കഞ്ചാവ് കടത്തല്‍: കഠിന തടവും പിഴയും
Sunday, March 1, 2015 12:49 AM IST
തൊടുപുഴ: ഒന്നര കിലോ കഞ്ചാവുമായി കോട്ടയം നാഗമ്പടം ജംഗ്ഷനില്‍ നിന്നും പിടിയിലായ കേസില്‍ റാന്നി, ഐരൂര്‍, ചെരുവംപ്ളാവില്‍ പ്രസാദചന്ദ്രനെ (37) തൊടുപുഴ എന്‍ഡിപിഎസ് സ്പെഷല്‍ കോടതി ജഡ്ജി പി.കെ അരവിന്ദ് ബാബു മൂന്നുവര്‍ഷം കഠിനതടവിനും ഒരുലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. കോട്ടയം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. രാജന്‍ബാബുവും പാര്‍ട്ടിയും കോട്ടയം നാഗമ്പടം ജംഗ്ഷനില്‍ സീസര്‍ പാലസ് ഹോട്ടലിനു മുന്‍വശം വാഹനപരിശോധന നടത്തിവരവെ അതുവഴി വന്ന ബൈക്ക് യാത്രക്കാരനായ പ്രതി എക്സൈസ് പാര്‍ട്ടിയെ കണ്ട് ഇറങ്ങി ഓടാന്‍ ശ്രമിക്കവേ പിന്തുടര്‍ന്ന് വാഹനം ചെക്ക്ചെയ്താണ് പ്രതിയെ പിടികൂടിയത്. വാഹനത്തിന്റെ പെട്രോള്‍ ടാങ്കിന് മുകള്‍വശം ഒളിപ്പിച്ചാണ് പ്രതി ഒന്നരകിലോ കഞ്ചാവ് കടത്തുന്നതിന് ശ്രമം നടത്തിയത്. കോട്ടയം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. രാജന്‍ബാബു തന്നെ അന്വേഷണം നടത്തി ചാര്‍ജു ചെയ്ത കേസില്‍ പതിനൊന്ന് സാക്ഷികളും പതിമൂന്ന് രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ പി. എച്ച്. ഹനീഫാ റാവുത്തര്‍ ഹാജരായി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.