മുഖപ്രസംഗം: പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ; പ്രത്യാശ കൈവിടാതെ
Monday, March 2, 2015 11:37 PM IST
കോര്‍പറേറ്റുകള്‍ക്കും സാധാരണക്കാര്‍ക്കും അനുകൂലമായ പ്രഖ്യാപനങ്ങളേറെയുണ്െടങ്കിലും പ്രതീക്ഷകള്‍ക്കൊപ്പം ഉയരാത്ത ബജറ്റ്. ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ഇന്നലെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച മോദി സര്‍ക്കാരിന്റെ പ്രഥമ സമ്പൂര്‍ണ ബജറ്റിനെക്കുറിച്ചുള്ള പൊതു വിലയിരുത്തല്‍ ഇതാകും. സാമ്പത്തികരംഗത്തു നിര്‍ണായക കുതിപ്പിനുള്ള നിര്‍ദേശങ്ങളോ പദ്ധതികളോ കാര്യമായൊന്നും പറയാനില്ലാത്ത ബജറ്റ്. ബജറ്റ് നിര്‍ദേശങ്ങള്‍ കേരളത്തെ സംബന്ധിച്ചിടത്തോളം തികച്ചും നിരാശാജനകമായി. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഓള്‍ ഇന്ത്യ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്(എയിംസ്) കേരളത്തിനു കിട്ടില്ലെന്ന് ഏതാണ്ടുറപ്പായി. ഇതിനായി മൂന്നുനാലിടങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥലം നോക്കിവച്ചിരുന്നു. റബര്‍ ഉള്‍പ്പെടെ കടുത്ത ഭീഷണി നേരിടുന്ന കാര്‍ഷികമേഖലയ്ക്കും ആശ്വാസം പകരുന്നതൊന്നുമില്ല. എങ്കിലും ഭിന്നശേഷിയുള്ളവരുടെ പ്രതീക്ഷയ്ക്കു ചിറകു നല്‍കുന്ന പ്രഖ്യാപനമാണ് 'നിഷി'ന് സര്‍വകലാശാലാ പദവി നല്‍കാനുള്ള തീരുമാനം.

തൊഴിലുറപ്പ്, നിര്‍ഭയ പോലെ മുന്‍ യുപിഎ സര്‍ക്കാരിന്റെ പല പദ്ധതികളും അതേപടി തുടരുന്നതിലൂടെ ജനകീയ പദ്ധതികള്‍ നിലനിര്‍ത്തുന്നതിനുള്ള ആര്‍ജവവും പുതിയ സര്‍ക്കാര്‍ കാട്ടിയിട്ടുണ്ട്. സാമ്പത്തികനയത്തില്‍ നിലവിലുള്ള പാതതന്നെ തുടരുമെന്ന സൂചന ബജറ്റില്‍ വ്യക്തമാണ്. നിര്‍ഭയ പദ്ധതിക്ക് ആയിരം കോടി രൂപ അധികം അനുവദിച്ചത് സ്ത്രീസുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ സഹായകമാകും. കോര്‍പറേറ്റുകളെ തൃപ്തിപ്പെടുത്തുന്ന പല നിര്‍ദേശങ്ങളും മുന്നോട്ടു വയ്ക്കുമ്പോള്‍ വികസനത്തിനു മൂലധനം കണ്െടത്താന്‍ സ്വകാര്യനിക്ഷേപം അനിവാര്യമാണെന്ന ന്യായമാണു നിരത്തുന്നത്.

ആദായനികുതി പരിധിയില്‍ വര്‍ധനയുണ്ടാകുമെന്ന് പരക്കേ കരുതിയിരുന്നുവെങ്കിലും അതുണ്ടായില്ല. എന്നാല്‍, നികുതി ഇളവുകളുടെ പരിധി ഉയര്‍ത്തിയത് ഇടത്തരം വരുമാനക്കാര്‍ക്ക്, വിശിഷ്യ സ്ഥിരവരുമാനക്കാരായ ഉദ്യോഗസ്ഥര്‍ക്കു സഹായകമാകും. 4.40 ലക്ഷം രൂപ വരെയുള്ള ചെലവുകള്‍ക്കും സമ്പാദ്യങ്ങള്‍ക്കും ആദായനികുതി ഒഴിവു ലഭ്യമാകുന്ന വിധത്തിലാണു വ്യവസ്ഥകള്‍. കോര്‍പറേറ്റ് നികുതിയില്‍ അഞ്ചു ശതമാനം ഇളവു പ്രഖ്യാപിച്ചത് വന്‍കിടക്കാരെ സഹായിക്കാനാണെന്ന ആക്ഷേപം ഉയരുമ്പോള്‍ അതിസമ്പന്നര്‍ക്ക് അധികനികുതി ഏര്‍പ്പെടുത്തി ഇതിനു തടയിടാന്‍ ജയ്റ്റ്ലി ശ്രമിച്ചു.

