അലസത വെടിയുക
Sunday, March 1, 2015 11:17 PM IST
തീര്‍ഥാടനം-14/ ഫാ. ജേക്കബ് കോയിപ്പള്ളി

ക്രിസ്തുവിന്റെ ഉപമകളില്‍ ശ്രദ്ധേയമായ ഒന്നാണു വിത്തുകളുടെയും വിതക്കാരന്റെയും ഉപമ. നല്ല വിതക്കാരന്‍ തന്റെ വിത്തുകള്‍ വഴിയരികിലോ മുള്ളുകള്‍ക്കിടയിലോ പാറപ്പുറത്തോ വിതയ്ക്കില്ല. മറിച്ച് അവന്‍ നല്ല നിലം തേടും. നല്ല നിലം ഒരുക്കപ്പെട്ട നിലമാണ്. വയലോരങ്ങള്‍ക്ക് അടുത്തു ജീവിക്കുന്നവര്‍ നിലമൊരുക്കുന്നതിന്റെ കഷ്ടപ്പാടുകള്‍ കണ്ടിട്ടുണ്ടാവണം. ഓരോ നിലമൊരുക്കലിന്റെയും പിന്നില്‍ കുറേ കഷ്ടപ്പാടുകളുടെ കഥകളുണ്ടാവും. വിയര്‍പ്പൊഴുക്കിയ, കുറെ വിശന്നു ജോലി ചെയ്ത, വെയിലുകൊണ്ടു നിറം മങ്ങിയ, പൊരിവെയിലില്‍ ദാഹിച്ചുവരണ്ട, ചെളിയില്‍ കാല്‍ ചവിട്ടിനിന്ന കുറേ നാളുകളുടെ ഫലമാണു നല്ല നിലം.

അലസനായ കര്‍ഷകന്റെ ഭൂമിയില്‍ ഒരു ഫലവും വിളയില്ല. അതില്‍ കളകള്‍ നിറഞ്ഞുനില്‍ക്കുന്നു. കളകള്‍ നിറയുന്ന ജീവിതഭൂമി അധ്വാനി അല്ലാത്ത മനുഷ്യന്റെ ബഹിര്‍സ്ഫുരണമാണ്. അധ്വാനി തന്റെ ഫലങ്ങളെ സ്വപ്നം കാണുന്നു. ആ സ്വപ്നത്തിനനുസൃതമായി അവന്‍ അധ്വാനിക്കുന്നു. അവന്റെ ഹൃദയവും ശരീരവും വികാരവും വിചാരവും ഒരുപോലെ നീങ്ങുന്നു. അവന്റെ നിശ്ചയദാര്‍ഢ്യങ്ങള്‍ക്കുമുമ്പില്‍ രാത്രികള്‍ പകലായി മാറുന്നു. അസാധ്യമെന്നും പ്രയാസമെന്നും പറഞ്ഞു പലരും പിന്തിരിക്കുന്ന കടമ്പകള്‍ അവന്‍ ശ്രമകരമായി കടക്കുന്നു. കാരണം അവനൊരു സ്വപ്നം ഉണ്ട്. അലസനു സ്വപ്നങ്ങളോ അതു നിറവേറ്റാന്‍ വഴികളോ ഇല്ല. ജീവിതം മുഴുവന്‍ കളകള്‍ നിറഞ്ഞിരിക്കുന്ന ഒരവസ്ഥ. മുള്ളുകള്‍ നിറഞ്ഞ പ്രതലംപോലെ അപകടകരവും, പാറ നിറഞ്ഞ പ്രതലംപോലെ കഠിനവും വഴിയരികുപോലെ സ്വന്ത-ബന്ധങ്ങള്‍ ഇല്ലാത്തതുമായ ഒരു ജീവിതം അവനിലെ അലസതയുടെ ബഹിര്‍സ്ഫുരണമാണ്.


അലസനു തീര്‍ഥാടകനായി മാറാം, പക്ഷേ അവന്‍ അധ്വാനിക്കാന്‍ പഠിക്കണം. അഥവാ തന്റെ മനസിനെ അവന്‍ പാകപ്പെടുത്തി എടുക്കണം. കാരണം തീര്‍ഥാടനവും അലസതയും ചേരാത്ത യാഥാര്‍ഥ്യങ്ങളാണ്. തീര്‍ഥാടകന്‍ അവന്റെ പൂര്‍ണതയിലെത്താന്‍ അലസതയെന്ന സാഗരത്തെ പിന്നിട്ടേ പറ്റൂ. വ്രതനാളുകളിലെ തീര്‍ഥാടനം വളരെ ഉന്മേഷത്തോടെ ആരംഭിച്ച് ഇടയ്ക്കെവിടെയോ അലസതയില്‍ കുടുങ്ങിപ്പോകുന്നവരുണ്ട്. തീര്‍ഥാടകന്റെ സ്വപ്നം ദൈവമുഖദര്‍ശനമാണ്.

അലസതയുണ്ടായിരുന്ന കന്യകമാര്‍ക്കു മണവാളനെ എതിരേല്‍ക്കാന്‍ കഴിഞ്ഞില്ല എന്ന് ഉപമയിലൂടെ ക്രിസ്തു മനുഷ്യകുലത്തിനു മുമ്പില്‍ വരച്ചുകാട്ടിയിട്ടുണ്ട്. അലസന്റെ മനസില്‍ പിശാച് കൂടുകെട്ടുമെന്നും അതു പിശാചിന്റെ പണിപ്പുരയാകുമെന്നും നാം കേട്ടിട്ടുണ്ട്. അധ്വാനിയാവാതെ അന്വേഷണമില്ല. അന്വേഷണമില്ലാതെ കണ്െടത്തലില്ല. ചോദിക്കാനും അന്വേഷിക്കാനും മുട്ടാനും മനുഷ്യനെ പ്രേരിപ്പിക്കുന്ന ദൈവമുമ്പില്‍ തീര്‍ഥാടനം നിരന്തരമായ ചോദ്യത്തിന്റെയും അന്വേഷണത്തിന്റെയും വാതിലില്‍ മുട്ടുന്നതിന്റെയും നാള്‍വഴികളാണ്.

അലസത വെടിയണം. ചോദിക്കാതെ ലഭിക്കില്ല എന്നതു തിരിച്ചറിയണം. അധ്വാനിക്കാതെ ലോട്ടറി ടിക്കറ്റെടുത്തു ഭാഗ്യം കാത്തിരിക്കുന്നവനും അധ്വാനിക്കാതെ എളുപ്പവഴിയില്‍ സമ്പത്തുണ്ടാക്കാന്‍ ശ്രമിക്കുന്നവനും നെറ്റിയിലെ വിയര്‍പ്പില്ലാതെ അപ്പം ഭക്ഷിക്കുന്നവനും ദൈവരാജ്യത്തിനു യോജിച്ചവനാകുന്നില്ല. കാരണം ഭൂമിയില്‍ അവന്‍ ഒരു നാളിലും തീര്‍ഥാടകന്‍ ആയിരുന്നില്ല. അലസത എന്ന കുപ്പായത്തെ വലിച്ചുകീറുക, അധ്വാനിയാവുക, തീര്‍ഥാടകനാകുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.