ഉല്‍ക്കാപതനം സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധനകള്‍ വേണമെന്നു വിദഗ്ധര്‍
ഉല്‍ക്കാപതനം സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധനകള്‍ വേണമെന്നു വിദഗ്ധര്‍
Sunday, March 1, 2015 11:17 PM IST
സ്വന്തം ലേഖകന്‍

കൊച്ചി: വെള്ളിയാഴ്ച രാത്രി 9.45നും 10.45നും ഇടയ്ക്കു സംസ്ഥാനത്തു പലയിടങ്ങളിലും ആകാശത്തു ദൃശ്യമായതും പിന്നീട് ഭൂമിയിലേക്കു പതിച്ചതും ഉല്‍ക്ക തന്നെയാണെന്നു കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ അറ്റ്മോസ്ഫെറിക് സയന്‍സസ് വിഭാഗത്തിലെ പ്രഫസര്‍ ഡോ. കെ. മോഹന്‍കുമാര്‍ പറഞ്ഞു. തിരുവനന്തപുരത്തുനിന്ന് എത്തിയ ദുരന്തനിവാരണ അഥോറിറ്റിയിലെ വിദഗ്ധരും ഇതു സ്ഥിരീകരിച്ചു. എന്നാല്‍, ഭൂമിയില്‍ ഉല്‍ക്കാപതനം ഉണ്ടായിട്ടുണ്േടായെന്നു കൂടുതല്‍ പരിശോധനയ്ക്കുശേഷമേ സ്ഥിരീകരിക്കാന്‍ സാധിക്കൂ എന്ന് അവര്‍ വ്യക്തമാക്കി.

ഉല്‍ക്ക പതിച്ചുവെന്നു പറയുന്ന എറണാകുളം ജില്ലയിലെ കരുമാല്ലൂരില്‍ തീപിടിത്തം ഉണ്ടായിടത്തെ മണ്ണും ചാരവും അടക്കമുള്ളവ സംഘം ശേഖരിച്ചു.

ഉല്‍ക്ക പതിച്ചാല്‍ ഭൂമിയില്‍ ഗര്‍ത്തമോ സുഷിരങ്ങളോ രൂപപ്പെടും. ഇവിടെ അതൊന്നും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ കൂടുതല്‍ പരിശോധനകള്‍ വേണ്ടിവരുമെന്നു ദുരന്തനിവാരണ അഥോറിറ്റിയിലെ ശാസ്ത്രജ്ഞന്‍ ഡോ. ശേഖര്‍ കുര്യാക്കോസ് പറഞ്ഞു. തീഗോളം പതിക്കുന്നതു കണ്ടുനിന്നവരുടെ വിശദമായ മൊഴിയും സംഘം രേഖപ്പെടുത്തി.

കേരളത്തില്‍ ഇതിനു മുമ്പും ഉല്‍ക്കകള്‍ അന്തരീക്ഷത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിനു സമാനമായ സംഭവങ്ങളാണു കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടു ചെയ്തതെന്നും ഡോ. ശേഖര്‍ കുര്യാക്കോസ് പറഞ്ഞു.