2022ല്‍ എല്ലാവര്‍ക്കും വീടും വൈദ്യുതിയും, ഒരു ലക്ഷം കിലോമീറ്റര്‍ പുതിയ റോഡ്, അഞ്ചു കിലോമീറ്ററിനുള്ളില്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ തുടങ്ങി ആകര്‍ഷകമായ പല പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്. പന്ത്രണ്ടു രൂപ പ്രീമിയത്തില്‍ ഏര്‍പ്പെടുത്തുന്ന രണ്ടു ലക്ഷം രൂപയുടെ സാര്‍വത്രിക അപകട ഇന്‍ഷ്വറന്‍സ് സാധാരണക്കാര്‍ക്കു വലിയ ആശ്വാസമായി അനുഭവപ്പെടും. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി ആറു കോടി ടോയ്ലെറ്റുകള്‍ നിര്‍മിക്കാനും ഇരുപതിനായിരം ഗ്രാമങ്ങളില്‍ സൌരോര്‍ജ പദ്ധതി ഏര്‍പ്പെടുത്താനുമുള്ള പ്രഖ്യാപനവും ഗ്രാമീണ മേഖലയുടെ പുരോഗതിക്കു മുതല്‍ക്കൂട്ടാകേണ്ടതാണ്. സബ്സിഡികള്‍ കുറച്ചുകൊണ്ടുവരാനും ആനുകൂല്യങ്ങള്‍ ബാങ്കുകളിലൂടെ നല്‍കാനുമുള്ള മുന്‍ സര്‍ക്കാരിന്റെ നയം തന്നെയാണു മോദി സര്‍ക്കാരും പിന്തുടരുന്നതെന്നു ബജറ്റ് നിര്‍ദേശങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഒരുവിധത്തിലുമുള്ള ഇന്‍ഷ്വറന്‍സ് പരിരക്ഷയുമില്ലാതെയാണു കഴിയുന്നതെന്നും വരുംതലമുറയ്ക്കു പെന്‍ഷന്‍ ആനുകൂല്യം നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളതെന്നും വ്യക്തമാക്കുന്ന ധനമന്ത്രി അതിനുള്ള മറുമരുന്നുകള്‍ വ്യക്തമായി നിര്‍ദേശിക്കുന്നില്ല.


കള്ളപ്പണവുമായി ബന്ധപ്പെട്ട കാര്യത്തില്‍ കൂടുതല്‍ കര്‍ശനമായ നിലപാടു സ്വീകരിക്കുമെന്നു ബജറ്റില്‍ പറയുന്നുണ്െടങ്കിലും മോദി സര്‍ക്കാരിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇക്കാര്യത്തില്‍ പ്രതീക്ഷയ്ക്കു വക നല്‍കുന്നതല്ല. പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ കള്ളപ്പണ ബില്‍ കൊണ്ടുവരും. വിദേശ ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ചവരെയെല്ലാം പിടികൂടുമെന്ന തെരഞ്ഞെടുപ്പു വാഗ്ദാനം പാലിക്കാന്‍ എത്രമാത്രം സാധിച്ചുവെന്നത് ഇത്തരം പ്രഖ്യാപനങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നു.

സേവനനികുതി നിരക്കിലുണ്ടായിട്ടുള്ള വര്‍ധന വിവിധ സേവനങ്ങള്‍ക്കുള്ള ചെലവു വര്‍ധിപ്പിക്കും. എങ്കിലും കാര്‍ഷികോത്പന്നങ്ങള്‍ വാഹനങ്ങളില്‍ കൊണ്ടുപോകുന്നതു സേവനനികുതിയില്‍നിന്നൊഴിവാക്കിയിട്ടുണ്ട്. ചെറുകിട കര്‍ഷകര്‍ക്കു വായ്പ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയും പ്രയോജനപ്രദമാണ്. കാര്‍ഷികമേഖലയുടെ വികസനത്തിനായി ഇരുപതിനായിരം കോടി രൂപയുടെ ഫണ്ട് നബാര്‍ഡ് വഴി നല്‍കുമെന്ന പ്രഖ്യാപനം കര്‍ഷകര്‍ക്കു പ്രതീക്ഷ നല്‍കുന്നു.

ചെറുകിട സംരംഭകരെയും ഐടി രംഗത്ത് സ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവരെയും സഹായിക്കാന്‍ ആരംഭിക്കുന്ന പദ്ധതികള്‍ ഗ്രാമീണരെയും യുവജനങ്ങളെയും സഹായിക്കും. അടിസ്ഥാനസൌകര്യ മേഖലയില്‍ അടുത്തവര്‍ഷം എഴുപതിനായിരം കോടി രൂപയുടെ നിക്ഷേപം നടത്താനാണു ലക്ഷ്യമിടുന്നത്. വളര്‍ച്ചാസ്വപ്നങ്ങള്‍ക്കനുസൃതമായ അടിസ്ഥാനസൌകര്യങ്ങള്‍ നിലവിലില്ലെന്ന വസ്തുത ധനമന്ത്രി അംഗീകരിക്കുന്നുണ്ട്. വ്യവസായമേഖലയുടെ പുനരുദ്ധാരണം ലക്ഷ്യമിടുമ്പോഴും അതിനനുസൃതമായ വ്യക്തമായ പദ്ധതികള്‍ ഏറെയില്ലെന്നതു ചൂണ്ടിക്കാണിക്കപ്പെടുന്നു.

കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായ ബജറ്റ് എന്നു പ്രതിപക്ഷം ആരോപിക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് സമാശ്വാസം നല്‍കുന്നതും രാജ്യത്തിന്റെ വികസനത്തിന് ഊന്നല്‍ നല്‍കുന്നതുമാണു പ്രഖ്യാപനങ്ങളെന്നു ഭരണപക്ഷം പറയുന്നു. യാഥാര്‍ഥ്യം ഇതിനു രണ്ടിലും മധ്യേയാവും. രാജ്യത്തിന്റെ സമഗ്രമായ വളര്‍ച്ചയ്ക്ക് അനുപേക്ഷണീയമായ സാമ്പത്തിക നയങ്ങളുടെ അഭാവം നിലനില്‍ക്കുന്നുവെന്നതാണു യാഥാര്‍ഥ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.