ചെവി തുറന്നുവയ്ക്കുക
ചെവി തുറന്നുവയ്ക്കുക
Monday, March 2, 2015 12:17 AM IST
തീര്‍ത്ഥാടനം / ഫാ. ജേക്കബ് കോയിപ്പള്ളി-15

ഏതാണ്ട് 20 വര്‍ഷം മുമ്പുള്ള മനുഷ്യനും ഇന്നത്തെ മനുഷ്യനും തമ്മില്‍ കാഴ്ചയില്‍ ഏറ്റവും വലിയ വ്യത്യാസമെന്താണ്? കുറെയേറെ വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കും. പക്ഷേ പ്രകടമായ ഒരു വ്യത്യാസം ഈ കാലഘട്ടത്തിലെ മനുഷ്യന്റെ രണ്ടു ചെവികളും അടഞ്ഞിരിക്കുന്നു എന്നുള്ളതാണ്. ഇയര്‍ ഫോണുകളുടെ അമിതോപയോഗംമൂലം എത്രയോ മനുഷ്യര്‍ അപകടങ്ങള്‍ക്കിരയായിട്ടുണ്ട്. ആരെയും ഒന്നിനെയും കേള്‍ക്കാതെ ഓടുന്ന മനുഷ്യന്റെ ചിത്രമാണത്.

ഏദന്‍തോട്ടത്തില്‍ ഒരു ഒളിച്ചോടല്‍ നടന്നിരുന്നു. ദൈവം വരുമെന്നും വിളിക്കുമെന്നും അറിയാമായിരുന്ന ദമ്പതിമാര്‍ അവനു തങ്ങളെ കാണാനും അവന്‍ വിളിച്ചാല്‍ കേള്‍ക്കാതിരിക്കാനും പാകത്തില്‍ ദൂരങ്ങളില്‍പോയി നിന്നു. ഇന്നും മനുഷ്യര്‍ ഓടുകയാണ്. ചെവിയില്‍ എപ്പോഴും എല്ലാം തിരുകിയിരിക്കുന്നതു സംഗീതം ആസ്വദിക്കാനോ മറ്റുള്ളവര്‍ക്കുവേണ്ടി എപ്പോഴും തുറന്ന ചെവി വിട്ടുകൊടുക്കാനോ ഉളള ആഗ്രഹംകൊണ്ടാണോ? ഒരിക്കലുമല്ല. അതു തന്നോടുതന്നെയുള്ള ഇഷ്ടത്തിന്റെ, സ്വാര്‍ഥതയുടെ പ്രതീകമാണ്. പുറമേയുള്ള ഒന്നിനേയും ശ്രദ്ധിക്കാതിരിക്കുകയോ, ശ്രദ്ധിക്കാന്‍ സമയമില്ലാതാവുകയോ എന്നത് ഒരു മനുഷ്യനു നടന്നു പ്രവേശിക്കാവുന്ന ഏറ്റവും മോശമായ അവസ്ഥയാണ്. അവന്‍ അവനെ മറ്റുള്ളവരില്‍നിന്നു സ്വയം അടര്‍ത്തിമാറ്റി തനിച്ചു നടക്കുന്നതിന്റെ അടയാളമാണത്.

കേള്‍ക്കാനും ശ്രദ്ധിക്കാനും തുടങ്ങുമ്പോള്‍ നാം സമയം കൊടുക്കേണ്ടിവരും. ചിലതൊക്കെ നമുക്കു നഷ്ടമായെന്നും വരും. ഈ നഷ്ടങ്ങള്‍ക്കു തയാറാകാത്തവന്‍ തന്റെ ചെവികള്‍ കൊട്ടിയടയ്ക്കുന്നു. അടുത്തിരിക്കുന്നവന്റെ കരച്ചില്‍ കേള്‍ക്കാനാവാത്തവണ്ണം ചെവിയില്‍ സംഗീതം പൊടിപൊടിക്കുമ്പോള്‍, അടുത്ത റൂമിലെ ദീനരോദനം കേള്‍ക്കാനാവാത്തവിധം എന്റെ വാതില്‍ ചേര്‍ത്തടയ്ക്കുമ്പോള്‍ അവന്‍ മനുഷ്യനല്ലാതായി മാറുകയാണ്. ഗ്രാമങ്ങള്‍ മുഴുവന്‍ ചുറ്റിസഞ്ചരിച്ചു പഠിപ്പിച്ച ക്രിസ്തുവിനെത്തേടി അതിരാവിലെ മുതല്‍ത്തന്നെ ജനസഞ്ചയങ്ങള്‍ എത്തുമായിരുന്നു. അവന്റെ അടുത്തുനിന്നു പോകാന്‍ അവര്‍ക്കു മടിയായിരുന്നു. അവന് അവരോട് അലിവുതോന്നി. കാരണം അവര്‍ ഇടയനില്ലാത്ത ആടുകളെപ്പോലെയായിരുന്നു. ഈ വിവരണങ്ങള്‍ മറ്റുള്ളവരെ സദാ കേള്‍ക്കാന്‍ സന്നദ്ധനായി ജീവിച്ച ദൈവപുത്രനെയാണു കാട്ടിത്തരുക.


തീര്‍ഥാടകന്റെ ചെവി തുറന്നിരിക്കണം. തന്റെ വ്രതനാളുകള്‍ ഓടിത്തീര്‍ക്കുന്ന വ്യഗ്രതയല്ല വേണ്ടത്. ഓരോ ചെറിയ രോദനം കേള്‍ക്കാന്‍ എന്നവണ്ണം അവന്റെ കണ്ണും കാതും തുറന്നിരിക്കണം. ആരും സ്വന്തമായി തന്റെ മാത്രം ജീവിതം അര്‍പ്പിച്ചു ഭക്തനാവുന്നില്ല. മറിച്ചു നമ്മുടെ ജീവിതം അനേക ജീവിതങ്ങളോടു ബന്ധപ്പെട്ടിരിക്കുന്നതിനാല്‍, അവരുടെയൊക്കെ രോദനങ്ങള്‍കൂടി അര്‍പ്പിക്കുമ്പോഴാണ് യഥാര്‍ഥ തീര്‍ഥാടനം തുടങ്ങുക. നീ കേള്‍ക്കേണ്ടവര്‍ നിനക്കു ചുറ്റിലുമുണ്ട്. അവരെ അവഗണിച്ചു ചെയ്യുന്നതായ യാത്രകളും തിരക്കുകളും നിര്‍ത്തുക. അവരുടെ അടുത്തേക്കു ചെല്ലുക.

ഭക്തരേ, നിങ്ങള്‍ നിങ്ങളുടെ അപ്പനും അമ്മയ്ക്കും ജീവിതപങ്കാളിക്കും മക്കള്‍ക്കും അയല്‍വാസികള്‍ക്കും ദരിദ്രര്‍ക്കും ആവശ്യക്കാര്‍ക്കും പറയാനുള്ളതു കേള്‍ക്കുക - തീര്‍ഥാടകനാകാന്‍ അത് അനിവാര്യമാണ്. ആരെയും കേള്‍ക്കാന്‍ സമയമില്ലാവനെ ദൈവം കേള്‍ക്കുമെന്നു കരുതുന്നുവോ?
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.