സിപിഐ നേതൃത്വത്തിനു രൂക്ഷവിമര്‍ശനം
Sunday, March 1, 2015 12:51 AM IST
കോട്ടയം: സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ പൊതുചര്‍ച്ചയില്‍ ദേശിയ സംസ്ഥാന നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെതിരേയും പ്രതിനിധികള്‍ രൂക്ഷവിമര്‍ശനമുയര്‍ത്തി. ഡല്‍ഹിയിലെ ആംആദ്മി പാര്‍ട്ടിയുടെ ചുരുങ്ങിയ സമയത്തിനുള്ളിലെ വലിയ വിജയം കണ്ടുപഠിക്കണമെന്നും പ്രതിനിധികള്‍ പറഞ്ഞു.

പാര്‍ലമെന്റില്‍ ഒരു എംപി മാത്രമായി പാര്‍ട്ടിയുടെ സാന്നിധ്യം ചുരുങ്ങിയതു കേന്ദ്ര നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. വെളിയം ഭാര്‍ഗവനും സി.കെ. ചന്ദ്രപ്പനും ഇരുന്ന കസേരയിലിരുന്ന് പന്ന്യന്‍ രവീന്ദ്രന്‍ സെക്രട്ടറിക്കു ചേര്‍ന്നതല്ലാത്ത രീതിയിലുള്ള പ്രവര്‍ത്തനമാണ് നടക്കുന്നതെന്നും വിമര്‍ശനമുയര്‍ന്നു. സംസ്ഥാന സമ്മേളനം തുടങ്ങുന്നതിനു മുമ്പു സെക്രട്ടറി സ്ഥാനം ഒഴിയുകയാണെന്ന പ്രചരണം നടത്തിയത് പാര്‍ട്ടി അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കി. ഇതു സംസ്ഥാന സെക്രട്ടറിക്കു യോജിച്ച നടപടിയല്ല.

സോളാര്‍ സമരത്തേക്കുറിച്ച് അഡ്ജസ്റ്മെന്റ് സമരമെന്നു വിശേഷിപ്പിച്ചത് ആശയക്കുഴപ്പമുണ്ടാക്കിയെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. തിരുവനന്തപുരത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാര്‍ട്ടിക്കു തെറ്റുപറ്റിയെന്നും പേയ്മെന്റ് സീറ്റെന്നുള്ള ആരോപണവും തുടര്‍ന്നുണ്ടായ വിമര്‍ശനവും പാര്‍ട്ടിയെ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാക്കിയെന്നും ഭൂരിഭാഗം പ്രതിനിധികളും കുറ്റപ്പെടുത്തി. ഇടതു മുന്നണിക്കു വിജയിക്കാമായിരുന്ന തിരുവനന്തപുരം സീറ്റില്‍ രാഷ്ട്രീയ മത്സരം നടത്താതെ സ്വതന്ത്രനു പിന്നാലെ പോയത് തെറ്റായിപ്പോയെന്നും പാര്‍ട്ടിക്കു നല്ല സ്ഥാനാര്‍ഥികള്‍ ഉള്ളപ്പോള്‍ ബെന്നറ്റിനേപ്പോലെയുള്ളവരെ സ്ഥാനാര്‍ഥിയാക്കിയത് വലിയ അപമാനമാണ് ഉണ്ടാക്കിയതെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി.


അതേ സമയം പേയ്മെന്റ് സീറ്റു വിവാദത്തെത്തുടര്‍ന്ന് പാര്‍ട്ടി കമ്മീഷന്‍ നടപടിയെടുത്തപ്പോള്‍ ഒരു വിഭാഗം നേതാക്കള്‍ക്കു നേരെ മാത്രമാണ് നടപടിയെടുത്തതെന്നും ബാക്കിയുള്ളവര്‍ ഇപ്പോഴും യാഥാ സ്ഥാനത്തു തുടരുകയാണെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി.

സിപിഎമ്മിന്റെ വാലായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന നേതൃത്വത്തിന്റെ നടപടിയേയും പ്രതിനിധികള്‍ വിമര്‍ശിച്ചു. സിപിഎം നേതാക്കളുടെ ധാര്‍ഷ്ട്യവും ഏകാധിപത്യവും മുന്നണി സംവിധാനത്തിനു കോട്ടം വരുത്തുന്നതായും വിമര്‍ശനമുയര്‍ന്നു. ആര്‍എസ്പിയും ജനതാദളും മുന്നണി വിട്ടത് സിപിഎമ്മിന്റെ ധിക്കാര നിലാപാടുമൂലമാണെന്നും ഇടതു മുന്നണിയുടെ വിപുലീകരണം നടത്തിയാല്‍ മാത്രമേ അടുത്ത തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാന്‍ കഴിയുകയുള്ളുവെന്നും പ്രതിനിധികള്‍ പറഞ്ഞു.

ഇന്നലെ നടന്ന ചര്‍ച്ചയില്‍ 15 പ്രതിനിധികള്‍ പങ്കെടുത്തു. പൊതു ചര്‍ച്ച ഇന്നും തുടരും. വൈകുന്നേരം ദേശീയ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും മറുപടി പറയും. നാളെ രാവിലെ പുതിയ സംസ്ഥാന കൌണ്‍സിലിനേയും പുതിയ സെക്രട്ടറിയേയും തെരഞ്ഞെടുക്കും. വൈകുന്നേരം നടക്കുന്ന ബഹുജന റാലിയോടെ സമ്മേളനത്തിനു സമാപനമാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.