കേന്ദ്ര ബജറ്റിലെ ചെലവു കുറഞ്ഞ വീട്; ആശയം മലയാളി ഉദ്യോഗസ്ഥന്റേത്
കേന്ദ്ര ബജറ്റിലെ ചെലവു കുറഞ്ഞ വീട്; ആശയം മലയാളി ഉദ്യോഗസ്ഥന്റേത്
Monday, March 2, 2015 12:20 AM IST
കൊച്ചി: ധനമന്ത്രി അരുണ്‍ ജയ്റ്റലി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റില്‍ രാജ്യത്തെ ആറ് കോടി കുടുംബങ്ങള്‍ക്കു ചെലവു കുറഞ്ഞ വീട് 2022 ഓടെ സാധ്യമാക്കുമെന്ന പരാമര്‍ശത്തിനു പിന്നില്‍ മലയാളി ഉദ്യോഗസ്ഥന്റെ ആശയം. രാജ്യത്തു നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഭവന പദ്ധതിക്കു കേന്ദ്രസര്‍ക്കാര്‍ കടപ്പെട്ടിരിക്കുന്നതു മലയാളി ഉദ്യോഗസ്ഥനായ സി.വി. ആനന്ദബോസിനോടും കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിര്‍മിതി കേന്ദ്രത്തോടുമാണ്.

ലോകപ്രശസ്തി നേടിയ നിര്‍മിതി പദ്ധതിയുടെ സൂത്രധാരനായ സി.വി. ആനന്ദബോസിനെ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് നാലിനു നരേന്ദ്രമോദി ഡല്‍ഹിയിലേക്കു കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ചു. അന്നു മോദി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായിരുന്നു. കൂടിക്കാഴ്ചയില്‍ പ്രധാനമായും ചര്‍ച്ച ചെയ്തതു കേരളത്തില്‍ ആനന്ദബോസിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയിരുന്ന നിര്‍മിതി മാതൃകയിലുള്ള ഭവനപദ്ധതിയെക്കുറിച്ചായിരുന്നു. ബിജെപി അധികാരത്തിലെത്തിയാല്‍ ഈ പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുമെന്നു മോദി അന്നു വ്യക്തമാക്കിയിരുന്നതായി ആനന്ദബോസ് ദീപികയോടു പറഞ്ഞു.

ബിജെപി സര്‍ക്കാരിന്റെ അഭിമാനപദ്ധതിയായിട്ടാണു ഭവനപദ്ധതിയെ കണക്കാക്കുന്നത്. പദ്ധതിയെക്കുറിച്ചു വിശദമായി ചര്‍ച്ച ചെയ്യുന്നതിനും നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനുംവേണ്ടി ഭവന, ദാരിദ്യ്രനിര്‍മാര്‍ജന വകുപ്പ് മന്ത്രി വെങ്കയ്യ നായിഡുവും കേന്ദ്ര ഹൌസിംഗ് സെക്രട്ടറി ഡോ. നന്ദിതാ ചാറ്റര്‍ജിയും ആനന്ദബോസുമായി ബജറ്റവതരണത്തിനു കുറച്ചുനാള്‍ മുമ്പു കൂടിക്കാഴ്ച നടത്തുകയുണ്ടായി. ബജറ്റില്‍ 2015-2016 വര്‍ഷത്തിലേക്ക് 22,407 കോടി രൂപ ഇതിനായി സര്‍ക്കാര്‍ നീക്കിവച്ചിട്ടുണ്ട്. രാജ്യം സ്വാതന്ത്യ്രത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന 2022ല്‍ നഗരപ്രദേശങ്ങളില്‍ രണ്ടു കോടി വീടുകളും ഗ്രാമപ്രദേശങ്ങളില്‍ നാലു കോടി വീടുകളും നിര്‍മിക്കാനാണു കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് അരുണ്‍ ജയ്റ്റ്ലി വ്യക്തമാക്കുന്നു. 1985ല്‍ കൊല്ലം ജില്ലാ കളക്ടറായിരുന്ന സി.വി. ആനന്ദബോസാണു നിര്‍മിതി കേന്ദ്രത്തിനു തുടക്കമിട്ടത്. നിര്‍മിതി കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തിനകത്തും പുറത്തും ചെലവു കുറഞ്ഞതും പരിസ്ഥിതി സൌഹൃദവുമായ വീടുകള്‍ നിര്‍മിച്ചു നല്കിയിരുന്നത് ഏറെ ശ്രദ്ധനേടുകയും ചെയ്തു.


1993ല്‍ കെനിയയിലെ നെയ്റോബിയില്‍ നടന്ന യുണൈറ്റഡ് നേഷന്‍സ് കമ്മീഷന്‍ ഓണ്‍ ഹ്യൂമണ്‍ സെറ്റില്‍മെന്റ്സ്(യുഎന്‍സിഎച്ച്എസ്) 14-ാം സമ്മേളനത്തില്‍ നിര്‍മിതി മാതൃകയിലുള്ള ഭവനനിര്‍മാണത്തിന്റെ പ്രാധാന്യം പ്രത്യേക പരാമര്‍ശം നേടിയിരുന്നു. തുടര്‍ന്നു 1996ല്‍ ടര്‍ക്കിയിലെ ഇസ്താംബുളില്‍ നടന്ന യുഎന്‍സിഎച്ച്എസിന്റെ സമ്മേളനത്തില്‍ നിര്‍മിത മാതൃകയിലുള്ള ഭവനനിര്‍മാണം ഗ്ളോബല്‍ ബെസ്റ് പ്രാക്ടീസായി തെരഞ്ഞെടുക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.