ഉല്‍ക്ക ഭൂമിയിലേക്കു വീഴുമ്പോള്‍ ചിന്നിച്ചിതറിപ്പോകാന്‍ സാധ്യതയുണ്ട്. ആലുവ-പറവൂര്‍ ദേശീയപാതയില്‍ കരുമാല്ലൂര്‍ പുതുക്കാട് മാമ്പിള്ളിപറമ്പില്‍ തീപിടിത്തമുണ്ടായത് ഉല്‍ക്കാ സഞ്ചാരത്തിന്റെ ഭാഗമായാകാമെന്നു ദുരന്ത നിവാരണ അഥോറിറ്റിയിലെ വിദഗ്ധര്‍ പറഞ്ഞു. അന്തരീക്ഷത്തില്‍ കണ്ട തീഗോളം പ്രദേശത്തുകൂടി നീങ്ങുന്നതു കണ്ട സമയത്താണ് ഇവിടെ തീപടര്‍ന്നത്. നാട്ടുകാര്‍ വെള്ളം പമ്പു ചെയ്ത് തീയണയ്ക്കുകയായിരുന്നു. വിവിധ ഭാഗങ്ങളില്‍ തീഗോളം പ്രത്യക്ഷപ്പെട്ടെങ്കിലും തീപിടിത്തമുണ്ടായത് ഇവിടെ മാത്രമാണ്. ഉല്‍ക്ക ഭൂമിയില്‍ പതിക്കുമ്പോള്‍ പ്രത്യേക തരത്തിലുള്ള സുഷിരങ്ങള്‍ രൂപപ്പെട്ടേക്കാം. അത്തരത്തിലുള്ള സുഷിരങ്ങള്‍ ഉണ്േടായെന്നാണ് സംഘം ആദ്യം പരിശോധിച്ചത്. എന്നാല്‍ ഒന്നും കണ്െടത്താനായില്ല. അതുകൊണ്ടാണ് ഒന്നും ഇവിടെ പതിച്ചിട്ടില്ലെന്ന് പ്രാഥമികമായി വിലയിരുത്തിയത്.

ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ സീനിയര്‍ ജിയോളജിസ്റ് ഡോ. കെ.ആര്‍. പ്രവീണ്‍, ജിയോളജിസ്റുമാരായ ഉദയ് നാരായണന്‍, ദീപാഞ്ചന്‍ ഘോഷ്, സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി മേധാവി ഡോ. ശേഖര്‍ എല്‍. കുര്യാക്കോസ്, റിസര്‍ച്ച് ഓഫീസര്‍ ജി.എസ്. പ്രദീപ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പറവൂര്‍ തഹസില്‍ദാര്‍ പി. പത്മകുമാര്‍ സ്ഥലത്തെത്തിയിരുന്നു.

ഉപഗ്രഹത്തിന്റെ അവശിഷ്ടങ്ങള്‍ സാധാരണ ഗതിയില്‍ ബഹിരാകാശത്തു വച്ചുതന്നെ കത്തിത്തീരുമെന്നു ഡോ. കെ. മോഹന്‍ കുമാര്‍ പറഞ്ഞു. ഇനി കത്തിത്തീര്‍ന്നില്ലെങ്കിലും ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിക്കാന്‍ മാത്രമുള്ള ശക്തി ഇത്തരം അവശിഷ്ടങ്ങള്‍ക്ക് ഉണ്ടാകാറില്ല. എന്നാല്‍ ഉല്‍ക്കകള്‍ക്കു ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിക്കാന്‍ സാധിക്കും. അവ ഭൂമിയില്‍ പതിക്കുമ്പോള്‍ ചൂടും അഗ്നി ജ്വാലയും ഉണ്ടാകും. ഇതിനെത്തുടര്‍ന്നുണ്ടാകുന്ന തരംഗങ്ങളാണു ഭൂമികുലുക്കമായി അനുഭവപ്പെടുന്നതെന്നു ഡോ. മോഹന്‍ കുമാര്‍ പറഞ്ഞു.

ഉല്‍ക്ക ഭൂമിയില്‍ പതിക്കുന്നതു വളരെ വിരളമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയില്‍ ഉല്‍ക്ക പതിച്ചാല്‍ ചിലപ്പോള്‍ വലിയ ഗര്‍ത്തം രൂപപ്പെടാറുണ്ട്. ജപ്പാനില്‍ കുറച്ചുനാള്‍ മുന്‍പ് ഉല്‍ക്ക വീണതിനെത്തുടര്‍ന്നു ഒരു തടാകം രൂപപ്പെടുകയുണ്ടായി. ഉല്‍ക്ക പതിക്കുന്നതിനു കാലാവസ്ഥ വ്യതിയാനവുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ആകാശത്തു ദൃശ്യമായ തീഗോളം ഉപഗ്രഹങ്ങളുടെ അവശിഷ്ടമാണെന്നും ചൈനീസ് റോക്കറ്റാണെന്നുമൊക്കെ സംഭവം ഉണ്ടായതിനെ തുടര്‍ന്നു വാര്‍ത്ത പരന്നിരുന്നു. ഇത്തരം അവശിഷ്ടമാണു പ്രത്യക്ഷമായതെങ്കില്‍ നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിലെയും കൊച്ചി നാവികസേനാ കേന്ദ്രത്തിലെയും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റഡാറുകളില്‍ രേഖപ്പെടുത്തപ്പെടുമായിരുന്നു.

