രാഷ്ട്രദീപിക കമ്പനിയുടെ 25-ാം വാര്‍ഷികാഘോഷം ഏഴിനു കോട്ടയത്ത്
Monday, March 2, 2015 12:16 AM IST
കോട്ടയം: രാഷ്ട്രദീപിക കമ്പനിയുടെ 25-ാം വാര്‍ഷികവും മലയാളത്തിലെ പ്രഥമ ദിനപത്രമായ ദീപികയുടെ 128-ാം വാര്‍ഷികവും സംയുക്തമായി ഏഴിനു കോട്ടയത്ത് ആഘോഷിക്കും. മാമ്മന്‍ മാപ്പിള ഹാളില്‍ ഏഴിന് ഉച്ചകഴിഞ്ഞു 3.30നു നടക്കുന്ന സമ്മേളനം ഗവര്‍ണര്‍ ജസ്റീസ് പി. സദാശിവം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അധ്യക്ഷത വഹിക്കും.

ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ.എം. മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, രാഷ്ട്രദീപിക ലിമിറ്റഡ് സിഎംഡി മോണ്‍. മാത്യു എം. ചാലില്‍, ചീഫ് എഡിറ്റര്‍ ഫാ. ബോബി അലക്സ് മണ്ണംപ്ളാക്കല്‍, ജോസ് കെ. മാണി എംപി, കെ. സുരേഷ്കുറുപ്പ് എംഎല്‍എ എന്നിവര്‍ പ്രസംഗിക്കും. എന്‍ആര്‍ഐ ബിസിനസ് പ്രതിഭയും ഖത്തര്‍ ആസ്ഥാനമായ ബഹ്സാദ് കമ്പനി സിഎംഡിയുമായ പദ്മശ്രീ സി.കെ. മേനോനെ രാഷ്ട്രദീപിക ഗ്ളോബല്‍ എന്റര്‍പ്രണര്‍ എക്സലന്‍സ് അവാര്‍ഡ് നല്കി ഗവര്‍ണര്‍ ജസ്റീസ് പി. സദാശിവം ആദരിക്കും.

1887 ഏപ്രില്‍ 15-നാണു നിധീരിക്കല്‍ മാണിക്കത്തനാര്‍ പത്രാധിപരായി നസ്രാണി ദീപിക പത്രം പ്രസിദ്ധീകരണം ആരംഭിച്ചത്. 1939-ല്‍ പത്രത്തിന്റെ പേരു ദീപിക എന്നു പരിഷ്കരിച്ചു. ഒന്നേകാല്‍ നൂറ്റാണ്ടിലേറെയായി മൂല്യാധിഷ്ഠിത മാധ്യമപ്രവര്‍ത്തനം നടത്തുന്ന ദീപികയുടെ പ്രസാധനത്തിനും നടത്തിപ്പിനും ഒരു നൂറ്റാണ്േടാളം നേതൃത്വം നല്കിയത് സിഎംഐ സന്യാസസഭയാണ്. 1989-ല്‍ രാഷ്ട്രദീപിക ലിമിറ്റഡ് എന്ന പേരില്‍ രൂപീകൃതമായ കമ്പനി പത്രത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തു.


ദീപിക ദിനപത്രത്തിന് ഇപ്പോള്‍ കോട്ടയം, തൃശൂര്‍, കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നീ ആറ് എഡിഷനുകളുണ്ട്. രാഷ്ട്രദീപിക സായാഹ്ന ദിനപത്രം കോട്ടയം, തൃശൂര്‍, കണ്ണൂര്‍, കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കൊല്ലം എന്നിങ്ങനെ ഒമ്പത് എഡിഷനുകളില്‍ പ്രസിദ്ധീകരിക്കുന്നു. കുട്ടികളുടെ ദീപിക, കര്‍ഷകന്‍, സ്ത്രീധനം, ബിസിനസ് ദീപിക, രാഷ്ട്രദീപിക സിനിമ, ചില്‍ഡ്രന്‍സ് ഡൈജസ്റ് എന്നിവ രാഷ്ട്രദീപിക കമ്പനിയുടെ ഇതര പ്രസിദ്ധീകരണങ്ങളാണ്.

മലയാളത്തിലെ പ്രഥമ ഇന്റര്‍നെറ്റ് പത്രമായ ദീപിക ഡോട്ട് കോം 1997-ല്‍ ആരംഭിച്ചു. അടുത്തിടെ ആരംഭിച്ച രാഷ്ട്രദീപിക ഡോട്ട് കോം ഇന്റര്‍നെറ്റ് എഡിഷനും ആഗോളതലത്തില്‍ പ്രചാരത്തില്‍ ഏറെ മുന്നിലാണ്. ധാര്‍മികതയിലും സാമൂഹിക പ്രതിബദ്ധതയിലും അധിഷ്ഠിതമായ പത്രപ്രവര്‍ത്തനമാണു ദീപികയുടെ മുഖമുദ്രയെന്നു രാഷ്ട്രദീപിക ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ചെറിയാന്‍ താഴമണും ചീഫ് ജനറല്‍ മാനേജര്‍ മാത്യു ജേക്കബും പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.