്നതിനാല്‍ പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതിനു പുതിയ കരാറുകാരെ കണ്െടത്താനുള്ള തിരക്കിലാണ് ഗെയില്‍ അധികൃതര്‍. 500 കിലോമീറ്റര്‍ പൈപ്പ്ലൈനാണ് കേരളത്തില്‍ സ്ഥാപിക്കേണ്ടത്. മറ്റു സംസ്ഥാനങ്ങളില്‍ പൈപ്പ്ലൈനിന് ഇരുപുറവും 30 മീറ്റര്‍ വിട്ട് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണു നിബന്ധന; കേരളത്തില്‍ ഇത് അഞ്ചു മീറ്റര്‍ ആക്കിയിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കുമ്പോള്‍ ന്യായവിലയുടെ അഞ്ച് ഇരട്ടിയുടെ 10 ശതമാനം നഷ്ടപരിഹാരമായി നല്‍കും.


മരങ്ങള്‍ മുറിക്കേണ്ടിവന്നാല്‍ അതിന്റെ കാലപ്പഴക്കവും ആയുസും കണക്കാക്കിയും നഷ്ടപരിഹാരം നല്‍കും. പൈപ്പ്ലൈനിനു മുകളില്‍ വാര്‍ഷിക വിളകള്‍ കൃഷിചെയ്യാനും അനുമതിയുണ്ട്.

ജനങ്ങളുടെ ആശങ്കയകറ്റാന്‍ ജനപ്രതിനിധികളെ കൂട്ടുപിടിച്ച് ബോധവത്ക്കരണം ആരംഭിക്കും. ഇപ്പോള്‍ തന്നെ 2,000 കോടി ചെലവഴിച്ചു കഴിഞ്ഞ പദ്ധതിയില്‍ നിന്നു പിന്‍മാറില്ലെന്നു യോഗത്തില്‍ ഗെയില്‍ പ്രതിനിധികള്‍ പറഞ്ഞു. പ്രാദേശികമായി നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ വ്യവസായ സെക്രട്ടറി പി.എച്ച്. കുര്യനും കെഎസ്ഐഡിസി എംഡി ഡോ. എം. ബീന, മലപ്പുറം ജില്ലാ കളക്ടര്‍ കെ. ബിജു തുടങ്ങിയവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.