ആറന്മുള വിമാനത്താവളം യാഥാര്‍ഥ്യമാകില്ലെന്നു വി. മുരളീധരന്‍
ആറന്മുള വിമാനത്താവളം യാഥാര്‍ഥ്യമാകില്ലെന്നു വി. മുരളീധരന്‍
Monday, March 2, 2015 12:24 AM IST
തിരുവനന്തപുരം: ആറന്മുള വിമാനത്താവളം ഒരു കാരണവശാലും യാഥാര്‍ഥ്യമാകില്ലെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍. ആറന്മുള വിമാനത്താവളം യാഥാര്‍ഥ്യമാകുമെന്നു പ്രതീക്ഷിക്കുന്ന ചിലരുണ്ട്. അവരുടെ ആഗ്രഹം തത്കാലം ചിറകു മടക്കിവയ്ക്കുകയാണു പോംവഴിയെന്നും തിരുവനന്തപുരത്തു മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സര്‍വെയിലെ ആറന്മുള വിമാനത്താവളത്തെക്കുറിച്ചുള്ള പരാമര്‍ശം നയപരമായ പ്രഖ്യാപനമല്ല. ആറന്മുള വിമാനത്താവളം സംബന്ധിച്ച ബിജെപി നിലപാടില്‍ ഒരിഞ്ചുപോലും പിന്നോട്ടുപോയിട്ടില്ല. ആറന്മുളയിലെ പ്രശ്നം അവിടത്തെ പാരിസ്ഥിതിക പ്രശ്നമാണ്. പരിസ്ഥിതി മന്ത്രാലയമാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്.


പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ വിമാനത്താവള പദ്ധതിയുമായി വ്യോമയാന മന്ത്രാലയത്തിനു മുന്നോട്ടു പോകാനാവില്ല. ആറന്മുള വിമാനത്താവളത്തിനു പാരിസ്ഥിതിക അനുമതി സംബന്ധിച്ച അപേക്ഷ തള്ളിക്കളഞ്ഞതിനെ സംബന്ധിച്ചു തുടര്‍നടപടി എടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണു കേന്ദ്രത്തിന്റെ തീരുമാനം. പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ ഇക്കാര്യം ബിജെപി സംസ്ഥാന ഘടകത്തെ അറിയിച്ചിരുന്നതായും മുരളീധരന്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.