മൂവാറ്റുപുഴയ്ക്കടുത്ത് വലമ്പൂരിലും തീഗോളം പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട പരിശോധനകള്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരുടെ സംഘം നടത്തി. ഇവിടെ കണ്െടത്തിയ വസ്തുക്കളുടെ സാമ്പിളുകളും യൂണിവേഴ്സിറ്റിയിലെ ഡോ. ഗോഡ്ഫ്രെ ലൂയിസിന്റെ നേതൃത്വത്തിലുള്ള സംഘം ശേഖരിച്ചു.

തീഗോളത്തിന്റെ അവശിഷ്ടം ചേര്‍ത്തലയിലും

പൂച്ചാക്കല്‍: കഴിഞ്ഞദിവസം ഭീതിപരത്തി ആകാശത്ത് പ്രത്യക്ഷപ്പെട്ട തീഗോളത്തിന്റെ അവശിഷ്ടം ചേര്‍ത്തലയ്ക്ക് സമീപം മാക്കേകവലയില്‍ കണ്െടത്തി. തൈക്കാട്ടുശേരി പോളേക്കാട്ടില്‍ രാജേഷിന്റെ വീടിനു സമീപമാണ് അലൂമിനിയമോ അതിന് സമാനമായ ലോഹത്തിന്റേതോ എന്ന് കരുതുന്ന വസ്തു ലഭിച്ചത്. ഒരു ചെറിയ കലത്തിന്റെ വക്കിന്റെ ആകൃതിയും വലിപ്പവുമാണ് ഇതിനുള്ളത്.

വെള്ളിയാഴ്ച രാത്രി പത്തോടെ ഈ ഭാഗത്ത് ഉഗ്രശബ്ദവും അതീവ തിളക്കത്തോടെയും എന്തോ വന്ന് വീഴുന്നതായി തോന്നിയിരുന്നു. വീടിന്റെ അടുക്കളഭാഗത്ത് കെട്ടിയിരുന്ന പ്ളാസ്റ്റിക് ഷീറ്റിനും ദ്വാരങ്ങള്‍ വീണിട്ടുണ്ട്. വസ്തു പൂച്ചാക്കല്‍ പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രി പത്തോടെ ജില്ലയുടെ വടക്കന്‍ മേഖലയില്‍ വരുന്ന ചേര്‍ത്തല, മണ്ണഞ്ചേരി, കലവൂര്‍, പൂച്ചാക്കല്‍ തുടങ്ങിയ ഭാഗങ്ങളിലൊക്കെ തീഗോളം കണ്ടിരുന്നു.



ഉല്‍ക്ക അന്തരീക്ഷത്തില്‍ കാണുന്ന സാധാരണ പ്രതിഭാസമെന്നു വിശദീകരണം


തിരുവനന്തപുരം: കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വെള്ളിയാഴ്ച രാത്രി ദൃശ്യമായ അഗ്നിഗോളം ഭൂമിയുടെ അന്തരീക്ഷത്തിലേക്കു കടന്നു കത്തിയമര്‍ന്ന ഉല്‍ക്ക ആകാനാണു സാധ്യതയെന്നു കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍ ഡയറക്ടര്‍ ഡോ. ജോര്‍ജ് വര്‍ഗീസ്.

