മഹാകവി കട്ടക്കയത്തിന്റെ സംഭാവനകളെ ഉയര്‍ത്തിക്കാട്ടുന്നതില്‍ അനാസ്ഥ: പെരുമ്പടവം
മഹാകവി കട്ടക്കയത്തിന്റെ സംഭാവനകളെ ഉയര്‍ത്തിക്കാട്ടുന്നതില്‍ അനാസ്ഥ: പെരുമ്പടവം
Sunday, March 1, 2015 12:49 AM IST
പാലാ: മഹാകവി കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിള അനുസ്മരണവും കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്ന കട്ടക്കയം കൃതികളുടെ പുനഃപ്രകാശനവും ഇന്നലെ പാലായില്‍ നടന്നു. പാലാ സെന്റ് വിന്‍സെന്റ് മൊണാസ്ട്രി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. മഹാകവി കട്ടക്കയത്തിന്റെ സംഭാവനകളെ ഉയര്‍ത്തിക്കാട്ടുന്നതില്‍ ചരിത്രകാരന്മാര്‍ കുറ്റകരമായ അനാസ്ഥ കാണിച്ചുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചരിത്രം സൃഷ്ടിച്ചവരെ മറക്കുന്ന പ്രവണതയും കുറ്റവാളികളായി ചിത്രീകരിക്കുന്ന പ്രവണതയും അംഗീകരിക്കാനാവില്ല. മൌലികമായ കാവ്യകല സൃഷ്ടിച്ച്, എഴുത്തുകാരനെന്ന നിലയില്‍ കലാപം ഉണ്ടാക്കിയയാളാണു കട്ടക്കയം. അദ്ദേഹത്തിന്റെ ഭാഷ ലളിതവും സുന്ദരവും പച്ചമലയാളത്തിലുള്ളതുമായിരുന്നുവെന്ന് പെരുമ്പടവം ശ്രീധരന്‍ പറഞ്ഞു. കേരളസാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്ന കട്ടക്കയം കൃതികളുടെ പ്രകാശനം പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, പുസ്തകത്തിന്റെ കോപ്പി കട്ടക്കയം കുടുംബയോഗം രക്ഷാധികാരി തോമസ് കട്ടക്കയത്തിന് നല്‍കി നിര്‍വഹിച്ചു. ആത്മീയകരുത്ത് കട്ടക്കയത്തിന് ഉണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ കൃതികള്‍ നമുക്ക് പുതിയ നേട്ടം പ്രധാനം ചെയ്യുമെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു. സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. കുര്യാസ് കുമ്പളക്കുഴി ആമുഖപ്രസംഗം നടത്തി. ജനകീയസ്വഭാവമുള്ള, ആര്‍ക്കും എളുപ്പത്തില്‍ മനസിലാക്കാവുന്ന രചനകളാണ് മഹാകവിയുടെ പ്രത്യേകതയെന്ന് അദ്ദേഹം പറഞ്ഞു. കേരള സാഹിത്യ അക്കാദമി സെക്രട്ടറി ആര്‍.ഗോപാലകൃഷ്ണന്‍, ഫാ. അലക്സാണ്ടര്‍ പൈകട സിഎംഐ, മാണി കട്ടക്കയം, അഗസ്റിന്‍ ഇടമറ്റം തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രഫ.ചാര്‍ളി കട്ടക്കയം സ്വാഗതവും തോമസ് കട്ടക്കയം കൃതജ്ഞതയും പറഞ്ഞു. പാലാ മുനിസിപ്പല്‍ ഓഫീസിനു സമീപം സ്ഥാപിച്ചിട്ടുള്ള മഹാകവി കട്ടക്കയം ചെറിയാന്‍ മാപ്പിളയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയതിനു ശേഷമാണ് വിശിഷ്ടാഥിതികള്‍ സമ്മേളനവേദിയിലെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.