സിപിഎം സംസ്ഥാന സമിതി ഇന്ന്; വി.എസ് പങ്കെടുക്കില്ല
സിപിഎം സംസ്ഥാന സമിതി ഇന്ന്; വി.എസ് പങ്കെടുക്കില്ല
Monday, March 2, 2015 12:02 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായതിനു ശേഷമുള്ള ആദ്യ സംസ്ഥാന കമ്മിറ്റി യോഗം ഇന്നും നാളെയുമായി ചേരും. എന്നാല്‍, പാര്‍ട്ടിയുമായി കലഹിച്ചുനില്‍ക്കുന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കില്ല. സിപിഎം രൂപീകരണത്തിനു ശേഷം ഇതാദ്യമായാണു വി.എസ് അംഗമല്ലാതെ സംസ്ഥാന സമിതി യോഗം ചേരുന്നത്.

ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനത്തെക്കുറിച്ചുള്ള പരിശോധനയാണു യോഗത്തിലെ പ്രധാന അജന്‍ഡ. സമ്മേളനം പാതിവഴിയില്‍ ഉപേക്ഷിച്ച് ആലപ്പുഴയില്‍നിന്നു പ്രതിഷേധവുമായി തിരുവനന്തപുരത്തേക്കു മടങ്ങിയ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ നടപടി സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും. സിപിഎം സംസ്ഥാന സമിതിയില്‍നിന്നു വി.എസിനെ ഒഴിവാക്കിയിരുന്നു. എന്നാല്‍, പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗമായതിനാല്‍ അദ്ദേഹത്തിനു സംസ്ഥാന സമിതിയില്‍ പങ്കെടുക്കാവുന്നതാണ്.

ആലപ്പുഴ സമ്മേളനത്തിനു മണിക്കൂറുകള്‍ക്കു മുമ്പ് അച്യുതാനന്ദന്‍ കേന്ദ്ര കമ്മിറ്റിക്കു നല്‍കിയ കത്ത് ചോര്‍ന്നതിന്റെ പേരില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നു വി.എസിനെതിരേ പ്രമേയം പാസാക്കുകയും പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ അതു പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. പ്രമേയത്തില്‍ വി.എസ് പാര്‍ട്ടിവിരുദ്ധനാണെന്നും ഫാസിസ്റ് മനോഭാവമുള്ള ആളാണെന്നും കുറ്റപ്പെടുത്തി. ഇതില്‍ പ്രതിഷേധിച്ചാണു പാര്‍ട്ടിയെ വെല്ലുവിളിച്ച് അച്യുതാനന്ദന്‍ സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയത്.


വി.എസിന്റെ കത്ത് പോളിറ്റ്ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും ചര്‍ച്ച ചെയ്യുമെന്നു സംപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര കമ്മിറ്റിയുടെ തീരുമാനത്തിനുശേഷം കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് വി.എസും പറഞ്ഞിരിന്നു.

നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രി കെ.എം. മാണിയെ അനുവദിക്കില്ലെന്നു പ്രതിപക്ഷം പറഞ്ഞിട്ടുണ്ട്. വി.എസ് പ്രതിപക്ഷ നേതാവായി തുടരുമെന്നും അദ്ദേഹംതന്നെ സമരത്തിനു നേതൃത്വം വഹിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ നേരത്തേ അറിയിച്ചിരുന്നു. അതുകൊണ്ടു വി.എസിനെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നുള്ള ആവശ്യം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഉണ്ടാകാനിടയില്ല.

ഈ മാസം ആറിനാണ് എല്‍ഡിഎഫ് സംസ്ഥാന സമിതി യോഗം. മാണിക്കെതിരേയുള്ള പ്രക്ഷോഭം സംബന്ധിച്ച് അന്നു യോഗം തീരുമാനമെടുക്കും. എല്‍ഡിഎഫ് യോഗത്തില്‍ വി.എസ് പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.