ഇതു സാധാരണ അന്തരീക്ഷത്തില്‍ കാണുന്ന പ്രതിഭാസമാണെങ്കിലും ഇത്തവണയുണ്ടായപ്പോള്‍ അതിന്റെ പ്രകാശതീവ്രത കൂടുതലായിരുന്നു. അന്തരീക്ഷ ഘര്‍ഷണത്താല്‍ തീയും ഇരമ്പലുമുണ്ടായി. അതാണു പരിഭ്രാന്തി പരത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തെക്കുകിഴക്കു ദിശയില്‍ സഞ്ചരിക്കുന്ന 195 തീഗോളങ്ങള്‍ ഇക്കഴിഞ്ഞ 23ന് ആകാശത്തു കണ്ടതായി അമേരിക്കന്‍ മീറ്റിയറോളജിക്കല്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ദീര്‍ഘസമയം ആകാശത്തു പ്രത്യക്ഷപ്പെടുന്നതും ദീര്‍ഘദൂരം സഞ്ചരിക്കുന്നതുമായ ഉല്‍ക്കകളായിരുന്നു അത്. കേരളത്തില്‍ വെള്ളിയാഴ്ച രാത്രി കണ്ടതും അത്തരത്തിലൊന്നാകാനാണു കൂടുതല്‍ സാധ്യത.

ചൈനയുടെ ഒരു കൃത്രിമ ഉപഗ്രഹം തകര്‍ന്നുവീഴുമെന്നു പ്രവചനം ഉണ്ടായിരുന്നെങ്കിലും അതുമായി ഈ അഗ്നിഗോളത്തിനു ബന്ധമില്ല. ഫെബ്രുവരി 24ന് അതു വീണിട്ടുണ്ടാകും. നാസയുടെ ഓര്‍ബിറ്റല്‍ ഡെബ്രിസ് പ്രോഗ്രാം ഓഫീസ് ഭൂമിയുടെ ആകാശത്തിലേക്കു കടക്കുന്ന ഇത്തരം അവശിഷ്ടങ്ങളെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. അവരുടെ മുന്നറിയിപ്പ് പരിശോധിച്ചിട്ടു പ്രത്യേക സൂചനകളൊന്നും ലഭിച്ചിരുന്നില്ലെന്നു ഡോ. ജോര്‍ജ് വര്‍ഗീസ് ചൂണ്ടിക്കാട്ടി.

അന്തരീക്ഷത്തിലേക്കു പ്രവേശിക്കുന്ന ആസ്ട്രോയിഡുകള്‍, ധൂമകേതുക്കള്‍, ഉല്‍ക്കകള്‍, ഉപഗ്രഹാവശിഷ്ടങ്ങള്‍ എന്നിവ ഭൂമിയില്‍ പതിച്ചാല്‍ അത് അപകടങ്ങളുണ്ടാക്കാം. വീഴുന്ന വസ്തുവിന്റെ വലുപ്പമനുസരിച്ച് അപകടത്തിന്റെ കാഠിന്യവും കൂടും. ഉല്‍ക്കാപതനം കൊണ്ടു ഭൂമികുലുക്കം ഉണ്ടാകില്ല. എന്നാല്‍, പതിക്കുന്ന വസ്തു വളരെ വലുപ്പമുള്ളതാണെങ്കില്‍ അതിന്റെ വീഴ്ച കൊണ്ടു പ്രകമ്പനങ്ങള്‍ ഉണ്ടാകാം. കഴിഞ്ഞ ദിവസം നേരിയ തോതിലുള്ള കമ്പനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതൊന്നും പ്രകമ്പനം രേഖപ്പെടുത്തുന്ന ഉപകരണങ്ങളില്‍ പ്രകടമായി രേഖപ്പെടുത്തിയിട്ടില്ല. അതുകൊണ്ടു ഭൂമികുലുക്കമുണ്ടാകുമെന്ന ആശങ്കയും അസ്ഥാനത്താണ്.

ഭൂമിയുടെ അന്തരീക്ഷത്തിലൂടെ അവ വീഴുമ്പോള്‍ ഘര്‍ഷണം മൂലം കത്തി ചാമ്പലാവുകയാണു പതിവ്. ഇത്തരം അപകടകാരികളായ അവശിഷ്ടങ്ങള്‍ ഭൌമാന്തരീക്ഷത്തിലേക്കു കടക്കുന്നുണ്േടായെന്നു നിരന്തരം നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യയുടെ വിവിധ ഉപഗ്രഹങ്ങളും അപായ സൂചന നല്കുന്നുണ്ട്.

ഉല്‍ക്കാപതനം പോലെയുള്ള പ്രതിഭാസങ്ങള്‍ ചില കാലങ്ങളില്‍ വര്‍ധിച്ചിരിക്കും.


തീഗോളം കാണാന്‍ പോയ യുവാക്കള്‍ ബൈക്കപകടത്തില്‍ പെട്ടു; ഒരാള്‍ മരിച്ചു

കോലഞ്ചേരി: വലമ്പൂരില്‍ തീഗോളം പതിച്ചെന്ന വാര്‍ത്തയറിഞ്ഞു കാണാന്‍ പോയ യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് ഗുഡ്സ് വാനിലിടിച്ച് ഒരാള്‍ മരിച്ചു. സഹയാത്രികന്‍ ഗുതുതരാവസ്ഥയില്‍. പട്ടിമറ്റം ചെങ്ങര പ്ളാങ്കുടിയില്‍ പരമേശ്വരന്റെ മകന്‍ സന്തോഷ്(37) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ചെങ്ങര താഴത്തെ വീട്ടില്‍ ജിബിനെ (24) ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച രാത്രി 11.30ഓടെ പട്ടിമറ്റം-മൂവാറ്റുപുഴ റോഡില്‍ വലമ്പൂര്‍ അത്താണിക്കു സമീപമായിരുന്നു അപകടം. വലമ്പൂര്‍ മേഖലയില്‍ തീഗോളം വീണതായി വാര്‍ത്ത വന്നതറിഞ്ഞ് പട്ടിമറ്റത്ത് നിന്ന് ഇരുവരും ആ ഭാഗത്തേക്കു പോവുകയായിരുന്നുവെന്ന് പറയുന്നു. മുമ്പില്‍ പോകുകയായിരുന്ന കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന വാന്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്കു തെറിച്ചുവീണ സന്തോഷിനെ കോലഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബൈക്ക് അപകടത്തില്‍ പെട്ട രണ്ടുപേര്‍ റോഡില്‍ വീണ വിവരമറിഞ്ഞ പട്ടിമറ്റം ഫയര്‍ഫോഴ്സ് സംഘമാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. സന്തോഷിന്റെ സംസ്കാരം നടത്തി. സന്തോഷിന്റെ മാതാവ്: കാര്‍ത്യായനി. സഹോദരന്‍: സുരേഷ്.

ശാസ്ത്രീയ പരിശോധന ഹൈദരാബാദില്‍

തിരുവനന്തപുരം: ജനങ്ങളെ പരിഭ്രാന്തിയിലാക്കി വെള്ളിയാഴ്ച രാത്രിയില്‍ ആകാശത്തു കണ്ട തീഗോളം ചെറിയ ഉല്‍ക്കയാകാമെന്നു ശാസ്ത്രീയ പരിശോധനയില്‍ പ്രാഥമിക നിഗമനം. എന്നാല്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഹൈദരാബാദിലെ ലബോറട്ടറിയില്‍ പരിശോധിച്ചശേഷം മാത്രമേ അന്തിമ നിഗമനത്തില്‍ എത്താന്‍ കഴിയൂ എന്നാണു വിദഗ്ധര്‍ നല്‍കുന്ന സൂചന.

ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിയുടെയും സംസ്ഥാന ദുരന്ത നിവാരണ സെല്ലിലേയും വിദഗ്ധര്‍ ഇവയുടെ അവശിഷ്ടം വീണു കത്തിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു തെളിവുകള്‍ ശേഖരിച്ചു പ്രാഥമിക ശാസ്ത്രീയ പരിശോധന നടത്തി.

വലമ്പൂരില്‍നിന്നു ലഭിച്ച അവശിഷ്ടം കൂടുതല്‍ ശാസ്ത്രീയ പരിശോധനയ്ക്കായി ജിഎസ്ഐയുടെ ഹൈദരാബാദിലെ ലബോറട്ടറിയിലേക്ക് അയയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. പരിശോധനാ ഫലം ലഭിച്ച ശേഷമേ അന്തിമ പ്രഖ്യാപനം ഉണ്ടാകുകയുള്ളു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.